താൾ:Ramarajabahadoor.djvu/246

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാര്യക്കാർ ഊഹിച്ചു: "പറഞ്ഞേക്ക്. ശങ്കിക്കണ്ടാ. എന്നെ കൊല്ലുന്നതിന് ഇങ്ങോട്ടു നീങ്ങോനോ മറ്റോ ഭാവമുണ്ടോ?"

ഭംഗാരാം കാര്യക്കാരുടെ അഭിപ്രായം ശരിയെന്നുള്ള ഭാവത്തിൽ തലകുലുക്കി.

കുഞ്ചൈക്കുട്ടിപ്പിള്ള: "എന്നാൽ, എന്റെ ഉപദേശങ്ങൾ മറന്നേക്ക്. അയാൾ താനേതന്നെ ഇങ്ങോട്ടു വന്നു ചാടട്ടെ, നടക്ക്. നീ അശരണനാകുന്നെങ്കിൽ ഇങ്ങോട്ടു പോന്നേക്ക്."

'പാശ്ചാത്യ' എന്ന തല കുമ്പിടീക്കും വിശേഷണത്താൽ മുന്നകമ്പടി സേവിക്കപ്പെട്ടുള്ള 'പരിഷ്കാര'ത്തിന്റെ പരിപൂർണ്ണപ്രവാഹത്തിന് ഒരു ശതവർഷം മുമ്പുള്ള കാലത്തെ വഞ്ചിരാജമന്ദിരം അതിലെ പരിചാരകന്മാർക്കും ദരിദ്രപൗരന്മാർക്കും കല്പകവൃക്ഷനിബിഡമായ ഒരു സ്വർഗ്ഗോദ്യാനമായിരുന്നു. ദിവാൻജി വടക്കോട്ടു യാത്രചെയ്‌വാനുള്ള പത്തേമാരിയിൽ കയറിയതിനു മുൻപ് ആ ഉദ്യാനത്തിലെ ഒന്നുരണ്ടൊഴികെയുള്ള കവാടങ്ങൾ വിശേഷാൽ പൂട്ടുകളിട്ടു ബന്ധിക്കപ്പെട്ടു. തുറന്നുനില്പാൻ അനുവദിച്ച വാതിലുകളിലെ ഗാട്ടുകൾ ഇരട്ടിച്ചു. പ്രവേശനബഹിർഗ്ഗമനങ്ങൾ നിഷ്കർഷമായ നിയമങ്ങളാൽ വ്യവസ്ഥാപിതമായി. എന്നു മാത്രമല്ല, രാജാധിവാസസങ്കേതം മുഴുവൻ ഒരു ഭടജനപ്രാകാരത്താൽ വലയിതമാവുകയുംചെയ്തു.

ഈ നിഷ്കർഷകളാൽ പീഡിപ്പിക്കപ്പെട്ട നിസ്സ്വന്മാർ മഹാരാജാവിന്റെ വിജയത്താൽ പൂർവ്വസ്ഥിതികളുടെ ആവർത്തനം ശീഘ്രതരം സംഭവിക്കട്ടെ എന്നു പ്രാർത്ഥിച്ച് അടങ്ങി. എന്നാൽ രാജമന്ദിരത്തിലെ പുറംപരിചാരകന്മാർ കാര്യക്കാരുടെ ഏർപ്പാടുകളിൽ ഒരു രാവണോദയം കണ്ട് രാമശരം താന്താങ്ങൾതന്നെ വഹിച്ചു ലങ്കയ്ക്കു നേരേ സൂര്യോദയം ഉണ്ടാക്കാൻ യത്നിച്ചു. ഇപ്രകാരമുള്ള ദശകണ്ഠനിധനത്തിനു ധൃതദണ്ഡന്മാരായ ഭൃത്യസംഘത്തിലെ ഒന്നുരണ്ടു നേതാക്കന്മാരുടെ കർണ്ണദലങ്ങൾ കാര്യക്കാരുടെ ലോഹാംഗുലീഗ്രഹണത്തിന്റെ ശൈത്യസുഖത്തെ അനുഭവിച്ചറിഞ്ഞപ്പോൾ, പരിചാരകചക്രം രാവണവധത്തിനു മുമ്പെ പാലാഴിയിൽ ഒരു സങ്കടസമർപ്പണം ഉണ്ടാകേണ്ടതാണല്ലോ എന്നു സ്മരിച്ചു കലാപശ്രമങ്ങളെ കൈവിട്ടു. നഗരിയിലെ ഏകവസ്ത്രപ്രഭുക്കൾക്കും പല കുറിക്കാരായ രസികവർഗ്ഗത്തിനും പുരൂരവസ്ഥാനപ്രദായിനികളായി വിലസിയിരുന്ന രാജമന്ദിരോർവ്വശികൾ അടുത്തപോലുള്ള പ്രക്ഷോഭകാരിണികളായി അണിയിട്ടു. അവരുടെ വാഞ്ഛാനുസാരമായുള്ള സഞ്ചാരങ്ങൾക്കു സഹകാരിയായി തങ്ങളുടെ 'ആറുമുറി'യായ അഭ്യാസശാലയിൽനിന്ന് അതിന്റെ പൂർവഭാഗത്ത് സരസ്തീരത്തിലേക്കുണ്ടായിരുന്ന ഒരു വാതിലിന്റെ ഉപയോഗത്തെയും കുഞ്ചൈക്കുട്ടിപ്പിള്ളയുടെ കഠിനവ്യവസ്ഥകൾ നിരോധിച്ചപ്പോൾ, മഹാരാജാവിന്റെ കോവിലെഴുന്നള്ളത്തുസന്ദർഭത്തിൽ നാടകശാല എന്ന ഗോപുര

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/246&oldid=168090" എന്ന താളിൽനിന്ന് ശേഖരിച്ചത്