താൾ:Ramarajabahadoor.djvu/244

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്ലവംഗകിശോരമായിത്തീർന്നു. മീനാക്ഷിഅമ്മയെ ഗൗണ്ഡൻ പെരിഞ്ചക്കോടനോടൊന്നിച്ചു സന്ദർശിച്ചുവെന്നും ആ ബന്ധുക്കൾ ബാലിസുഗ്രീവനിലയിൽ പിരിഞ്ഞു എന്നും ഗൗണ്ഡൻ തന്റെ തൽക്കാലസങ്കേതത്തിലേക്കു മടങ്ങി മന്ത്രിനിഗ്രഹത്തിനു വ്യൂഹബന്ധം ഉറപ്പിച്ചു കാത്തിരിക്കുന്നു എന്നും ഈ സംഘടനയിൽനിന്നു കര്യക്കാർ ഗ്രഹിച്ചു. ആ ഖരവിരാധമൈത്രി ദൈവഗതിയാൽത്തന്നെ ഖണ്ഡിക്കപ്പെട്ട വൃത്താന്തത്തെ ഒരു വിജയലബ്ധിയായി കര്യക്കാർ തന്റെ സ്മൃതിഗ്രന്ഥത്തിൽ ലേഖനംചെയ്തു.

ജാതിവൈരത്താൽ എന്നപോലെ രാജാധികാരദ്രോഹത്തെ ജീവവ്രതമായി ധരിച്ചിരിക്കുന്ന ഗൗണ്ഡന്റെ സാന്നിദ്ധ്യത്തെ ഒരു ജ്വാലാമുഖീവക്ത്രത്തിന്റെ വിപാടനഘട്ടം എന്നപോലെ പേടിക്കേണ്ടതാണെന്നു ധീരാഗ്രേസരനായ കാര്യക്കാർക്കും തോന്നി. അയാളുടെ അജ്ഞാതവസതിയെ ഉപേക്ഷിച്ചു സ്വഭീമപരമാർത്ഥത്തെ പ്രസിദ്ധീകരിച്ചാൽ, ധനപരിച്ഛദപൗഷ്കല്യം പ്രമാണിച്ചു വലുതായ ഒരു അനുയായി സംഘം ഉണ്ടായേക്കുമെന്നും തന്നിമിത്തം തലസ്ഥാനത്തിനടുത്തുതന്നെ അന്തഃഛിദ്രങ്ങൾ ഉല്പാദിച്ച് അധികാരശക്തിക്കു ക്ഷതവും ക്ഷീണവും സംഭവിച്ചേക്കുമെന്നും അദ്ദേഹം പേടിച്ചു. 'രോഗശേഷ'മായി രാജ്യത്തെ ബാധിച്ചിരിക്കുന്ന ഈ പീഡയെ 'വാൾഭട'പ്രയോഗത്താൽത്തന്നെ ഉന്മൂലനം ചെയ്യേണ്ട കർമ്മത്തെ തൽക്ഷണം അനുഷ്ഠിക്കേണ്ടതാണെന്നും കാര്യക്കാർ തീർച്ചയാക്കി. എന്നാൽ, മഹാരാജാവിനെ അവിടുത്തെ ആശ്രിതവാത്സല്യവും ദിവാൻജിയെ അദ്ദേഹത്തിന്റെ ബന്ധുദാക്ഷിണ്യവും ഇക്കാര്യത്തിൽ ക്രിയാക്ഷീണന്മാരാക്കുന്നതിനാൽ, ആ ദുർമ്മേദസ്സമുച്ചയത്തിന്റെ വിച്ഛേദനത്തിനുള്ള ശസ്ത്രം താൻതന്നെ ആയേക്കാമെന്നു നിശ്ചയിക്കുകയും ചെയ്തു.

ഈ വിധിനിർവ്വഹണത്തിലെ പ്രഥമകരണീയമായി അദ്ദേഹം ഗൗണ്ഡഭടനെ അവന്റെ ഭാഷയിൽ ഭർത്സിച്ചുതുടങ്ങി: "അരരേ ഭംഗാരാം! നിന്റെ തകർപ്പുമോശം! നിന്റെ പ്രതിജ്ഞ വല്ല പുരുഷനും ചെയ്യേണ്ടതായിരുന്നു."

ഭംഗാരാമൻ: "സ്വാമിജീ! തക്കംനോക്കി കത്തി ഇറക്കണമെന്നു ഗുരുജിതന്നെ ശാസിച്ചിട്ടില്ലേ? സുർത്താൻ ബഹദൂർസന്നിധാനത്തിലെ സ്ഥാനപതിയെ കൊലചെയ്തു എന്നു വെളിപ്പെട്ടാൽ, പട്ടിണിക്കാരൻ ഭംഗാരാമന്റെ കുടുംബവും ജന്മദേശമായ തുംകൂർഗ്രാമവും ഭസ്മായിത്തീരൂല്ലേ?"

കുഞ്ചൈക്കുട്ടിപ്പിള്ള: "ശരി, ശരി, തുംകൂർ ഭംഗാരാ! നീ കരൾ കളഞ്ഞ കുറുനരി. വീര്യം വരണ്ട ഭീരു. പേ പറയുന്ന കട്ടിയക്കാരൻ. സ്വപ്നക്കാരനായി നടക്കാനല്ലാതെ മറ്റൊരാളെ ഉറക്കാൻ നിനക്കു കരുത്തില്ല."

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/244&oldid=168088" എന്ന താളിൽനിന്ന് ശേഖരിച്ചത്