താൾ:Ramarajabahadoor.djvu/284

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കമാണെന്നു ദൃഷ്ടാന്തീകരിച്ച് അവൻ തന്റെ പ്രഭാവത്തെക്കുറിച്ചുള്ള വീരവാദഘോഷം മാത്രം ചെയ്തിട്ട് അപ്രത്യക്ഷനായി.

ത്രിവിക്രമകുമാരന്റെ സൗകുമാര്യം ദേവകിയുടെ നേത്രങ്ങളെ, അതുകളുടെ വിശാലപ്രവർത്തനത്താൽ ശക്യമാകാവുന്ന കാര്യസിദ്ധികളുടെ ഏകദേശരൂപം ഗ്രഹിപ്പാൻ ശക്തങ്ങളാക്കി. തന്റെ അന്തർഘടനയ്ക്കു ഹൃദ്യനായുള്ള ഒരു കമനന്റെ സമ്പ്രാപ്തിക്കായി അഭ്യസ്തപാഠങ്ങൾ പ്രദോഷസന്ധ്യകളിലെ പാരായണത്താൽ വിസ്മൃതമാകേണ്ടതാണെന്ന് അനംഗാചാര്യർക്ക് ഹൃദയദക്ഷിണ ചെയ്തുപോയ ആ കന്യക പ്രഥമഗുരൂപദേശമായി അദ്ധ്യയനം തുടങ്ങി. ആദ്യകമിതാവോടു ചെയ്തുപോയുള്ള പ്രതിജ്ഞയും അന്നത്തെ ദർശനോദിതമായ അനുരാഗവും അവളുടെ വക്ഷഃകരണ്ഡത്തിൽ സന്ധിച്ച് ഒരു അനിവാര്യസമരം തുടങ്ങി. ഈ സംഭവത്തെ താങ്ങാൻ ആ വല്ലികാഘടനയ്ക്കു ശക്തിയില്ലാതിരുന്നതിനാൽ, അംഗം തകർന്നുതുടങ്ങി. ഇങ്ങനെ ക്ഷതാംഗയായ ദേവകി അനിരുദ്ധനാൽ സ്മരക്ഷുഭിതയാക്കപ്പെട്ട ഉഷയുടെ സ്ഥിതിയിൽ പരവശയായിത്തീർന്നു. മിന്നൽപ്പിണർപോലെ മറഞ്ഞ ശ്രീകുമാരപ്രഭാവന്റെ ഛായ അവളുടെ ഹൃദയപടത്തിൽ ചിത്രിതമായിത്തീർന്നു. തന്റെ പ്രാണമണ്ഡലത്തെ സ്ഥിരനിലയനമാക്കി അപഹരിച്ചുകൊണ്ട് മൃദുകടാക്ഷചന്ദ്രികയുടെ ഒരു ശീതകരത്താൽപോലും മോഹാഗ്നിയെ തണുപ്പിക്കാത്ത ആ വിജയന്റെ സ്വരൂപത്തെ ആ വസതിയിൽനിന്നു സമുദ്വാപംചെയ്യുന്നത് പ്രാണപ്രയാണത്തിലല്ലാതെ ദുസ്സാധമെന്ന് ആ കന്യക വ്യസനിച്ചു. അനുക്ഷണം, ആ ചിത്രപ്രതിഷ്ഠ ഹൃദയതന്തുക്കളിൽ ഒരു ആനന്ദ ഗീതത്തെ മേളിച്ചുതുടങ്ങുകയാൽ, തന്റെ ഭവനാങ്കണവാടി മദനകോടികളെ താലോലിക്കുന്ന കമലാംബയുടെ വിമലവേശ്മംതന്നെയെന്ന വ്യാമോഹത്താൽ ആ കന്യക ആനന്ദത്തിന്റെ തന്മയാനുഭൂതിയിൽ ആമഗ്നയാകുകയും ചെയ്തു. കർണ്ണാരുന്തുദമായി താലുജകണ്ഠ്യങ്ങളെ ഘോഷിക്കുന്ന കാകവൃന്ദങ്ങളെ തന്റെ ജീവസത്വം ആരംഭിച്ചിരിക്കുന്ന കമനപൂജയിലെ വാദ്യഘോഷകന്മാരായ കോകിലസഞ്ചയങ്ങളായി അഭിമാനിക്കുന്നു. മന്ദപവനൻ, തന്റെ സ്കന്ധങ്ങളിൽ പിടിച്ചുകുലുക്കി, "സുമുഖചോരിയായ ഹേ പരമഭാഗ്യവതീ!" എന്ന കൃപാശിസ്സോടെ തഴുകീട്ട് സഞ്ചരണം ചെയ്യുന്നതായി അവളുടെ സ്പർശേന്ദ്രിയം വഞ്ചിതവുമാകുന്നു. "മാതാനാസ്തി പിതാനാസ്തി" എന്നു പ്രമാണിച്ചുപോകുന്നില്ലെങ്കിലും കല്ലറയ്ക്കൽപിള്ളയുടെ രൂപവും അയാളോടു ചെയ്തുപോയ വാഗ്ദത്തവും പ്രതിജ്ഞയും കേവലം കാനൽജലകബളിതങ്ങളായി പൊലിഞ്ഞുപോയിരിക്കുന്നു.

ഈ വിഭ്രമം നിശാകാലത്തിലെത്തിയപ്പോൾ, ദേവകിയുടെ ശരീരത്തെ പരമാർത്ഥമായ ഒരു ലഘുജ്വരംതന്നെ പീഡിപ്പിച്ചുതുടങ്ങി. രോഗകാരണം ഗ്രഹിച്ചിരുന്ന മാതാവ്, നയവിധങ്ങളും ധർമ്മപ്രമാണങ്ങളും ഉപദേശിച്ച് പുത്രിയുടെ അതിമോഹം അനർത്ഥകാരണമാണെന്നു ധരിപ്പിച്ചു

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/284&oldid=168132" എന്ന താളിൽനിന്ന് ശേഖരിച്ചത്