താൾ:Ramarajabahadoor.djvu/243

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അന്തരീക്ഷചക്രമാർഗ്ഗമായി അനിവാര്യഗമനംചെയ്യുന്ന ഗ്രഹങ്ങളുടെ സംയോഗാദ്യവസ്ഥകൾ ലോകഗതിനിയന്ത്രകന്മാരായ പരാക്രമികളെ അവതരിപ്പിക്കുന്നു എന്നു വിവക്ഷിക്കുന്ന വിശ്വരഹസ്യജ്ഞന്മാർ ഇന്നും ശാസ്ത്രവേദികളിലെ മിഹിരാചാര്യന്മാരായി ശോഭിക്കുന്നു. ലോകസ്ഥിതികളുടെ അഥവാ രാജ്യസ്ഥിതികളുടെ ഉന്നമനപരിഷ്കരണങ്ങളെ ഏവംവിധം അവതീർണ്ണരാകുന്നവരുടെ ജീവബലികളും ജീവിതബലിഷ്ഠതയും സാധിക്കുന്നു. ഇവരുടെ കണ്ഠരക്താമൃതപ്രോക്ഷണങ്ങൾ ലോകരാജ്യങ്ങൾക്കു ജരാനരകളെ പോക്കി അമരത്വത്തെ ദാനം ചെയ്യുന്നു. ഉപകൃതലോകത്തിന്റെ ഭീരുത്വം, അസൂയ, അന്ധത എന്നിത്യാദി ആത്മതാമിശ്രതകൾ നിമിത്തം ഈ വിശിഷ്ടാപദാനങ്ങൾ ചിലപ്പോൾ വിസ്മരിക്കപ്പെടുന്നു. പ്രത്യുത നിസ്സാരകർമ്മികൾ സ്മാരകാലയപ്രതിഷ്ഠാപനങ്ങളാലും മറ്റും ഭഗവൽപദവിയിലോട്ടുതന്നെ ഉന്നമിക്കപ്പെടുന്നു. ചരിത്രകാരന്മാർ എന്ന ലോകവൈതാളികന്മാർ പലരെയും തങ്ങളുടെ ഗ്രന്ഥശയ്യകളിൽ പടുപ്പിച്ച് താന്താങ്ങളുടെ രുചിഭേദാനുസാരം തൂലികകളാൽ ദണ്ഡിക്കുകയോ വീജനം ചെയ്യുകയോ ചെയ്യുന്നു. അനന്തരാനുഭവങ്ങൾ എങ്ങനെ പരിണമിച്ചാലും ഈ വീരപ്രസവങ്ങളിലെ സന്താനങ്ങൾ ലോകത്തെ അത്ഭുതസംഭ്രമണം ചെയ്യിച്ചു വിജയിച്ചും ജീവധന്വാക്കാളായി ആന്ധ്യത്തോടോ കണ്ടകത്വത്തോടോ സമരം ചെയ്തു വിച്ഛിന്നപക്ഷന്മാരായും ജീവിതാസ്തഗിരിയിലെ അവസാനശാന്തിയെ ഭജിക്കുന്നു.

ഈ വർഗ്ഗം വീരലോകത്തെ പക്ഷേ, സ്മരിപ്പിച്ചേക്കാവുന്ന കാര്യക്കാർ വടക്കുമാറി ഒരു വിശേഷവേഷത്തെ കണ്ടപ്പോൾ ജന്മാവാസനാനുസാരം പ്രവേശിച്ചിരുന്ന ചിന്താസരണിയിൽനിന്നു വീണ്ടും ലോകകാര്യമണ്ഡലത്തെ പ്രാപിച്ച് ആ വിചിത്രവേഷക്കാരൻ തന്നോടു സംഭാഷണത്തിന് അഭിവാഞ്ഛിച്ചുനില്ക്കുന്നതുപോലെ തോന്നുകയാൽ അദ്ദേഹം ആംഗ്യംകൊണ്ട് അവനെ അടുത്തു വരുത്തി. ഇവൻ ദിവാൻജിയുടെ യാത്രാമുഹൂർത്തത്തെ സൂക്ഷ്മമായി അറിഞ്ഞ് ഗൗണ്ഡപ്പാളയത്തിൽ മുന്നറിവുകൊടുക്കാൻ നിയുക്തനായ ഒരു ഭടനായിരുന്നു. ഗൗണ്ഡനിഗ്രഹത്തിനായി ബകതപസ്സ് അനുവർത്തിക്കുന്ന ഇവനെ മന്ത്രഭീഷണിയും കൈക്കാണവും പ്രയോഗിച്ചു കാര്യക്കാർ പാട്ടിലാക്കിയിരുന്നു. ഗൗണ്ഡസഭയിലെ മഹിഷമർദ്ദിനീസാന്നിദ്ധ്യത്തെ പ്രദ്യോതിപ്പിച്ച ദ്വാസ്ഥന്റെ സ്ഥാനം വഹിച്ചതു കാര്യക്കാറരും, ആ വേഷസാമഗ്രികൾ കടംകൊടുപ്പാൻ പ്രേരിപ്പിച്ച ദ്രവ്യവാഞ്ഛ ഇവന്റേതുമായിരുന്നു. ആ രാത്രിയിലെ ഉദ്യമരഹസ്യങ്ങൾ അറികയാൽ ഗൗണ്ഡപ്രഭൃതികളെത്തുടർന്നു പാണ്ടപ്പാളയത്തിലെ പരമാർത്ഥങ്ങൾ ഗ്രഹിച്ചു ദിവാൻജിയെ ധരിപ്പിക്കുവാനും കാര്യക്കാർക്കു സാധിച്ചു. കേരളം മഹിളാസാമ്രാജ്യവും അവിടത്തെ പുരുഷലോകം അഭിചാരകസംഘവും ആണെന്നു വിശ്വസിക്കുന്ന വിദേശീയജളത്വം ഈ ഭടനെ ആപാദമസ്തകം ഗ്രസിച്ചിരുന്നു. തന്നിമിത്തം ആ അന്ധവിശ്വാസിവേഷവാഗ്വ്യാപാരങ്ങളിൽ വൈഭണ്ഡകത്വം തന്നെ പ്രദ്യോതിപ്പിച്ചുവന്ന കാര്യക്കാരുടെ ചൊല്പടിക്കു ചുടുചോറുവാരുവാനുള്ള

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/243&oldid=168087" എന്ന താളിൽനിന്ന് ശേഖരിച്ചത്