താൾ:Ramarajabahadoor.djvu/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്വകുലപ്രഭാവത്തിനു ചേർന്നുള്ള ഹാസസ്വരത്തിൽ ആശാന്റെ നിഷ്ക്രമത്തെ തടഞ്ഞു: "ഹേ കൊച്ചാശാൻ! ഓടിക്കളയരുത്, എന്റെ ഹംസമല്ലയോ? അങ്ങോട്ടുമിങ്ങോട്ടും പറന്നുനടക്കുന്നതിന് വല്ല തവിടോ, പൊടിയരിയോ എങ്കിലും കൂലി വേണ്ടന്നോ?"

മീനാക്ഷിഅമ്മ ആ കന്യകയുടെ മുഖത്ത് അസംതൃപ്തിയോടെ നോക്കി. കൊടന്തആശാൻ മുഴുത്ത ഉത്തരൻ ആവാൻ തയ്യാറല്ലാതെ, "പഴകുമ്പോൾ പാലും പുളിക്കും" എന്നൊരു ബാണത്തെ തന്റെ വായ്ക്കകത്തുള്ള നെടുഞാണിൽ തൊടുത്തു പ്രയോഗിച്ചു.

കന്യക: "ശരി ആശാനെ! എന്നാൽ ആശാന്റെ പഴഞ്ചൊല്ലുകളിൽത്തന്നെ 'ചിലരുടെ വാക്കും പഴഞ്ചാക്കും' എന്നൊന്നുകൂടിയുണ്ട്. ആ വൻ പുലിത്തമ്പുരാന്റെ ദിവാൻജിസ്ഥാനം ആശാനു കിട്ടിയാൽ-"

മീനാക്ഷിഅമ്മ: "നില്ക്ക് സാവിത്രീ! നീ എല്ലാവരോടും ഇങ്ങനെ ശണ്ഠകൂടുന്നത് ഇനിയെങ്കിലും നിറുത്തണം. ആ തിരുമനസ്സിലെ പേരുമാറ്റി അവിടുത്തെ അപമാനിക്കുകയും ചെയ്യരുത്."

കൊടന്ത ആശാൻ: "അതിലെന്താ കുഞ്ഞമ്മേ? സ്നേഹമുള്ളേടത്തു പരുഷം എന്നാണു ചൊല്ല്. വിക്രമൻപിള്ളയുടെ അടുത്തും ഇങ്ങനെ തന്നെ ആയിരുന്നല്ലോ. കുഞ്ഞേ! ഇപ്പോൾ വരും. എഴുന്നള്ളത്തിൽ ഞാൻ കണ്ടു. എന്നെ നോക്കി, 'ഇതാ വന്നേച്ചു' എന്നു തലകുലുക്കീട്ടു പോയിരിക്കയാണ്. മുതുകിൽതന്നെ ഒരു ബീക്ക് ഇവനെ വത്സനാക്കി."

കന്യക: (പരിഭവസ്വരത്തിൽ) "ആരെങ്കിലും വരട്ടെ, പോകട്ടെ; ആശാനെന്ത്?"

കൊടന്ത ആശാൻ: "ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്നാണ് എല്ലാംകൂടി ഇവിടെ കണ്ടുവരുന്നത്. ഇവന്റെ കർമ്മത്തിന് ആരെ പഴിക്കേണ്ടു?"

കന്യക: "മുഷിയേണ്ട ആശാനെ. ആശാന്റെ കർമ്മം അച്ഛനെ സന്തോഷിപ്പിക്കുന്നു, ഞങ്ങൾക്കു ഭാഗ്യവും വരുത്തിയേക്കാം."

കൊടന്ത ആശാൻ: "എന്റെ കുഞ്ഞമ്മേ! ഞാൻ ഇവിടെ ധരിപ്പിച്ച അഭിപ്രായം ഒന്ന് അങ്ങോട്ടു പറഞ്ഞുകേൾപ്പിക്കണേ! കുഞ്ഞിന്റെ സേവയ്ക്കു പറഞ്ഞതല്ലല്ലോ. ആ തമ്പുരാൻ നമുക്കു കൊള്ളുല്ലെന്ന് ഞാൻ ഖണ്ഡിച്ച്-"

മീനാക്ഷിഅമ്മ: (ആജ്ഞാസ്വരത്തിൽ) "ഇവളെക്കൂടി ഗുരുത്വക്കേടു പഠിപ്പിക്കരുത്."

കന്യകയുടെ അതിപ്രസന്നമായിരുന്ന മുഖം നീരസത്താൽ വാടി, മാതൃഭുജത്തിൽ നമിച്ചു. തമ്മിൽ കടികൂടി ചാക്കിനടുത്തവൾ തുലയട്ടെ, പിന്നൊരു കൈ നോക്കിക്കൊള്ളാം' എന്നു കരുതിക്കൊണ്ട് കന്യകയും മാതാവും തമ്മിലുണ്ടാകാവുന്ന ശണ്ഠയെ മുടക്കാൻ നിൽക്കാതെ ആശാൻ ആ തളത്തിൽനിന്നു യാത്രയായി.

ഈ കന്യക മീനാക്ഷിഅമ്മയുടെ പ്രണയപാരിജാതത്തിൽനിന്ന് ഉല്പന്നമായുള്ള ഒരു സൗഭാഗ്യകോരകമാണെന്നു രണ്ടുപേരുടെയും

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/22&oldid=168061" എന്ന താളിൽനിന്ന് ശേഖരിച്ചത്