താൾ:Ramarajabahadoor.djvu/278

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


രിക്കുന്നു എന്ന് അവർ വിശ്വസിച്ചു. മാധവിഅമ്മയുടെ അഹങ്കാരം അല്ലെങ്കിൽ 'താന്മാത്ര'ത്വം ആ ദേഹദേഹികളുടെ സംയോഗത്തെ രോഗകുഠാരത്താലുള്ള ഖണ്ഡനത്തിൽനിന്നു രക്ഷിച്ചു. ജീവിതസൗരഭ്യത്തിന്റെ ആസ്വാദനത്തിൽ ദൈവത്തെ മറന്നിരുന്നു എങ്കിലും ക്ലേശവഹ്നിയിൽ ദീർഘകാലം പുടപാകംചെയ്യപ്പെട്ട അവരുടെ ആത്മാവ് ആ പരാശക്തിയുടെ പാദങ്ങൾക്കു താണ്ഡവവേദി ആയിത്തുടങ്ങിയിരുന്നു. തന്നിമിത്തം സംഘടിതമായ ആത്മപാവനതയുടെ ദാർഢ്യത്തെ പരിശോധിപ്പാനെന്നവണ്ണം സംഭവിച്ച അന്നത്തെ സന്ദർശനം മായാശക്തിയുടെ പ്രവർത്തനമായിത്തന്നെ അവരിൽ ഫലിച്ചു. പെരിഞ്ചക്കോടനാൽ വർണ്ണിക്കപ്പെട്ട ശത്രുവിന്റെ ആക്രമണത്തെപ്പറ്റി തന്റെ കുബ്ജപരിചാരികയോടു ചോദ്യം ചെയ്തപ്പോൾ, സമീപപ്രദേശങ്ങളിലെ സമ്പന്നന്മാർ ദക്ഷിണദിക്കുകളിലേക്കു നീങ്ങുന്നതായി അങ്ങാടിവാർത്തയുണ്ടെന്ന് മാധവിഅമ്മ ഗ്രഹിച്ചു. ആ ബൃഹൽകായന്റെ അവലംബം സ്വാധീനമാക്കുവാനുള്ള വാഞ്ഛ അവരുടെ വൈരാഗ്യവ്രതത്തിലെ ഒരു പ്രാർഥനയായിത്തീർന്നു. പ്രകൃതിയുടെ സൂകരത്വം ആ തപസ്വിനിയുടെ വൈരാഗ്യത്തെ ഒന്നു കുത്തിയിളക്കി പരീക്ഷിപ്പാൻതന്നെ മുതിർന്നു.

ആ ദിവസം സന്ധ്യയോടടുക്കാറായപ്പോൾ, ക്ഷപണവേഷം ധരിച്ചുള്ള ഒരു കോമളവദനൻ മാധവിഅമ്മയുടെ നേത്രങ്ങൾക്കു പീയൂഷദാനം ചെയ്തു. പ്രകൃതിപ്രചോദിതമായുള്ള ഒരു വാത്സല്യം അവർക്കും അത്ഭുതം തോന്നുമാറ്, ആ തേജസ്വിയുടെനേർക്ക്‌ അവരെ ബലാൽ ആകർഷിച്ചു. തന്റെ മണിയറയുടെ വാതിലിന്മേൽ വിരലുകളാൽ ഒരു സരസതാളം മേളിച്ചുനില്ക്കുന്ന സുമധുരാംഗൻ, പെരിഞ്ചക്കോടന്റെ കഥനത്തിൽ ഉൾപ്പെട്ട വല്ല ശത്രുഭടനും ആയിരിക്കാമെന്നു പേടിച്ച് മാധവിഅമ്മ മിണ്ടാതിരുന്നു. ആഗതൻ മണിയറയിലോട്ടു പ്രവേശിച്ചു, ഗൃഹനായികയുടെ സ്വാഗതഭാഷണത്തിനായി ക്ഷമിച്ചു നില്ക്കാതെ, ആസനസ്ഥനായി അങ്ങോട്ടുതന്നെ കുശലാന്വേഷണം തുടങ്ങി: "മാധവിഅമ്മ എവ്ട?"

മാധവിഅമ്മ: "ഞാൻതന്നെയാ ആ നിർഭാഗ്യവതി."

ആഗതൻ: "പിന്നെന്താ മോറിങ്ങനെ കഷായിച്ചു, വേഷം ശബരീ, ശബരീ, ശാംബരീന്നിരിക്കുന്നത്?" (ഉത്തരം കിട്ടിയില്ലെങ്കിലും) "ഈ പ്രദേശങ്ങളൊക്കെ കണ്ടിട്ടുപോവാൻ വന്നപ്പൊയെക്ക് ഇങ്ങോട്ടും കടന്നു. സൊല്ലാനു തോന്നുന്നെങ്കിൽ പാഞ്ഞളയാം. സുൽത്താൻപട തെക്കൊട്ടേക്കുണ്ട്. എന്താ വല്ലതും രക്ഷ വേണ്ടേ? 'എകാകിനീ സാ'ന്നിരുന്നാല് അക്കുറുമ്പന്റെ മീശക്കൊമ്പുവെച്ചു താങ്ങിയേക്കാം."

സ്വരാജ്യാധികാരികളുടെ രക്ഷയല്ലാതെ പരിപന്ഥിസഹായത്തെ അപേക്ഷിക്കുന്നത് അപകടമല്ലേ എന്നു ചിന്തിച്ചു മാധവിഅമ്മ പിന്നെയും മിണ്ടാതിരുന്നു.

ആഗതൻ: "നമ്മള് ഒരു രാജസ്ഥാനത്തു ചേർന്ന പരിഷയാന്ന്. അമ്മയിന്റ സങ്കടകഥ പലരും പറഞ്ഞ് എന്താണു ഗ്രഹിക്കാല്ലോന്നുവെച്ച് ഇങ്ങട്ടു കീഞ്ഞു."

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/278&oldid=168125" എന്ന താളിൽനിന്ന് ശേഖരിച്ചത്