Jump to content

താൾ:Ramarajabahadoor.djvu/285

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എങ്കിലും ഔഷധപ്രയോഗങ്ങൾക്കു വട്ടംകൂട്ടി അതുകളുടെ ഫലപ്രാപ്തിക്കായി, ചില ദേവീക്ഷേത്രങ്ങളിലെ പ്രസാദങ്ങൾ പുത്രീലലാടത്തിൽ ചേർക്കുകയും ചെയ്തു. കൈകേയിയുടെ കലഹശയനം അവലംബിച്ചിരിക്കുന്ന ദേവകി ഈപ്സിതാർത്ഥത്തിനിടയിൽ, പ്രണയിനിയുടെ പാരവശ്യം പോക്കാനും സുഖത്തെ വരുത്താനുമായി ജീവനാഥപീഠത്തിൽ വാചാപ്രമാണത്താൽ ആരൂഢനാക്കപ്പെട്ടിരിക്കുന്ന കല്ലറയ്ക്കൽപിള്ള സ്മാരാർത്തനു ചേർന്നുള്ള വൈവശ്യത്തോടെ എത്തി. നിശ്ചലനേത്രയായി വിവിക്താകാശത്തെ നോക്കുംവണ്ണം ദേവകി കിടക്കുന്നതു കണ്ടപ്പോൾ അയാളുടെ കരുത്തും കാര്യസ്ഥതയും എന്നുവേണ്ട, കമനതയും അല്പാല്പം വേരിളകിച്ചലിച്ചു.

കല്ലറയ്ക്കൽപിള്ള: (ലക്ഷ്മിഅമ്മയോട്) "ഇതെന്തരമ്മച്ചീ? വേണ്ടാത്തതും മറ്റും കേപ്പാൻ പൂങ്കുഴലികളു നിന്നാൽ ആടിപ്പോവൂല്ലയോ?" ('പൂങ്കുഴലി' എന്ന പദം ഏതു സന്ദർഭത്തിലോ കേട്ടിരുന്നതിനെ 'മൃദുനാളക്കാരി' എന്ന് കല്ലറയ്ക്കൽപിള്ള അർത്ഥമാക്കിയിരുന്നു.)

ലക്ഷ്മിഅമ്മ: "അതൊന്നുമല്ല പിള്ളേ, ഗ്രഹപ്പിഴ വന്നുമുട്ടുന്നതാണ്. അതിന് ആളും തരവുമില്ല."

കല്ലറയ്ക്കൽപിള്ള: "അതല്യോ അങ്ങു കൊണ്ടുപെയ്യേക്കാമെന്നു ഞാൻ പറയണത്."

ലക്ഷ്മിഅമ്മ: "അങ്ങനെയല്ല. എല്ലാം പിന്നീടു പറയാം."

കല്ലറയ്ക്കൽപിള്ള: "പിന്നീടെന്നു ചൊല്ലാനും മറ്റുമില്ല. ആ വെണ്ണക്കല്ലൻ കപ്പിത്താൻ വന്ന് എന്റെ ചെല്ലൂന് കണ്ണുവെച്ചേച്ചു പെയ്യു. ഇതാ വിളിച്ചു കൊണ്ടു വന്നൂട്ടു പരപ്പു ആയാനെ. ഒന്ന് ഉഴിഞ്ഞെറിഞ്ഞാൽ-" എന്നു പറഞ്ഞുകൊണ്ട് കല്ലറയ്ക്കൽപിള്ള ഓടി.

കണ്ണും കണ്ണിയും വയ്ക്കുന്നത് ആരെന്നറിവാൻ പാടില്ലാത്ത ആ അനാഗരികൻ, സരസജീവിതത്തെ വാസനാബലത്താൽ ആകാംക്ഷിക്കുന്ന തന്റെ പുത്രിയുടെ രമണസ്ഥാനം വഹിക്കുമ്പോൾ, ആ ദാമ്പത്യാവസ്ഥ കാകഹംസികളുടെ സംയോഗമെന്നപോലെ ആവുകയില്ലയോ എന്ന് ലക്ഷ്മിഅമ്മ ആധിപ്പെട്ടു. അടുത്ത ദിവസം ദേവകി, ഭർത്തൃമരണാനന്തരം അനാഭരണയായ നവോഢ വിധവയെന്നപോലെ ഗൃഹത്തിൽ സഞ്ചരിച്ചുതുടങ്ങി. മാതാവോടുപോലും രൗദ്രമൂകത അവലംബിച്ച് സർവ്വദാ ഗൃഹദ്വാരാഭിമുഖിയായി, സ്നാനാശനാദികളെ വർജ്ജിച്ചു, ഗൃഹണാങ്കണമായ വൃക്ഷശിഖാവാടിയിലെ ദലനിപാതങ്ങളാൽ അർച്ചിതയാകുന്നു. ഇതിനിടയിൽ മനോരാജ്യസൗധങ്ങൾ നിർമ്മിച്ച് അതിലെ സൗഭാഗ്യങ്ങളും അനുഭവിച്ചു സ്വച്ഛന്ദവിഹാരംചെയ്യുന്നു. പ്രണയം നഖഭേദ്യകമായ കന്ദമല്ലെന്നും അപ്രാപ്യതാബോധത്താൽ ഹതാങ്കുരമാകേണ്ടതാണെന്നും ഗ്രഹിച്ചിരുന്ന മാതാവ് ഈ സ്വേച്ഛാനുകരണത്തെ ശാസിപ്പാൻ പുറപ്പെട്ടില്ല. അടുത്ത ദിവസത്തെ ദിവാകരകരങ്ങൾ ആ ഗൃഹാങ്കണത്തിൽ രജതതന്ത്രികളെ പതിപ്പിച്ചുതുടങ്ങിയപ്പോൾ, ലക്ഷ്മിഅമ്മയെ അഭാവപ്രായത്തിൽ കണക്കാക്കി പെരിഞ്ചക്കോടൻ, അന്നത്തെ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/285&oldid=168133" എന്ന താളിൽനിന്ന് ശേഖരിച്ചത്