Jump to content

താൾ:Ramarajabahadoor.djvu/283

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്പോൾ, ഗൗണ്ഡന്റെ മഹിഷാകാരവും മഹിഷാസുരചണ്ഡതയും രക്ഷികളായ ഭടജനങ്ങളുടെ വീര്യരസത്തെ ഉത്ശോഷിപ്പിച്ചു. ആ ദുഷ്ക്രിയാരംഗത്തിലുള്ള കൂപത്തിന്റെ ദർശനത്തിൽ, അതിലോട്ടുള്ള നിക്ഷിപ്തികൊണ്ടു തന്റെ നിര്യാണവിധി സമാപിക്കപ്പെടുമെന്നു ചിന്തിച്ച് അതിന് ഉദ്ദേശിച്ചവനായി സങ്കല്പിച്ച അധികാരിയുടെനേർക്കു ഭീഷണിശസ്ത്രങ്ങൾ വർഷിച്ചുതുടങ്ങി. ധനലബ്ധിക്കായി ധാതാവെയും നിഗ്രഹിക്കാൻ കൂസാത്ത ആ ഋഷഭകണ്ഠൻ, പാണ്ടയുടെ അനന്തനഗരവനം കിടുങ്ങുംവണ്ണം തന്റെ വ്യാപാരസാമാനങ്ങളുടെ അപഹർത്താവ് അതിലെ ഓരോ ശംഖമോതിരത്തിനുപോലും ജീവപ്രാശ്ചിത്തത്താൽ ഉത്തരം പറയേണ്ട സന്ദർഭം സമാഗതമാകുന്നു എന്നും തന്റെ നിധനം ഒരു ഗോകർണ്ണതപസ്സാലും നീക്കിനിർത്താൻ കഴിയാത്ത ബ്രഹമരക്ഷസ്സുകളെ ഉത്പാദിപ്പിക്കുമെന്നും മറ്റും കണ്ഠപ്പെരുമ്പറ മുഴക്കിത്തുടങ്ങി. ഇതിനിടയിൽ കുപ്പായങ്ങൾക്കിടയിലുള്ള കടിസൂത്രമായ നെടുസഞ്ചിയെ തലോടി, അതിലെ സംഗ്രഹത്തിനു പരാംഗുലികളുടെ ശുശ്രൂഷണത്താൽ ലഘുത സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിച്ചതിൽ ആ വാസൂകികായത്തെ ആരും ദർശിക്കപോലും ചെയ്തിട്ടില്ലെന്നു ബോദ്ധ്യപ്പെടുകയാൽ, അയാളുടെ വീരഭദ്രകോപം അല്പം ഒന്നു ശമിച്ചു. മദ്ധ്യാഹ്നഭക്ഷണംകൊണ്ടുള്ള ഉദരപുഷ്ടി ആ അംഗത്തിന്റെ സാക്ഷാൽ ഗോളതയിൽ എത്തിയപ്പോൾ, ആ മാംസകൂടം ജ്യാഘോഷത്തിലുള്ള കൂർക്കങ്ങളോടെ നിദ്ര തുടങ്ങി.

അന്നത്തെ നിശാമുഖത്തിലെ തിമിരം പഥികന്മാരുടെ ആകാരസൂക്ഷ്മത ഗ്രഹിക്കാൻ പാടില്ലാത്തവിധം നിബിഡമായപ്പോൾ, ഗൗണ്ഡന്റെ ഭാഗ്യത്താൽ അയാളുടെ ബന്ധനശാലയിലെ നിശാടകനെന്നപോലെ പാണ്ടമാന്ത്രികനും ഒരു ചെറുസംഘവും എത്തി. ആ അക്രമമുണ്ടാകുമെന്നുള്ള സംശയലേശം കൂടാതെ, പാട്ടു പാടിയും പൊളികൾ പറഞ്ഞും വിഹരിച്ചുകൊണ്ടിരുന്ന ഭടന്മാർ പാണ്ടയുടെ പട്ടസനിപാതത്താൽ തെരുതെരെ പരലോകദർശനത്തിനു യാത്രയാക്കപ്പെട്ടു. ശൃംഖലിതമായുള്ള മുൾച്ചെടികളുടെ ഇടയിൽക്കൂടി പ്രാണരക്ഷ തേടി പാഞ്ഞുതുടങ്ങിയവർ ചണ്ഡാലഖഡ്ഗങ്ങളുടെ ചരിചരണക്രിയകളാൽ ഭൂഗർഭസംയോഗത്തിനു പാത്രീഭവിച്ചു. ഈ മാന്ത്രികസമിതിയുടെ സമാഗമം ഗൗണ്ഡചാരത്തെ കാര്യക്കാരുടെ ഗ്രസനത്തിൽനിന്നു മുക്തമാക്കി, ഏതാനും അനുചരസമേതം വനമാർഗ്ഗത്തൂടെ ശത്രുരാശിമുഖമായി സംക്രമിപ്പിച്ചു. ഇതുകൊണ്ടു തൃപ്തിപ്പെടാതെ, ആ വനത്തിന്റെ മറ്റൊരു ഭാഗത്ത് അല്പനേരത്തേക്കു പാളയം ഉറപ്പിച്ച്, ഗൗണ്ഡന്റെ ബന്ധനകാരിയെ ശിക്ഷിപ്പാനായി നിയമവിധ്വംസകനായ പാണ്ട കാത്തിരുന്നു. എന്നാൽ രംഗപ്രവേശംചെയ്തത് വിദ്യുല്ലതികപോലെ ലസിക്കുന്ന ഖഡ്ഗത്തെ ധരിച്ചുള്ള ആഹവചതുരൻ കുഞ്ചൈക്കുട്ടിപ്പിള്ളയാണെന്നും അദ്ദേഹത്തെ തുടർന്നെത്തിയ ഭടന്മാർ നിറതോക്കുകളെ ചൂണ്ടുന്നു എന്നും ആ കൂമനേത്രൻ കണ്ടപ്പോൾ, ശൗര്യത്തിന്റെ ഉത്തമാംശം വിവേ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/283&oldid=168131" എന്ന താളിൽനിന്ന് ശേഖരിച്ചത്