താൾ:Ramarajabahadoor.djvu/279

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ആഗതന്റെ വാക്കുകൾ പെരിഞ്ചക്കോടന്റെ ദക്ഷിണദേശഭാഷയ്ക്കു തുല്യം വിഷമജ്ഞേയമായി കർണ്ണങ്ങളെ വലപ്പിക്കുന്നു എന്ന് മാധവിഅമ്മയ്ക്കു തോന്നി. എന്നാൽ ആ സുഭഗന്റെ ആകാരസൗഷ്ഠവവും പരിപൂർണ്ണപൗരുഷവും ആ സംഭാഷണത്തിന് ഒരു മധുരിമചേർത്ത് അവരുടെ ശ്രവണകൗതുകത്തെ വികസിപ്പിച്ചു.

ആഗതൻ: "അമ്മയിന്റെ ഒരു മഹൻ ഈ പുയയിലോ എങ്ങാണ്ടോ 'ഹതേ ജഗൽപ്രാണസുതേ'ന്ന് പൊയ്പ്പോയില്ലേ?"

ഈ ചോദ്യം മാധവിഅമ്മയുടെ ഉള്ളിൽ തണിഞ്ഞുകിടന്നിരുന്ന അഗ്നികണത്തെ വീശി ഒരു മഹാശിഖയായി ജ്വലിപ്പിച്ചു. അവരുടെ നാവു തളർന്നുവശമായി എങ്കിലും അതു സ്വാന്തർഗ്ഗതങ്ങളെ മന്ദാക്രാന്തഗതിയിൽ ഇങ്ങനെ മുരളിപ്പിച്ചു: "അപ്പൻ-എന്തു ചോദിച്ചു? എന്റുണ്ണി പുഴയിൽ പൊയ്പോയിട്ടില്ലാ. അന്നത്തെ തിടുക്കത്തിൽ എന്തോ പരിഭ്രമിച്ചുവശായി. എന്റെ പങ്കിയെ ഞാൻ എന്തെല്ലാമോ അണിയിച്ചിരുന്നു. അവറ്റയെ ആഗ്രഹിച്ച് ഏതോ രാക്ഷസൻ കൊണ്ടുപോയി. അവൻ തന്നെ മടങ്ങി കൊണ്ടരട്ടെ. ചെയ്തതെല്ലാം ക്ഷമിക്കാം. നാടുവാഴിയായി പുലരാൻ വേണ്ടതു പിടിച്ചോട്ടെ."

ആഗതൻ പൊട്ടിച്ചിരിച്ചു. ജനനദോഷത്താലും ദുസ്സഹവാസത്താലും കൃത്രിമവ്യാപാരങ്ങളുടെ അനുവർത്തനങ്ങളാലും കേവലം വേഷധാരിയായി കഴിഞ്ഞിട്ടുള്ള ആഗതന്റെ ഹൃദയം തന്റെ പരിഹാസപ്രകടനത്തെ ആക്രിയാനന്തരം ശാസിച്ചു. അയാൾ ആർദ്രഭാവം കൈക്കൊണ്ട് ആ ജനനീഹൃദയത്തെക്കുറിച്ച് ഒട്ടൊരനുകമ്പയോടുകൂടി ഇങ്ങനെ ചോദ്യം ചെയ്തു: "മകനെ കിട്ടുമ്പോയെക്ക് ഈ ദണ്ഡകവനം ഓന് രസിക്കില്ലല്ലോ?"

മാധവിഅമ്മ: "എന്റപ്പനേ, ഞാൻ ആർക്കുവേണ്ടി ഇതെല്ലാം വൈകുണ്ഠമാക്കി വെയ്ക്കുന്നു? കാലം എന്തായി? ഒരു വായും വയറും പുലർന്നു അങ്ങോട്ടു ചെല്ലാൻ പലതും വേണോ? ആഗ്രഹം തീരുവോളം എന്റുണ്ണിയെ നെഞ്ചോടണയ്ക്കാൻ ദൈവം വിധിച്ചില്ലല്ലോ! അതുകൊണ്ടു സർവസ്വവും നശിക്കട്ടെ എന്നു ചിന്തിച്ചുപോയി."

ആഗതൻ: "മഹൻ സുമുഖനോ? പേരെന്താന്ന്?"

മാധവിഅമ്മ: "മാധവൻ എന്നായിരുന്നു. 'മധുരമാധവാ മതിവിമോഹന!' എന്നു എന്റെ പങ്കിയെ ഞാൻ താരാട്ടീട്ടുണ്ട്."

ആഗതൻ തന്റെ അങ്കികൾക്കകത്തുള്ള ശരീരം രോമാഞ്ചംകൊള്ളുന്ന അവസ്ഥയെ അറിഞ്ഞു എന്നുമാത്രമല്ല, തന്റെ പരമാർത്ഥത്തെ ധരിപ്പിച്ചു ന്യായാനുസാരം തനിക്കു അവകാശമുള്ളതായ ഭാഗ്യാസനത്തിൽ ആരോഹണം ചെയ്യുകയോ എന്ന് ആലോചിക്കുകയും ചെയ്തു എന്നാൽ, താൻ കുടുങ്ങിയിരിക്കുന്ന ശൃംഖലയിലെ ലോഹമുനകൾ ചിന്തിച്ചും സധൈര്യമായ പുരുഷക്രിയയ്ക്ക് ആ ചപലൻ സന്നദ്ധനായില്ല. പെരിഞ്ചക്കോടനോടു ചെയ്ത വാഗ്ദത്തം വിസ്മരിച്ച് ആഗതനോടും തന്റെ സമ്മാനദാനസന്നദ്ധതയെ മാധവിഅമ്മ ധരിപ്പിച്ചത് പുത്രദർശന

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/279&oldid=168126" എന്ന താളിൽനിന്ന് ശേഖരിച്ചത്