താൾ:Ramarajabahadoor.djvu/276

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്തിന്റെ ധൂസരതയും ആ ദ്രമിളനെ കിടുകിടെ വിറപ്പിച്ച് ഉത്തരം പറവാൻ ശക്തനല്ലാതെ നിറുത്തി. ആ സന്ദർശനം സ്വവ്രതത്തിന്റെ ഭംഗമാണെന്നുള്ള ഈർഷ്യയോടെ മാധവിഅമ്മ ആഗതനോട്, "സാധുക്കളെ ഉപദ്രവിക്കേണ്ട; പോവുക. ഊണിനു സല്ക്കരിക്കാൻ തരമില്ലാ" എന്ന് അദ്ദേഹത്തിനു മനസ്സിലാകാത്ത ആത്മകഥാനുബന്ധത്തോടെ നിയോഗിച്ചു. പൂർവ്വസംഘടനയെ സ്മരിച്ചുള്ള ലജ്ജയും തല്ക്കാലദർശനത്തിൽ ഉദിച്ച അതീതവ്യസനവുംകൊണ്ട് നിശ്ചേഷ്ടനായിത്തന്നെ നിന്നിരുന്ന ആഗതൻ മാധവിഅമ്മയുടെ ആജ്ഞ കേട്ടപ്പോൾ തന്റെ ഗൗരവത്തെ പുനസ്സന്ധാനം ചെയ്തുകൊണ്ട് ഇങ്ങനെ ധരിപ്പിച്ചു: "വയറ്റെക്കരുതി വന്നവനല്ല പിള്ളേ. വർത്തമാനങ്ങൾ അങ്ങുമിങ്ങുന്നും കേട്ടു ചടഞ്ഞുപോയ പാവത്തിനു തന്നാലാവതു ചെയ്യാമെന്നുവെച്ചു വന്നവനാണ്."

മാധവിഅമ്മയ്ക്ക് ഇതു ലഘുഗ്രാഹ്യമായുള്ള ഭാഷണമായിരുന്നില്ലെങ്കിലും വക്താവിന്റെ മുഖവികാരങ്ങൾ അതിനൊരു വ്യാഖ്യാനമായിത്തീർന്നു. അന്തന്നേത്രങ്ങൾ തീക്ഷ്ണപ്രവർത്തനംചെയ്ത് മോഹവേശംകൊണ്ടുള്ള വിറയലോടെ, പൊടുന്നനെ ആ സ്ത്രീയെ എഴുനേല്പിച്ചു. "എന്റെ പങ്കിയെ കൊണ്ടന്നിരിക്കയാ?" എന്ന് ആകാംക്ഷാവൈവശ്യത്തോടെ പുത്രപ്രതിമയെ ഹൃദയദരിയിൽ ഉറപ്പിച്ചു സമാരാധിച്ചുവന്ന ആ ജനനീകണ്ഠം തുറന്നു ചോദ്യംചെയ്തു. ആഗതനായ പെരിഞ്ചക്കോടൻ സൗന്ദര്യാരാധകനായിരുന്നു എങ്കിലും വീരധർമ്മത്തിൽ പുറംവാങ്ങുന്ന ഉത്തരനല്ലായിരുന്നു. അതിനാൽ അദ്ദേഹം തന്റെ സ്വരത്തെ കഴിയുന്നത്ര കൃപാർദ്രമാക്കി ഇങ്ങനെ പറഞ്ഞു: "മുടുപ്പിടിക്കുനിക്കാതിൻ. മകൻ എങ്ങെങ്കിലുമൊണ്ടെങ്കിൽ പെരിഞ്ചക്കോടൻ കൊണ്ടരാം. വേവലാതിപ്പെടാതെ അടങ്ങി മനുഷ്യരെപ്പോലെ പാർപ്പിൻ. രണ്ടു വാക്കൊള്ള മുരടൻ പുലമ്പുണൂന്നു വക്കരുത്. കാടും കടലും തേടാം. ഇവിടം എന്തിനിങ്ങനെ പപ്പും പടപ്പുമാക്കി? പെരിഞ്ചക്കോടന് ഇതിന്റെ ഒരു സൂലം കിട്ടീരുന്നെങ്കി എന്റപ്പിയെ-ഛേ! ഛേ! മറ്റൊന്നും നിനയ്ക്കാതിൻ - എന്റെ തങ്കച്ചിയെ -'തങ്ക'- എന്നുവച്ചാൽ എളയത് -ഇപ്പം ഒത്തോ? എന്റെ തങ്കച്ചിയെ പൊന്നുംകൊടമായി പണ്ടെപ്പോലെ വാഴിച്ചൂടുല്ലാഞ്ഞോ?"

മാധവിഅമ്മ ആഗതന്റെ രൂപത്തെ ആപാദമസ്തകം അകത്തുണ്ടായ എരിപൊരിക്കിടയിൽ പരിശോധിച്ചു. തന്റെ മർമ്മരഹസ്യം ഗ്രഹിച്ചിട്ടുള്ള യുവധൂർത്തൻ പ്രവൃദ്ധോന്മനായി ലോകപീഡനംചെയ്‌വാൻ ദൈവം അനുവദിച്ചിരിക്കുന്നല്ലോ എന്ന് ആശ്ചര്യപ്പെട്ടു എങ്കിലും അദ്ദേഹം പെരിഞ്ചക്കോട് എന്ന ഭവനത്തിന്റെ ഉടമസ്ഥനും ഏതാണ്ടൊരുവിധം പ്രതാപശാലിയുമാണെന്ന് അവർ ഊഹിച്ചു. പുത്രാന്വേഷണം വഹിക്കേണ്ട പുരുഷനെ തന്റെ മുമ്പിൽ ദൈവഹസ്തംതന്നെ ആനയിച്ചിരിക്കുന്ന സ്ഥിതിക്ക് ആ ഭാഗ്യോദയത്തെ നമിച്ചു, അവർ തന്റെ അഭിമതത്തെ അദ്ദേഹത്തോടു ധരിപ്പിപ്പാൻ ധൈര്യപ്പെട്ടു. "ആരെങ്കിലുമാകട്ടെ. കഴിഞ്ഞ കഥ ദൈവവിധി വരുത്തിയത്. അതിനെ മറന്നേക്കുക. പുരുഷനെങ്കിൽ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/276&oldid=168123" എന്ന താളിൽനിന്ന് ശേഖരിച്ചത്