താൾ:Ramarajabahadoor.djvu/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വർണ്ണത്തിന്റെ കനകപരാഗതതന്നെ തെളിയിക്കുന്നു. കുലീനഗാംഭീര്യവും പരസ്പരാവലംബത്തെ പ്രത്യേകിച്ചു ലക്ഷീകരിക്കുന്നതായ വാത്സല്യചേഷ്ടകളും വായനക്കാർക്ക് ഈ ഔരസബന്ധത്തെ പ്രത്യക്ഷമാക്കിയിരിക്കാം. ഇവൾ ആ വീരജനനിയുടെ അഞ്ചു പ്രസവങ്ങളിൽ ഭൂതപഞ്ചകങ്ങളുടെ ക്ഷണഭംഗുരതയെ ബുൽബുദതുല്യം അകാലമായി ദൃഷ്ടാന്തപ്പെടുത്താതെ ശേഷിക്കുന്ന ഏകസന്താനവല്ലിയാണ്. ആദ്യപുത്രിയായ ഈ കന്യകയ്ക്ക് അന്നു ജീവിച്ചിരുന്ന ദത്തുകാരണവരായ അനന്തപത്മനാഭൻ പടത്തലവൻ അവളുടെ മാതാമഹിയുടെ സ്മരണയ്ക്കായി 'സാവിത്രി' എന്നു നാമകരണം ചെയ്തു. ആ ദിവ്യനേത്രക്കാരൻ ശിശുവിന്റെ രൂപസാമ്യം കണ്ടു, പൂർവ്വരഹസ്യങ്ങൾ ഗ്രഹിച്ചിരുന്ന തന്റെ ശിഷ്യനായ കേശവപിള്ളയുമായി ആ വിഷയത്തെ സംബന്ധിച്ച് ഒരു ഗൂഢസംവാദം ചെയ്തു തന്റെ നിര്യാണാനന്തരമുള്ള അവളുടെ ജീവിതത്തിന്റെ ഭരണഭാരം അങ്ങോട്ടു കയ്യേല്പിച്ചു. എന്നുമാത്രമല്ല, ശിശുസമിതിയോടുള്ള വിഹാരസമ്മേളത്തിൽ അതിപ്രസക്തനായിത്തീർന്നിരുന്ന ആ വിക്രമസിംഹൻ ബാലികയെ സ്വശിക്ഷാസംരക്ഷണകളിൽ വളർത്തി. അനന്തരസന്താനങ്ങളുടെ അകാലമൃതി അച്ഛനമ്മമാരുടെ ഹൃദയങ്ങളെ നിരാശാവേശ്മങ്ങളാക്കി. ശിശുവിന്റെ മുഖം ഹൃദയത്തെ കിടുക്കുന്ന ഒരു ദുഃസ്വപ്നസംഭവത്തെ സ്മരിപ്പിക്കുന്നതാണെങ്കിലും അതിനു ജന്മദദ്വന്ദ്വത്തോടു വിശദസാരൂപ്യമില്ലെന്നുള്ള ആശങ്കയും തന്നിമിത്തം തന്റെ പരിഗ്രഹത്തെക്കുറിച്ചു ദുസ്സഹമായുള്ള ഒരു അവജ്ഞയും അച്ഛന്റെ മനഃസ്വൈര്യത്തെ ഭിന്നമാക്കി. ആ രഹസ്യത്തെ ഹൃദിഗഹനതയിൽ ഗോപനം ചെയ്തുകൊണ്ട് അദ്ദേഹം ദാമ്പത്യസുഖത്യാഗിയുടെ വൈരാഗ്യത്തെ അവലംബിച്ചു, ഭർത്താവിന്റെ അതിയായ പ്രണയശുഷ്കതയാൽ ഐഹികമോക്ഷം നഷ്ടമായിത്തീർന്ന ഭാര്യയെ രോഗശയ്യയിൽ പടുപ്പിക്കുകയും ചെയ്തു. കന്യക തന്റെ അവതാരത്താൽ ജന്മഹേതുക്കളുടെ പരിപാവനമായുള്ള ദാമ്പത്യബന്ധം ഖണ്ഡിക്കപ്പെട്ട രഹസ്യം ഗ്രഹിക്കാതെ, പടത്തലവന്റെ ദൗഹിത്രന്മാരോടു ചേർന്ന് അടവുകൾ ചവിട്ടാനും പടവെട്ടാനും ഹിന്ദുസ്ഥാനി സംസാരിപ്പാനും അഭ്യസിച്ചു. ചെമ്പകശ്ശേരിയിലെ കുട്ടിച്ചേട്ടന്മാരായ സഹവിഹാരികളെ പ്രഹരിച്ചും പടത്തലവനോടു സങ്കടങ്ങൾ ബോധിച്ചിച്ച് അദ്ദേഹത്തിനെക്കൊണ്ടു പ്രഹരിപ്പിച്ചും ആരെയും ഒന്നിനെയും പേടിക്കാത്ത ഹരികിശോരിയായി ആവൾ വളർന്നു അപ്രസന്നമുഖനായിത്തീർന്നിരുന്ന അച്ഛനോടു വിരസതയും തന്നെ എടുത്തു പന്താടിവന്ന കേശവപിള്ളയോടു ശൈശവമധുരിമയും അവൾ പ്രകാശിപ്പിച്ചു വന്നു. ഈ ദാക്ഷിണ്യ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/23&oldid=168072" എന്ന താളിൽനിന്ന് ശേഖരിച്ചത്