പങ്കിയെ വീണ്ടുകൊണ്ടരിക. മാങ്കാവുഭവനം ചില്ലറ സ്ഥിതിയിലല്ല. 'മതി' എന്നു പറയുന്നവരെ തരാൻ സാധിക്കുന്ന ഒരിടമാണിത്."
പെരിഞ്ചക്കോടൻ: "കൈക്കൂലിയും മറ്റും വേണ്ടപ്പീ! പെട്ടുപോയ കടം വീടാൻ ഇവനും ചുമതലപ്പെട്ടവൻതന്നെ എന്നറിയാം. ക്ഷമിപ്പിൻ. കൊച്ചിനെ കൊണ്ടരുംമുമ്പു ചെലതു നടത്താനുണ്ട്. ഇവിടമൊക്കെ ഇങ്ങേൽപ്പിപ്പിൻ, ആൺതൊണയ്ക്കു വിടിൻ."
മാധവിഅമ്മ ക്ഷമിപ്പാനും പെരിഞ്ചക്കോടന്റെ ഭരണത്തിന് അധീനയാകാനും തയ്യാറല്ലായിരുന്നു. അതിനാൽ ഉടനെ നടകൊണ്ടു പുത്രാന്വേഷണം സാധിപ്പാൻ സന്നദ്ധനാകുന്നില്ലെങ്കിൽ, ആ പുരുഷദർശനത്തെ ശപിക്കുന്നു എന്നുതന്നെ അവർ ശണ്ഠകൂടാൻ തുടങ്ങി. പെരിഞ്ചക്കോടൻ ടിപ്പുസുൽത്താന്റെ യുദ്ധസന്നാഹത്തെയും ആ രാജശാർദൂലന്റെ മഹാവാഹിനിയുടെ ഭയങ്കരതയെയും വർണ്ണിച്ചു:
"-ഈ വഴിയൊക്കെത്തന്നെ അവന്റെ പട വന്നുകേറും. എല്ലാം ഇങ്ങുവിടിൻ. ഫയനങ്ങളും മറ്റും നടക്കട്ടെ. ഇക്കാടൊക്കെത്തെളിച്ചു ചെല കരുതലുകൾ വേണ്ടത്തക്കപടി നടത്തണം. കാശെറക്കണതെല്ലാം പെരിഞ്ചക്കോടന്റെ കയ്യീന്നു. പടവെല്ലുമ്പം മകൻ പിള്ളയാണ്ടാൻ ഉയിരോടിരിക്കുന്നെങ്കിൽ അപ്പിള്ളതന്നെ ഇവിടം ഫരിക്കിണതു നമുക്കു കാണാം."
മാധവിഅമ്മ: "സകലവുമിതേ. എന്തു ചെയ്തും എന്റെ ഓമനപ്പങ്കിയെ ഒന്നു കാട്ടിത്തരൂ. ഞങ്ങടെ കഴിച്ചിലിനു സ്വല്പം വല്ലതും മതി. ശേഷം നീർവാർത്തു തരാം."
ഈ വാഗ്ദാനം ഉണ്ടായമാത്രയിൽ ചെടിക്കൂട്ടത്തിനിടയിൽനിന്ന് ഒരു ഭീഷണസ്വരൂപം പുറപ്പെട്ട് പെരിഞ്ചക്കോടനെ ദൂരത്തു വിളിച്ച് എന്തോ രഹസ്യവാർത്ത ധരിപ്പിച്ചു. വനസഞ്ചാരത്തിൽ വിദഗ്ദ്ധനായുള്ള ഒരു രാജകാര്യപ്രവൃത്തൻ തഴച്ചുവളർന്നുള്ള ചെടികളുടെ ഇടയിൽ ഉരഃസ്ഥിതനായി പതുങ്ങിക്കിടന്ന്, അവിടത്തെ സംഭവങ്ങളെല്ലാം ദർശിച്ച വസ്തുത ആ രംഗത്തിൽ പ്രത്യക്ഷസ്ഥിതരായ പാത്രങ്ങൾ ഗ്രഹിച്ചില്ല. പെരിഞ്ചക്കോടന്റെ അനുചരൻ എത്തിച്ച വൃത്താന്തം തന്റെ ഭാവിയെയും ദേവകിയുടെ ക്ഷേമത്തെയും സംബന്ധിച്ചുള്ളതാകയാൽ സ്വാർത്ഥേക്ഷ മുന്നിട്ടു. യുവദശയിലെ മദോൽക്കടതയാൽ ഉത്പാദിതനായ സന്താനത്തിന്റെ പ്രത്യാനയനം ആ ആജന്മതസ്കരനെക്കൊണ്ടു സൗകര്യാനുസാരം കരണീയമെന്നു ഗണിപ്പിച്ചു. മാധവിഅമ്മയോടു തന്റെ പ്രതിജ്ഞകളെ ഭഗവതീപാദങ്ങളെ പുരസ്കരിച്ച് ആവർത്തിച്ചുകൊണ്ട് പെരിഞ്ചക്കോടൻ ആ ഗൃഹത്തെ വലയം ചെയ്യുന്ന ചെറുകാടു കടന്നു വൻകാട്ടിനിടയിൽ മറഞ്ഞു.
ഹതപ്രായമായിരുന്ന ജീവിതാഗ്രഹം പുനർജീവനത്തിന്റെ അതിലോലസ്ഫുരണങ്ങളെ മാധവിഅമ്മയുടെ ഹൃത്കർണ്ണികയിൽ പ്രസരിപ്പിച്ചു. അവരുടെ ചിത്തവേദിയിൽ തന്റെ പുത്രൻ, പുത്രോല്പാദകൻ എന്നുള്ള രണ്ടു ബിംബങ്ങൾ പുനരുദിതങ്ങളുമായി. തന്റെ ബഹുസംവത്സരങ്ങളിലെ പ്രായശ്ചിത്താനുവർത്തനം ഭഗവൽപ്രീതിയെ തനിക്കു സമാർജ്ജിച്ചി