താൾ:Ramarajabahadoor.djvu/247

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


മുഖപ്പിൽവച്ച് ഒരു കളകണ്ഠീസംഘത്തിന്റെ ആർത്തരാഗപ്രലാപം സമ്മേളിക്കപ്പെട്ടു. ആ നർത്തകീസംഘത്തിലെ ചിത്രസേനൻ കാര്യക്കാരായ ബഹുശാസ്ത്രവിദഗ്ദ്ധൻറെ മുൻപിൽ അക്ഷണം ആനീതനായി. ഭരതകലാപരീക്ഷണത്തിൽ ആ നാടകാചാര്യർ നിശ്ശബ്ദനായിനിന്നു വിയർപ്പായി വിദ്രവിച്ചുതുടങ്ങി. "നിലത്തു നിന്നില്ലെങ്കിൽ!" എന്നു മാത്രമുള്ള ഒരു ക്രോധാട്ടഹാസം ആ ഭരതാചാര്യരെ ഉദ്ധൂതോദ്യോഗനാക്കാതെ തല്ക്കാലം രാജമന്ദിരവളപ്പിൽനിന്നു പലായനം ചെയ്യിച്ചു. നർത്തകികളായ അമ്പു, അമ്മയ, രാമലക്ഷ്മി, ഉമയപാർവ്വതി പ്രഭൃതികൾ തങ്ങളുടെ സംഗീതകലാവിഷയത്തിലുള്ള നിസ്സാരതയെ ഓർത്തു, താദൃശപരീക്ഷകളിലെ സ്വേദസ്രവണംകൂടാതെ കഴിവാനായി സങ്കടമറിയിപ്പിൽനിന്നു വിരമിച്ചു.

അടുത്തപോലുണ്ടായ പ്രക്ഷോഭം അകത്തെ പ്രവൃത്തിക്കാരായ ബാഹുജസംഘത്തിനിടയിലും സങ്കടസമർപ്പണം പള്ളിശ്ശയനാലയത്തിലുംതന്നെ ആയിരുന്നു. മഹാരാജാവു തന്റെ സേവകപരിവൃഢനായുള്ള 'കൃഷ്ണപുര'ത്തോടു സ്വസമീഹിതത്തെ കല്പിച്ചു. "ആ കണ്ഠീരവന്റെ ശ്രമം ഞാൻതന്നെ കണ്ടതാണ്. വല്ല കമ്പക്കൂത്താടിയും ഇങ്ങോട്ടു ചാടിക്കടക്കുമ്പോൾ നിങ്ങൾ വല്ലടത്തുമിരുന്നു ചുട്ടിമുനയെണ്ണുകയായിരിക്കും. കാലസ്ഥിതികൾ നിങ്ങൾ എന്തറിഞ്ഞു? ധർമ്മസമരക്രമങ്ങൾ കഴിഞ്ഞ യുഗത്തോടെ അവസാനിച്ചു. ഇപ്പോൾ ഗൂഢവധങ്ങൾകൊണ്ടുള്ള വിജയാപ്തിയെ കിരീടധാരികളും ആഗ്രഹിക്കുന്നു. അതിനു, ധനകാംക്ഷികൾ ആയുധങ്ങളായി ചെന്നു ചാടി തീട്ടൂരങ്ങൾ വാങ്ങി പല വേഷത്തിലും പുറപ്പെടുന്നു. നല്ലോണം ഉരച്ച് മാറ്ററിഞ്ഞ് അടുപ്പിച്ചിട്ടുള്ള വിശ്വസ്തന്മാർ ഓരോ വ്യവസ്ഥകൾ ചെയ്യുമ്പോൾ ഞാൻ വിലങ്ങെ വീഴാൻ തയ്യാറല്ല. പോവുക. കാര്യക്കാരെ മുഷിപ്പിച്ചാൽ അവിശ്വാസിയെന്നു നാം വിചാരിച്ചതായി അവൻ വ്യസനിച്ചേക്കും. നാം എല്ലാം സുഖമായി കുളിച്ചുജപിച്ചു പായസം ഉണ്ട് കാറ്റും വെയിലും കൊള്ളാതെ ഉറങ്ങുന്നു. എത്ര പേരാണ് അങ്ങോരോ കാട്ടിലും കായൽക്കരയിലും മുൾപ്പടർപ്പിലും പുഴക്കുഴികളിലും കിടന്നു കഷ്ടപ്പെടുന്നത്!" (മഹാരാജാവിന്റെ വളർത്തപ്പെട്ടുള്ള മീശ ജൃഭിച്ചു മുഖം രൗദ്രരസപ്രസരം കൊണ്ടു വിപ്ലവിക്കുകയും ചെയ്തു) "അല്പം ബുദ്ധിമുട്ടു തൽക്കാലം സഹിക്കുവാൻ മനസ്സില്ലാത്തവർ-"

രാമവർമ്മമഹാരാജാവിന്റെ അരുളപ്പാട് ഖഡ്ഗധാരസംഘർഷണസ്വനത്തിന്റെ മൃദുസൂക്ഷ്മതയിൽ എത്തിയപ്പോൾ, ആ വാചകം പൂർത്തിയാക്കാൻ ഇടകൊടുക്കാതെ ആവലാതിക്കാർ രാജസന്നിധിയെ വിവിക്തസങ്കേതമാക്കിപ്പൊലിഞ്ഞു.

മാംസകാക്ഷികളായുള്ള വ്യാഘ്രങ്ങൾ തങ്ങളാൽ ഹനിക്കപ്പെട്ട സാധുമൃഗങ്ങളുടെ ശരീരങ്ങളെത്തേടി വീണ്ടും നിധനസ്ഥലങ്ങളിൽ എത്തുമ്പോലെ ഗൗണ്ഡൻ അനന്തനഗരിയിൽ രണ്ടാമതും വ്യാപാരശാലാസ്ഥാപനം ചെയ്തു. അയാളുടെ അനുചരസംഘം ബഹുഗണീഭവി

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/247&oldid=168091" എന്ന താളിൽനിന്ന് ശേഖരിച്ചത്