താൾ:Ramarajabahadoor.djvu/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രകടനം അച്ഛന്റെ മനസ്സിൽ സ്വസ്നേഹിതന്റെനേർക്ക് ഉദിച്ചിരുന്ന മിത്രദ്വേഷാശങ്കയെ സ്ഥിരീകരിച്ചു, ആ പണ്ഡിതന്റെ ജീവിതം ശൂലാഗ്രവാസം പോലെ ആക്കി. പടത്തലവൻ തന്റെ സാവകാശവേളകളിൽ പ്രവർഷിച്ച പാട്ടുകളും പഴങ്കഥകളും വീരജീവതപ്രബന്ധങ്ങളും വഹിച്ച പാഠങ്ങൾ അവൾക്കു ജീവിതപ്രമാണങ്ങളാവുകയാൽ, അവ സ്വസ്ഥിതിബന്ധങ്ങളും മറ്റും ആരായുവാൻ ക്രമേണ അവളെ ശക്തയാക്കി. രണ്ടു കൊല്ലത്തിനു മുമ്പുണ്ടായ പടത്തലവന്റെ ചരമഗതിമുതൽ സാവിത്രി നന്തിയത്തുമഠത്തിലെ പടിഞ്ഞാറെക്കെട്ടിലുള്ള രണ്ടു മുറികൾ സ്വന്തമാക്കി, തന്റെ പ്രത്യേക ഭൃത്യരോടൊന്നിച്ച് ആ ഭവനത്തിൽ പാർപ്പു തുടങ്ങി.

അച്ഛനമ്മമാരുടെ കുലപ്രഭാവവും ശരീരകോമളതയും പരിഷ്കൃതഭാസ്സോടെ സാവിത്രിയെ അനുഗ്രഹിക്കുന്നു. മുഖശില്പത്തിന്റെ മാതൃക പ്രകൃതിസഹജമായുള്ള ഒരു ആവർത്തനത്തെ ദൃഷ്ടാന്തീകരിക്കുന്നു. എങ്കിലും അതിന്റെ ചേഷ്ടകളിൽ ബഹുശതവർഷങ്ങളിലെ അഭംഗുരപരമ്പരാത്വംകൊണ്ടു പ്രവൃദ്ധദാർഢ്യത്തെ പ്രാപിച്ച ആത്മശക്തി രൗദ്രവീര്യത്തോടെ നടനം ചെയ്യുന്നു. വ്യായാമപരിശീലനംകൊണ്ടു സമഗ്രസ്ഥിതിയിൽ ഭാസ്വത്താകുന്ന ആ ദേഹത്തിന്റെ ഓരോ അംഗവും അതിനു ചേർന്നുള്ള പ്രസ്ഫുടപുഷ്ടിയെയും സമുത്കൃഷ്ടസൗഷ്ഠവത്തെയും വഹിക്കുന്നു. മകുടഭൂഷണമായി സ്കന്ധങ്ങളെയും കവിഞ്ഞു കുടിലവലയങ്ങളായി പിൻഭാഗം മറച്ചുകിടക്കുന്ന കബരീഭരം സാമാന്യപൊക്കത്തിൽനിന്ന് അല്പം കുറഞ്ഞതായുള്ള ആ കനകശില്പത്തെ വലയം ചെയ്യുന്ന ഒരു കേവണമെന്നപോലെ കാണപ്പെടുന്നു. താരുണ്യദശയെ പ്രാപിച്ചിട്ടുള്ള ഈ പതിനാറാം വയസ്സിലും ആ ശരീരവൽഗുത്വത്തോടു നിയന്ത്രണത്തിനു വശ്യമല്ലാതുള്ള ഒരു വൽഗിതകൂടി സങ്കലനം ചെയ്തു, ശൈശവം തന്നെ മുന്നിട്ടു നില്ക്കുന്നു. അബലാസാരള്യത്തിന്റെ സ്പന്ദനം ആ ഹൃദയവേദിയിൽ ആരംഭിക്കാതെ, അനുസ്യൂതമന്ദസ്മേരക്കാരിയായി ആ കന്യക വർത്തിക്കുന്നെങ്കിലും അന്തർലീനമായുള്ള ജ്വാലാമുഖീത്വം തന്റെ വിഹാരങ്ങളിലെ സൂത്രധാരനായുള്ള ഒരു കാമുകസ്ഥാനാവകാശി മാത്രം ഗ്രഹിച്ചിട്ടുണ്ട്.

മാതൃസ്കന്ധത്തിൽ ലലാടപ്രണാമം ചെയ്ത കന്യക കൊച്ചാശാന്റെ നിർഗ്ഗമനത്തിൽ വീണ്ടും ഉന്മേഷപ്രഭാവതിയായി, ആ ചപലന്റെ മുമ്പിൽവച്ചു താൻ ആ ഖലഗുരുവിന്റെ ഉപദേശസംസ്കരണത്തിനു ന്യായമാകുമെന്നു മാതാവു സൂചിപ്പിച്ചാത്തിനെക്കുറിച്ചു പരിഭവിച്ചു. മാതൃഹൃദയം ആ സാമാന്യവിഷയത്തിലൊന്നും നില്ക്കാതെ ഗൃഹച്ഛിദ്രമാകുന്ന മഹാവിപത്തിന്റെ സന്നിഹിതിയെ ചിന്തിച്ചു പ്രവൃദ്ധമായ ആധിയോടെ, സ്തബ്ധജീവമായി സ്ഥിതിചെയ്തുപോയി. ലോകക്ലേശങ്ങളുടെ കവോഷ്ണമെങ്കിലും പീഡിപ്പിച്ചിട്ടില്ലാത്ത കന്യക മാതാവോട് സഹതപിക്കാതെ, അവരെ ഉന്മേഷിപ്പിക്കുന്നതിനായി, "അമ്മേ! ഇവിടെ ഈയിടക്കു വന്നോണ്ടിരുന്ന പണ്ടാരത്തെ അഞ്ചാറു ദിവസമായി കാണാനില്ലല്ലോ. അതെന്തുകൊണ്ട്?" എന്ന് ഒരു ചോദ്യം ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/24&oldid=168083" എന്ന താളിൽനിന്ന് ശേഖരിച്ചത്