താൾ:Ramarajabahadoor.djvu/286

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്പകലും ഗൃഹാങ്കണത്തിൽ പോക്കുന്ന പുത്രിയുടെ മുമ്പിൽ പ്രവേശിച്ചു, ഉജ്ജ്വലിക്കുന്ന നേത്രങ്ങളോടെ അല്പനേരം നിന്നിട്ട്, "എന്റെ ചെല്ലുവിനെ എന്തു ചെയ്തു കല്ലറയ്ക്കയാൻ?" എന്നു ചോദ്യംചെയ്തു.

പെരിഞ്ചക്കോ‌ടൻ തന്റെ ഭവനത്തിൽ എത്തി അതിന്റെ കൈകാര്യങ്ങളെല്ലാം സ്ത്രീകളെ പരിപൂർണ്ണസ്വാതന്ത്ര്യത്തോടെ ഏല്പിച്ചിട്ട് തന്റെ ഭാര്യാപുത്രിമാർക്കുവേണ്ടി ഒരു സാലിവാഹനവാഴ്ച ആരംഭിക്കാൻ പുറപ്പെട്ടിരിക്കുകയായിരുന്നു. സ്വഭവനത്തിൽവച്ചുതന്നെ പുത്രിയുടെ ആതുരാവസ്ഥയെക്കുറിച്ചു കേട്ടിരുന്നു എങ്കിലും അവിടത്തെ വ്യവസായനിർവ്വഹണത്തെ വിഘാതപ്പെടുത്താൻ ക്ഷീണനാകാതെ മനോവേദനകൾ സഹിച്ചുകൊണ്ട് ആ ഭവനകാര്യം സംബന്ധിച്ചു കൈ കഴുകീട്ടു പുത്രീശുശ്രൂഷണത്തിനു പുറപ്പെട്ടു. ആ ശരീരവല്ലിയുടെ അവശത അദ്ദേഹത്തിന്റെ അന്തർഭീമതയെ ഉണർത്തി. തന്റെ വാത്സല്യപൂജയ്ക്കുള്ള ബിംബത്തിന്റെ സ്വൈരാപ്തിക്കായി ഗന്ധമാദനതരണം ചെയ്‌വാനും അദ്ദേഹം സന്നദ്ധനായി: "എന്റെ ചെല്ലു പറ-മനസ്സിടിവാൻ ഹേതുവെന്തര്? നേരേചൊല്ലി, ഛീ! ഈ ചോമ്പടിച്ചമട്ടു വീട്ടൂട്" എന്നുള്ള ആശ്വാസോക്തിയോടെ പുത്രിയെ വക്ഷസ്സോടണച്ചു നിറുത്തി.

ദേവകി: (മൃദുസ്വരത്തിൽ) "അച്ഛാ! പാണ്ടയെന്നു പറയുന്നവനാരാണ്?"

പെരിഞ്ചക്കോടൻ: "പാണ്ടയോ മോളേ, പാണ്ട അല്യോ, പാണ്ട- അവൻ-" (പുത്രിയോടുകൂടി തളത്തിലേക്കു നീങ്ങി അവളെ ഇരുത്തി പാർശ്വത്തോടണച്ചുകൊണ്ട്) അവനോ? ചൊല്ലിത്തരാം-നമുക്ക് ഒരെശ്മിയൊള്ളവളെവിടെ? ലശ്മി!"

ഭർത്തൃശബ്ദം കേട്ട് സകല വിപത്തും നീങ്ങി എന്നു സന്തോഷിച്ചുള്ള മുഖവികാസത്തോടെ എത്തിയ ഭാര്യയുടെ ഹസ്തത്തെ ഗാഢപ്രണയത്താൽ മുറുകെപ്പിടിച്ച് ആ സ്ത്രീയെ സദയം വരാന്തയിലിറക്കി മുട്ടോടുചേർത്തു നിർത്തിക്കൊണ്ട് തന്റെ ഹൃദയചാഞ്ചല്യത്തിനിടയിൽ, പ്രണയവാദം മറന്നു യന്ത്രക്രിയ എന്നപോലെ ഭാഷണം തുടങ്ങി: "എന്തെല്ലാം ചെയ്തേച്ചും കണ്ടേച്ചും വന്നെന്നോ ലക്ഷ്മീ? ചിലതൊക്കെ പൂത്തുകാച്ചു പഴുക്കുമ്പോ നമ്മുടെ തേവൂന് എങ്ങനെ ഇനിക്കുമെന്നോ! അതങ്ങു കിടക്കട്ടെ - ഈ പാണ്ട എന്നും മറ്റും എവടുത്തു ചൊല്ലിക്കൊടുത്ത കോന്തനാരാര് - ആരമ്മണൂ?"

ലക്ഷ്മിഅമ്മ: (കല്ലറയ്ക്കൽപിള്ളയെ തന്റെ ഭർത്താവിന്റെ കോപത്തിൽനിന്നും രക്ഷിക്കാൻ) "മിനക്കെട്ടിരിക്കുമ്പോൾ ഇതെല്ലാം എവിടന്നറിഞ്ഞോ? ആ!"

പെരിഞ്ചക്കോടൻ: (പുത്രിയോട്) "കേള് ചെല്ലു; അവൻ നമ്മടെ അടിമ - തിന്നുന്ന ചോറ്റിന് ഉശിപ്പൊള്ള ചൊണയൻ, ചൊടിയൻ 'കൊല്ലും തിന്നും' എന്നൊക്കെ കണ്ടവർ പറയുന്നതു പ്രാന്ത്! രാജ്യം പെലർത്തണവൻ പരൊണ്ടല്ലോ, അവരെ തക്കിടിക്ക് അവൻ ചില മുട്ടടികൊടുത്തിട്ടൊണ്ട്. കള്ളനെ കടിക്കാത്ത പട്ടിയെന്തരിന്? അവന്റെ ഒരു രോമക്കാലു

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/286&oldid=168134" എന്ന താളിൽനിന്ന് ശേഖരിച്ചത്