താൾ:Ramarajabahadoor.djvu/275

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൃതമായിരുന്നു. ആ സൗന്ദര്യധാമാവതാരം മൃതകാമന്റേതുതന്നെയായി തനിക്കും ലോകത്തിനും നിരുപയോഗമായ അംബരജ്യോതിസ്സു മാത്രമായിത്തന്നെ കഴിഞ്ഞിരിക്കുന്നു. ലോകമദനനായിരുന്ന നമ്പൂരിപ്പാടോടു പ്രകടിതമായ മാർജ്ജാരത്വവും ക്ഷന്തവ്യമത്രെ. ആ സാധുബ്രാഹ്മണന്റെ ധർമ്മപത്നിയെ ദ്രോഹിച്ചതു മാത്രം മാധവീജീവിതമായുള്ള വിചിത്രസർഗ്ഗത്തിൽ, ജീവപ്രായശ്ചിത്തത്താലും അപരിഹാര്യമായുള്ള ഒരു മഹാപാതകമായി ലേഖനംചെയ്തു കാണപ്പെടുന്നു. ബാദരായണസന്നിഹിതിയും ആ യന്ത്രിയുടെ ചൗര്യപാടവങ്ങൾ ആ ഭവനത്തിലെ നിധിഗ്രഹണം സംബന്ധിച്ചിടത്തോളം പരാജയത്തിൽ അവസാനിച്ചതും മാധവിഅമ്മയുടെ ശീലപരിശോധനയിൽ വായനക്കാർ സ്മരിക്കുക. പൂർവ്വികരുടെ അധർമ്മപ്രചാരം അശിക്ഷിതമായി എന്നല്ല, പ്രോത്സാഹിതമായിത്തന്നെ കഴിഞ്ഞു. അപരിമിതമായ വാത്സല്യപരിലാളനങ്ങളാൽ പരിപുഷ്ടമാക്കപ്പെട്ട അഹങ്കാരാന്ധ്യത്താലും ഒരു ഘോരകലിപ്രഭാവന്റെ ദുഷ്പ്രേരണത്താലും അനുവർത്തിക്കപ്പെട്ട നിസ്സാരാപരാധങ്ങൾ, പുത്രനഷ്ടം, മഹാരോഗം, സ്ഥാനഭ്രംശം എന്നിതുകളാൽ ശിക്ഷിക്കപ്പെട്ടിട്ടും ഭൂനരകാനുഭവത്തിനുകൂടി വിധിക്കപ്പെട്ടിരിക്കുന്നു. വിശ്വഗതി 'എവമേവ' എന്നു സമ്മതിച്ചുപോകുന്ന വിദ്വജ്ജനം തത്ത്വരഹസ്യങ്ങളുടെ അന്വേഷണത്തെ തുടർന്ന് ഭഗവൽഗതിയുടെ ന്യായാന്യായ്യതയെ ദർശിച്ചുകൊള്ളട്ടെ.

സംവത്സരം പതിനെട്ടു കഴിഞ്ഞു. മാധവിഅമ്മയുടെ ശയ്യാമുറിയിലെ മഞ്ചം പൂർവ്വസ്ഥിതിയിൽത്തന്നെ നിലകൊള്ളുന്നു. രോഗത്തിൽനിന്നുള്ള തന്റെ പുനർജനനത്തിനുശേഷം ആ മഞ്ചം പുത്രകഥാസ്മാരകമായുള്ള ഒരു പരിശുദ്ധവേദിയായി പൂജിക്കപ്പെടുന്നു. ദയനീയത എന്നുള്ള അവസ്ഥയുടെ മൂർത്തീകരണമായി, ഭഗവൽപദത്തിന്റെ ശർമ്മദത്വത്തെ പ്രാർത്ഥിച്ചുതുടങ്ങിയിരിക്കുന്ന ആ 'ധന്യ'പദാരോഹിണിയുടെ ആരാമവിജനതയെ അവരുടെ ഉദയപൂജാഹാരങ്ങൾ കഴിഞ്ഞുള്ള വേളയിൽ ഒരു ഭീമാകാരൻ ഭഞ്ജിക്കുന്നു. കേശമീശകൾ വളർത്തി, ദക്ഷിണദേശരീതിയിൽ വസ്ത്രങ്ങൾ ധരിച്ച് നെടുതായ ശൈവശൂലവും വഹിച്ചു തന്റെ മണിയറത്തളിമത്തിന്റെ മുമ്പിലായി പ്രത്യക്ഷമായ സാലസ്വരൂപത്തെ കണ്ടപ്പോൾ മാധവിഅമ്മ തസ്കരശങ്കയാൽ ഒന്നു നടുനാളം വരെ നടുങ്ങി. വേഷവും അവസരവും ചിന്തിച്ചപ്പോൾ തന്റെ ഗൃഹസ്ഥിതികൾ അറിഞ്ഞിട്ടില്ലാത്ത ഒരു സഞ്ചാരിയുടെ ആഗമനമാണെന്നു തോന്നി. എന്നാൽ അപ്രാർത്ഥിതമായി അനനുവദനീയമായി എത്തിയിരിക്കുന്ന അതിഥിയുടെ സമാഗമം ആ ഏകാകിനിയുടെ സാർവഭൗമത്വത്തെ അല്പമൊന്നുണർത്തി. ആഗതന്റെ മുഖത്ത് ഒരു മനഃക്ലാന്തിയുടെ ഛായ കാണുകയാൽ തന്റെ ദീർഘതപസ്സിന് അനുരൂപമായ ഔദാസീന്യത്തോടെ "എന്താ പോന്നത്?" എന്നുള്ള പ്രശ്നംകൊണ്ടുമാത്രം സല്ക്കരിച്ചിട്ടു നിലംനോക്കി ഇരിപ്പായി. പരിസരസ്ഥിതികളുടെ പരിവർത്തനങ്ങളും രണ്ടു വ്യാഴവട്ടത്തിനു മുമ്പു കണ്ട തടിത്ബിംബ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/275&oldid=168122" എന്ന താളിൽനിന്ന് ശേഖരിച്ചത്