താൾ:Ramarajabahadoor.djvu/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മീനാക്ഷിഅമ്മ: (ക്ലേശത്തെ സാവധാനത്തിൽ മുക്തമാക്കിയിട്ട്) "ഏതു പണ്ടാരം? അവരുടെ അടുത്തൊക്കെ നിനക്കു കാര്യമെന്ത്? അച്ഛനിതൊന്നും രസിക്കൂല്ല. പറഞ്ഞേക്കാം."

സാവിത്രി: "ആ പടുക്കിഴവന്റെ അടുത്തു ചെല്ലുന്നതും അച്ഛനു രസിക്കൂല്ലെന്നോ? ശ്രീപരമേശ്വരനായിരിക്കാം."

മീനാക്ഷിഅമ്മ: "അതേ, നിനക്കു വരംതരാൻ. ആട്ടെ, നീ ഇന്ന് ഈ വേഷം കെട്ടിയിരിക്കുന്നതെന്തിന്? ത്രിവിക്രമനെ സത്കരിപ്പാനല്ലയോ?"

സാവിത്രി: "അതുമായിരിക്കാം. അമ്മാവനെ ഒന്നു ചെന്നു കാണണമെന്നുവച്ച് മോടിപിടിപ്പിച്ചതാണ്."

മീനാക്ഷിഅമ്മ: "അമ്മാവനോ? ഏതമ്മാവൻ? ദിവാൻജി അമ്മാവനാണെങ്കിൽ, അച്ഛന്റെ അനുവാദം കൂടാതെ അങ്ങോട്ടു പൊയ്ക്കൂടാ എന്നു ഞാൻ പറയുന്നു."

സാവിത്രി: (അമ്മയെ ചുംബനംചെയ്തുകൊണ്ട്) "ഇതിന് അമ്മയുടെ അടുത്തുവരാത്ത അച്ഛൻ എന്തച്ഛൻ?"

മീനാക്ഷിഅമ്മ: (കണ്ണിൽ ജലം പെരുകി ഗൽഗദത്തോടെ) "പോ കലിക്കുഞ്ഞേ, നീ എന്തറിഞ്ഞു? നിന്നെപ്പോലെ നാലു പൊന്നുംകുടങ്ങൾ പൊയ്പോയപ്പോൾ അച്ഛൻ എത്ര കരഞ്ഞു എന്ന് എനിക്കറിയാം. ആ ആധി എനിക്കു വ്യാധിയായി. അച്ഛനും വ്യസനംകൊണ്ടു വിരക്തി തോന്നിയിരിക്കാം."

സാവിത്രി: "എന്റെ ജാതകദോഷംകൊണ്ട് അനുജത്തിമാർ വാഴാത്തതാണെന്നു തോന്നീട്ടായിരിക്കാം, അച്ഛൻ എന്നെ മകളായി കണക്കുകൂട്ടാത്തത്."

മീനാക്ഷിഅമ്മ: "മകളായി വിചാരിക്കാഞ്ഞിട്ടാണോ രാമവർമ്മത്തുവക കണക്കും പെട്ടികളും നിന്നെ ഏല്പിച്ചിരിക്കുന്നത്?"

സാവിത്രി: "ന്യായം ചെയ്യുന്നത് സ്നേഹമാകുമോ? അമ്മയെ സ്നേഹിക്കുന്നെങ്കിൽ, എഴീച്ച് ഉത്സാഹമായി കാര്യങ്ങൾ ഭരിക്കണം. കുളിക്കണം, ഉണ്ണണം, പെട്ടിയും കണക്കും അങ്ങോട്ടേറ്റുകൊള്ളണം."

മീനാക്ഷിഅമ്മ: "വരട്ടെ, തമ്പുരാൻ നിന്നെ കൊണ്ടുപോകുമ്പോൾ പെട്ടിയും കണക്കും ഞാനേറ്റുകൊള്ളാം."

"തമ്പുരാനോടു പോകുന്നതു ഞാനല്ല" എന്നു മാതൃഹൃദയത്തിന്റെ ആലസ്യത്തെ ചിന്തിക്കാതെ, കന്യക സ്വനിശ്ചയത്തെ ഊർജ്ജിതസ്വരത്തിൽ ഉദ്വമിച്ചു. സ്വഭർത്താവിന്റെ അപ്രീതിയെ വർദ്ധിപ്പിക്കുമാറുള്ള ഈ നിശ്ചയത്തിൽ അന്തർഭവിച്ചിരുന്ന അനാദരത്തിനു ശിക്ഷയായി മീനാക്ഷിഅമ്മ ഒരു ആജ്ഞ കൊടുത്തു: "നോക്ക്, നീ ഇന്നു പണ്ടത്തെ കുഞ്ഞല്ല. ചെമ്പകശ്ശേരിയിലെ കുട്ടൻ വന്നാൽ, സത്കരിപ്പാനും സംസാരിപ്പാനും കേറി നില്ക്കരുത്."

സാവിത്രി: "തമ്പുരാൻ എഴുന്നള്ളിയാലോ?"

മീനാക്ഷിഅമ്മ: "മിണ്ടരുത്, മിണ്ടരുത്. അദ്ദേഹത്തെ കിട്ടുന്നതു വലിയ ശ്രേയസ്സാണ്."

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/25&oldid=168094" എന്ന താളിൽനിന്ന് ശേഖരിച്ചത്