താൾ:Ramarajabahadoor.djvu/292

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്കപ്പെടുന്നതിനായി ബന്ധിക്കപ്പെട്ടു. പ്രാണരക്ഷ കരുതി മണ്ടിത്തുടങ്ങിയ ഭീരുക്കളുടെ കഥ കഷ്ടതമമായിക്കഴിഞ്ഞു. ഭയങ്കരന്മാരായ ശ്വാക്കൾ പിൻകഴുത്തുകളിലുംമറ്റും കടിയിട്ടു ദംഷ്ടങ്ങളെ ഉറപ്പിച്ച് അവരുടെ ശരീരങ്ങളിൽനിന്ന് ജീവന്റെ നിർഗ്ഗമനത്തിന് നിരവധി ദ്വാരങ്ങൾ സൃഷ്ടിച്ചു.

ശ്വാക്കളാലും വേട്ടയാടികളാലും വളയപ്പെട്ട പാണ്ട ആ അഹഃപ്രകാശത്തിനിടയിലും സമീപദേശപ്രമാണികളുടെ മുമ്പിലുംവച്ച് തന്റെ സമഗ്രമായ വീര്യപ്രാഭവത്താലും അജയ്യമായുള്ള ഒരു ചെറുസേനയോടു സമരം ചെയ്യുന്നത് മൃതിയേക്കാൾ വലുതായ അവമാനത്തിനു സംഗതി വരുത്തിയേക്കുമെന്നു ചിന്തിച്ചു ശൂലം ഊന്നി നിലകൊണ്ടു. വേട്ടക്കാരിലെ പ്രമാണികൾ ആ ഘോരാകാരന്റെ സമീപത്തോട്ടണഞ്ഞ് ആ വിചിത്രവേഷവും കായപരിമിതിയും കണ്ട് അധികൃതന്മാർക്കും സാധിക്കാത്ത ഭാഗ്യലബ്ധിയാൽ സന്തുഷ്ടന്മാരായി. അവർക്ക് അഭിമുഖനായ പാണ്ട അല്പനേരം നിശ്ചലനായി നിന്നു. ശ്വാനന്മാർ ദംശിക്കുകയോ നിഗ്രഹായുധങ്ങൾ ഒന്നും തന്റെ നേർക്കു പ്രയോഗിക്കപ്പെടുകയോ ചെയ്യാത്തതിനാൽ അന്നത്തെ പരാജയത്തിനു കാരണഭൂതനായ പുരുഷൻ തന്റെ നിധനത്തെ നിരോധിച്ചിട്ടുണ്ടെന്ന് അനുമിച്ചു. തന്റെ അനുചരന്മാർ മരിച്ചതും ബന്ധനസ്ഥരായതും കണ്ടു. പാണ്ട ഒന്നു ദീർഘമായി നിശ്വസിച്ചു. എന്തോ ചില ചിന്തകൾ അന്തരംഗത്തിൽ മർമ്മഭേദകങ്ങളായ കലാപങ്ങളെ ഉത്പാദിപ്പിക്കുകയാൽ, അവന്റെ രക്താക്ഷികളിൽ ജലദ്രവങ്ങളും പ്രകാശിച്ചു. ഈ നിലയിൽ അതുവരെ അജയ്യനായിരുന്ന ആ ഭീമഗാത്രൻ വിനയഭാവം കൈക്കൊണ്ടു പ്രമാണികളെ നോക്കി, "തമ്പ്രാക്കള് വിലവിന്" എന്ന് അപേക്ഷിച്ച് അവരെ ആശ്ചര്യഭരിതന്മാരാക്കി. അവർ പരസ്പരം മുഖത്തു നോക്കി അവന്റെ ഭാവഭേദത്തിനുള്ള കാരണങ്ങളെക്കുറിച്ചു വിസ്മയിക്കുന്നതിനിടയിൽ പാണ്ടയുടെ ശൂലാഗ്രം നിലംതൊട്ട് ഒരു അഭിവാദ്യം ചെയ്തു. ആ അതികായൻ ലഘുയഷ്ടിപോലെ മേല്പോട്ടുയർന്നു. താഴ്‌വരക്കാട്ടിൽ ഒരു നിപാതശബ്ദം മുഴങ്ങി. നൂറ്റിൽപരം വേട്ടയാടികളും എല്ല ശ്വാക്കളും കാടു ഞെരിച്ചുകൊണ്ട് അതിനകത്തോട്ടു പ്രവേശിച്ചു. തരുശിരസ്സുകളുടെ ചാഞ്ചാട്ടം ആ വനനിര മുഴുവനെയും ഹരിതവർണ്ണം ചേർന്ന ഒരു മഹാസരസ്സു തിരകളിളകി ആടുന്നതുപോലെ പ്രമാണികൾക്കും മാർഗ്ഗപ്രദേശത്തു ശേഷിച്ചുനിന്നവർക്കും കാണപ്പെട്ടു. ഒട്ടു ചെന്നപ്പോൾ ഇടയ്ക്കിടെ ശ്വാക്കളുടെ മൃതിസൂചകങ്ങളായുള്ള ദീർഘരോദനങ്ങൾ കേട്ടു തുടങ്ങി. തങ്ങളുടെ ഉദാസീനത കൊണ്ട് പാണ്ടയെ ബന്ധനത്തിലാക്കാൻ കഴിഞ്ഞില്ലെന്നുള്ള പോരായ്മ പ്രമാണികൾ സമ്മതിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/292&oldid=168141" എന്ന താളിൽനിന്ന് ശേഖരിച്ചത്