താൾ:Ramarajabahadoor.djvu/242

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാര്യക്കാർ ജയദ്രഥകായനോ ഉന്നതഗ്രീവനോ ആയിരുന്നില്ല. എന്നാൽ സ്കന്ധങ്ങളുടെ കുംഭിമസ്തകതയും വക്ഷസ്സിന്റെ വിസ്തൃതിയും ഊരുജംഘാപ്രഥുലതയും കരങ്ങളുടെ യമദണ്ഡതയും 'ലങ്കാപുരഗോപുരമതിലുകൾ' തകർപ്പാൻ പോരുന്നവതന്നെ ആയിരുന്നു. ബാല്യം മുതല്ക്കുള്ള വ്യായാമവിവിധിത്വത്താൽ പരിപുഷ്ടമായിട്ടുള്ള കായലാഘവവും സമരചാതുര്യവും യോധസമിതികളെക്കൊണ്ട് അദ്ദേഹം ദ്രോണാചാര്യരുടെ കലിയുഗാവതാരം ആണെന്നുപോലും കീർത്തിപ്പിച്ചു. സൗജന്യപ്രകടനത്തിനു പ്രസാദിക്കാത്തപ്പോൾ ഭാഷണങ്ങൾക്കു പകരം സരൂക്ഷം പ്രക്ഷേപിതങ്ങളാകുന്ന ആംഗ്യങ്ങളും അക്ഷരഖണ്ഡങ്ങളും സൂക്ഷ്മത്തിൽ സരസനെന്നു ശ്രുതിപ്പെട്ടിരുന്ന ആ യമിപ്രവീരന്റെ വന്ദ്യതയെ വർദ്ധിപ്പിച്ചതേയുള്ളു. ഗളച്ഛേദനവും അശരണത്രാണവും ശിശുപരിലാളനവും സമാനഭാവത്തോടെ അനുഷ്ഠിച്ചുവന്ന ഈ ലോകാതീതന്റെ ഹൃദ്വേദിയിൽ പ്രതിഷ്ഠിക്കപ്പെട്ടിരുന്ന ദേഹിയുടെ രൂപഗ്രഹണം ദിവാൻജിക്കുപോലും ദുസ്സാധമായിരുന്നു.

കായംകുളം രാജവംശത്തിന്റെ സേനാപംക്തിയിൽ യജമാനത്വം കുടുംബാവകാശമായി വഹിച്ചിരുന്ന ഒരു ഭവനം, വിജയാവകാശത്തെ പുരസ്കരിച്ചു തങ്ങളുടെ ഭക്തിയെ മാർത്താണ്ഡവർമ്മമഹാരാജാവിന്റെ തൃപ്പാദങ്ങളിൽ അർപ്പിച്ചു. അനന്തരകാലത്തെ സമരഘട്ടങ്ങളിൽ ആ ഭവനനാഥന്മാരായ കാര്യക്കാരുടെ കാരണവന്മാർ വഞ്ചിരാജസൈനികനിരകളിൽ മേധാവിത്വം വഹിച്ചു യശസ്സമാർജ്ജനം ചെയ്തു. ബാല്യത്തിൽത്തന്നെ സിദ്ധാർത്ഥമഹാത്മാവെപ്പോലെ വിശ്വരഹസ്യങ്ങളെക്കുറിച്ചു ചിന്താവിവശനായ കുഞ്ചൈക്കുട്ടിപ്പിള്ള പരാശ്രയം കൂടാതെ തീർത്ഥയാത്ര ചെയ്‌വാൻ എന്നുദ്ദേശിച്ച് ബഹുഭാഷകളും അവസാനത്തിൽ വല്ല അശ്വത്ഥമൂലത്തിലും യോഗപീഠത്തെ സ്ഥാപിപ്പാൻ രാജയോഗരഹസ്യങ്ങളും അഭ്യസിച്ചതിനിടയിൽ വാസനപ്ലവംഗതയാൽ മാന്ത്രികപ്രയോഗങ്ങളുടെയും സമരകലയുടെയും ജീവബിന്ദുക്കളെക്കൊണ്ടുകൂടി തന്റെ പ്രജ്ഞാകർണ്ണികയെ സംസിക്തമാക്കുകയും ചെയ്‌തു. വിദഗ്ദ്ധനായ ഒരു ജ്യോത്സ്യൻ ഗണിച്ചു ലേഖനം ചെയ്ത തന്റെ ജന്മപത്രികയിൽ മൃത്യുസന്ധിയെ നിർണ്ണയം ചെയ്തിട്ടുണ്ടെന്നു ഗ്രഹിക്കുകയാൽ കുഞ്ചൈക്കുട്ടിപ്പിള്ള ആ കലാസിദ്ധിക്കായും ഗുരുപാദങ്ങളെ സേവിച്ചു. ആ അദ്ധ്യയനം സ്വായുർദ്ദൈർഘ്യത്തെ സൂക്ഷ്മാനം ചെയ്‌വാനുള്ള പാണ്ഡിത്യത്തിൽ എത്തിയപ്പോൾ ഉണ്ടായ ഒരു അന്തർബോധാങ്കുരം തന്റെ കുടുംബനാമത്തെ ഗോപനം ചെയ്തുകൊണ്ടു രാജ്യസേവനം ജീവധാരണവൃത്തിയായി അംഗീകരിപ്പാൻ ഉപദേശിച്ചു. പ്രതിഭാഗ്രഹണത്തിൽ ഗൃധ്രനേത്രനായുള്ള കേശവപിള്ള ഒരു അപൂർവ്വസ്ഥാനനാമം വഹിച്ചിരുന്ന കുഞ്ഞുണ്ണി യുവാവെ 'കുഞ്ചൈക്കുട്ടിപ്പിള്ള' ആക്കി പണ്ടാരവക കാര്യങ്ങളുടെ നിർവ്വഹണത്തിൽ തന്റെ വിശ്വസ്തസ്ഥാനം നൽകി സൽക്കരിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/242&oldid=168086" എന്ന താളിൽനിന്ന് ശേഖരിച്ചത്