Jump to content

താൾ:Ramarajabahadoor.djvu/248

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ച്ചിട്ടുള്ളതായും പൗരന്മാരുടെ ഭയഗ്രസ്തമായുള്ള നേത്രങ്ങൾ ദർശിച്ചു. രാജപാദങ്ങളിൽ ശരണപ്രാർത്ഥകരായി എത്തുന്നവരുടെ പരമാർത്ഥങ്ങളെ അന്വേഷിക്കാതെ നൽകപ്പെടുന്ന അഭയം ആത്മഹത്യയ്ക്ക് ഉപകരിക്കുന്ന പാശത്തിന്റെ നിർമ്മാണമല്ലേ എന്നു നഗരവാസികൾ പരസ്പരം പ്രശ്നംചെയ്തു. കേരളീയരും വിദേശീയരുമായി ഗൗണ്ഡന്റെ വിശേഷായുധങ്ങൾ ധരിച്ചുള്ള ഭടന്മാർ നഗരവീഥികളിൽ സഞ്ചാരം തുടങ്ങിയപ്പോൾ, കാര്യക്കാരുടെ ദീർഘദർശിത്വം അസ്തമിച്ചുപോയോ എന്നു ജനങ്ങൾ ആശ്ചര്യപ്പെട്ടു. ഇതിനിടയിൽ കിഴക്കേ നന്തിയത്തുനിന്ന് ഉണ്ണിത്താന്റെ പുത്രിയായ സാവിത്രിക്കുട്ടി നിർജ്ജീവസാധനമെന്നപോലെ ആരാലോ തസ്കരിക്കപ്പെട്ടിരിക്കുന്നു എന്നു കേട്ടപ്പോൾ, അച്ഛൻ പ്രഭുവിനെ വന്ദിച്ചുപോന്ന നിരവധി ഗൃഹവാസികൾ കൂട്ടമിളകി ജനവസതികളുടെ അരക്ഷിതസ്ഥിതിയെക്കുറിച്ചു നിർഭയം ആക്ഷേപാഭിപ്രായങ്ങൽ പ്രസിദ്ധീകരിച്ചു. സാവിത്രീകാമുകന്റെ അച്ഛൻ ദക്ഷിണതിരുവിതാംകൂറിലെ ഒരു പ്രഭുപ്രധാനനും അസംഖ്യം തുല്യഗൃഹങ്ങളോടു സംബന്ധമുള്ള ഒരു പ്രമാണിയും ആയിരുന്നതിനാൽ, ആ ദിക്കിലെ ജനങ്ങളും ഒരുവിധം സംഭ്രാന്തിക്കു വശന്മാരായി. അവസ്ഥകൾ മഹാരാജാവു ഗ്രഹിച്ചപ്പോൾ, കാര്യക്കാരെ വരുത്തി അവിടുത്തെ കൃപാഹ്രദമായ ഹൃദയം വേപഥുപ്പെടുന്ന പരമാർത്ഥത്തെ ഇങ്ങനെ അരുളിച്ചെയ്തു. "എന്താ കാര്യക്കാരേ, ഈ കേൾക്കുന്നത്? ഈ ഗൗണ്ഡശനി എന്തിനായിട്ട് ഇപ്പോഴത്തെ വക്രഗതിയിലോട്ടു ചിരിച്ചു? എങ്ങോട്ടെങ്കിലും ദൂരത്തു നീങ്ങിത്തുലയട്ടെ എന്നു വിട്ടപ്പോൾ, വീണ്ടും ഇങ്ങോട്ടുതന്നെ ചാടി അനർത്ഥങ്ങളുടെ ശകുനമാകുന്നതു കണ്ടില്ലേ?"

കാര്യക്കാർ: (താൻ അറിഞ്ഞിരുന്ന ഗൗണ്ഡോദ്ദേശ്യത്തെ പുറത്തുവിടാതെ) "അടിയൻ! അയാളുടെ മുമ്പിലത്തെ കച്ചവടം നല്ലനടപ്പിലായിരുന്നു എന്നു കേട്ടിട്ടുണ്ട്. വലിയ ക്രയവിക്രയങ്ങൾ ഉദ്ദേശിച്ചു നല്ലവണ്ണം ചെമ്പുകാശു കുമിഞ്ഞുവങ്കിലും ചിലതിലെല്ലാം ഇളിഭ്യംപറ്റി. ഇപ്പോൾ യുദ്ധം അടുക്കുന്ന കാലവുമാണല്ലോ. മുമ്പിലത്തെപ്പോലുള്ള നല്ല പ്രചാരമില്ലെങ്കിലും വല്ലവരുടെയും കണ്ണിൽ മണ്ണിട്ടു വല്ലതും പറ്റിക്കാമെന്നുവച്ചു വിടകൊണ്ടിരിക്കുകയാണ്."

മഹാരാജാവ്: "വിളംബരം അനുസരിച്ചു വിദേശീയന്റെ നിലയിൽ അയാളെ ബന്ധനത്തിലാക്കിക്കൂടെ?" ആ നടപടി ലഘുനിവർത്തിതമാണെങ്കിലും ബന്ധനത്തിലാക്കുന്നതുകൊണ്ടു മാത്രം ഗൗണ്ഡന്റെ നിഷ്ഠുരതയ്ക്കു ശമനം വരുകയില്ലെന്നു മഹാരാജാവിന്റെ കൃപാധോരണി അയാളെ ശിക്ഷിക്കേണ്ട ഘട്ടത്തിൽ രക്ഷിച്ചേക്കുമെന്നും തോന്നി ഖണ്ഡിച്ചുള്ള തിരുവുള്ളത്തെ പ്രസ്രവിപ്പിക്കുവാനായി കാര്യക്കാർ ഇങ്ങനെ അറിയിച്ചു:

"അയാൾ പല കമ്പനിക്കാരുടെയും നവാഭന്മാരുടെയും തീട്ടൂരങ്ങൾ വഹിക്കുന്ന വ്യാപാരിയാണ്. അന്യരാജ്യക്കാരുടെ വ്യാപാരം ഇവിടെ പ്രബലപ്പെടണമെന്നാണ് തിരുവുള്ളത്തിൽ ആഗ്രഹവും."

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/248&oldid=168092" എന്ന താളിൽനിന്ന് ശേഖരിച്ചത്