താൾ:Ramarajabahadoor.djvu/245

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭംഗാരാമൻ: "ആശിസ്കരനാകേണ്ട സ്വാമിൻ! ഈ അല്പപ്രജ്ഞൻ എന്തു ചെയ്യും? തനിച്ചിരിക്കുമ്പോൾ മാത്രമേ തക്കം കിട്ടുകയുള്ളു. അപ്പോൾ ഉണർച്ചയോടിരിക്കുന്നതായാൽ, ഭട്ടഗുരുക്കൾ അടുത്തുകൂടാത്ത കാട്ടുപോത്താണ്. ധ്യാനവേളകളിൽ അവസരം കിട്ടി, കഠാര ഉയർത്തിയ കൈ 'കേശവാ!' എന്ന ജപത്താൽ തളർത്തപ്പെട്ടു. ഭഗവന്നാമം ഉച്ചരിക്കൂമ്പോൾ കൊല്ലപ്പെട്ടാൽ അവനു സ്വർഗ്ഗമല്ലേ? ഇവൻ ആ ദേഹിയാൽ ശപിക്കപ്പെടില്ലേ?"

കുഞ്ചൈക്കുട്ടിപ്പിള്ളയ്ക്ക് ആ കേശവനാമപാരായണത്തിന്റെ സാരം ലഘുഗ്രാഹ്യമായിരുന്നു. ധനാധികാരപ്രതാപങ്ങളെ മാത്രം ആരാധിക്കുന്ന ആ പാഷണ്ഡൻ വിഷ്ണുധ്യാനത്തിൽ അമരുകയെന്നുള്ള അസംഭാവ്യതയെ ഗ്രഹിപ്പാൻ കഴിയാത്ത ഭംഗാരാമന്റെ മൗഢ്യത്തെ അദ്ദേഹം ശപിച്ചു. രാജകോപവും മന്ത്രിനയവും വിലകിനിൽക്കയാൽ, ആയുർവൃദ്ധികിട്ടുന്ന ഗൗണ്ഡന്റെ ദ്രോഹകൂടത്തെ ഇതര ഹസ്തത്താൽ ധ്വംസിക്കുന്നതിനു പ്രയോഗിച്ച ചാണക്യാശസ്ത്രം മൃദുഷ്പമാത്രമായി കലാശിച്ചതുകണ്ടപ്പോൾ അദ്ദേഹം കോപിഷ്ഠനുമായി. "ഛേ! ജളപ്രഭു! പശു തിന്നുന്ന വർഗ്ഗത്തെ സേവിക്കുന്നവർക്കു ധ്യാനവേളയോ? ആട്ടെ പോ, ആ ദുഷ്ടകരം ഉത്ഭവിപ്പിച്ച പ്രേതം ഉണർച്ചയിലും ഉറക്കത്തിലും നിന്നെ കഷ്ടപ്പെടുത്തട്ടെ! പിശാചരൂപങ്ങൾ നിന്റെ കണ്ണുകൾക്കു മുമ്പിൽ അണിയിടട്ടെ! ഞാൻ തന്ന യന്ത്രത്തിന്റെ ശക്തി ഇന്നോടെ നഷ്ടം; നടക്ക്."

തന്നെ സ്വപ്നഭീതികളിൽനിന്നും രക്ഷിച്ചുപോന്ന യന്ത്രത്തിന്റെ മന്ത്രശക്തി ഇങ്ങനെയുള്ള ഉപസംഹാരശാപത്താൽ നഷ്ടമാക്കപ്പെട്ടപ്പോൾ, അത്യാതുരനായ ഭടൻ കാര്യക്കാരുടെ പാദങ്ങളിൽ വീണു ധൂളി വാരി വായിലിട്ടും തലയിലറഞ്ഞും കരഞ്ഞു. അദ്ദേഹം കർണ്ണഭേദകമായ ഒരു ഹാസക്രോശത്താൽ അവനെ എഴുനേല്പിക്കുകയും, മന്ത്രമായി ചിലത് ഉപദേശിക്കുകയും ചെയ്തിട്ടു തിരിഞ്ഞും നിലത്തു നോക്കാതെ പറന്നുകൊൾവാൻ ആജ്ഞാപിച്ചു.

ഭംഗാരാമൻ ഗണ്ഡരോമങ്ങളെ ചൊറിഞ്ഞും പാദങ്ങളെ പരസ്പരം ഉരുമ്മിയും, "സ്വാമിജീ! സ്വാമിജീ!" എന്നു മന്ത്രിച്ചുംകൊണ്ട് അവിടെത്തന്നെ നിലകൊണ്ടു. വേറൊരു വൃത്താന്തംകൂടി ആ ഭടനു ധരിപ്പിക്കുവാൻ ഉണ്ടെന്നു സംശയിക്കുകയാൽ കാര്യക്കാർ, "ഭംഗാരാമന്റെ ഉദരപക്ഷികൾ വിശപ്പു നിമിത്തം കേഴുന്നുവോ?" എന്നു നർമ്മരസാനുകാരിയായി അന്വേഷിച്ചു.

ഭംഗാരാമൻ: "ക്ഷമിക്കണേ സ്വാമിജീ! ഗൗണ്ഡഗുരുപാദർക്ക് ഈയിടെ വേറൊരു ശത്രു ഉണ്ടായിരിക്കുന്നു. കണ്ടുകൂടാത്ത പല്ലുകൾ ഞെരിച്ചുകൊണ്ടും മീശജടയെ ചിലപ്പോൾ വലിച്ചുപൊട്ടിച്ചും ഒരു കൊലകൂടി ചെയ്തിട്ടു ടിപ്പു സൈന്യത്തോടു ചേരുമെന്ന് ഉറക്കെ പറഞ്ഞുപോകുന്നു. ശത്രുവിന്റെ പേർ-"

ദീർഘകാലദാഹത്തെ ശമിപ്പിപ്പാൻ കിട്ടിയ ഭാഗ്യാവസരത്തിൽ തന്റെ കരനിരോധംകൊണ്ടു കഴക്കൂട്ടത്തെ കൂപസ്ഥധനം ആ ഭുതത്തിനു നഷ്ടമാക്കിത്തീർത്ത താൻതന്നെയാണ് ഭംഗാരാമൻ പറയുന്ന ശത്രു എന്നു

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/245&oldid=168089" എന്ന താളിൽനിന്ന് ശേഖരിച്ചത്