താൾ:Ramarajabahadoor.djvu/221

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നുദിവാൻജി: "അതേതേ, വേണ്ടാത്തതിൽ ചാടിയാൽ വിവേകം പൊയ്പോകും. എടാ, പാലൂട്ടിയ കയ്യിൽ കൊത്തുന്ന കാർക്കോടകാ! ഉണ്ണിത്താന് എന്തു പടുകുഴികൾ കുഴിച്ചു? ആ രായരെ നീ ചേർന്നല്ലേ വിടുവിച്ചത്? അതെല്ലാം പോട്ടെ; വഞ്ചിയൂർക്കാട്ടിലെ പറപാണ്ടയ്ക്കു നീ എന്തറിവു കൊടുത്തു? അവൻ എന്തു സമ്മാനങ്ങൾ തന്നു?"

കൊടന്തയാശാന്റെ താടി കീഴ്പോട്ടു താണു, വക്ര്‌തത്തിൽനിന്നു പേപിടിച്ച ശ്വാനനെന്നപോലെ നുരയും കഫജലവും ഒഴുക്കിയിട്ട്, അയാൾ നിലത്തു വീണ് സ്വകായംകൊണ്ടു കുടച്ചക്രവൃത്തങ്ങൾതന്നെ ലേഖനം ചെയ്തു. അവനെ ആ രംഗത്തിൽനിന്നും മാറ്റി തല്ക്കാലം ബന്തോവസ്തിൽ പാർപ്പിക്കാൻ ദിവാൻജി ഉത്തരവു കൊടുത്തു.

തന്റെ ഒരു സന്താനത്തിന്റെ നഷ്ടത്തെക്കാൾ സാവിത്രിയുടെ അപഹരണം ദിവാൻജിയെ സ്തബ്ധോന്മേഷനാക്കി. ചിന്തിക്കുന്തോറും അവളുടെ ശീലഗുണവൈശിഷ്ട്യങ്ങൾ ദിവാൻജിയുടെ കൃപാസ്നേഹമർമ്മങ്ങളെ വേദനപ്പെടുത്തി. അപഹർത്താവും അപഹരണോദ്ദേശ്യവും ദിവാൻജിയുടെ അന്തർനേത്രങ്ങൾക്കു സുപ്രത്യക്ഷമാവുകകൊണ്ട്, തന്റെ പ്രതിക്രിയാഖഡ്ഗത്താൽ ആ കന്യകയുടെ ഏകജീവനു പകരം നിരവധി കണ്ഠങ്ങൾ വിച്ഛേദിക്കപ്പെടുമെന്ന് അറിവാൻ വേണ്ട ബുദ്ധി ഘാതകനുള്ളതിനാൽ, തന്റെ വത്സയ്ക്കു ജീവാപായം ഉണ്ടാകയില്ലെന്നു സമാധാനപ്പെട്ടു. എങ്കിലും മൃതിപ്രാന്തസ്ഥയായിരിക്കുന്ന മാതാവായ മഹാസതിക്ക് ഈ വൃത്താന്തശ്രവണം ഖഡ്ഗനിപാതമായി ഭവിക്കുകയില്ലേ എന്ന് അദ്ദേഹം ഭയപ്പെട്ടു. രണ്ടാമത്തെ വിഷമപ്രശ്നം ആ ദമവിചക്ഷണന്റെ ആത്മനാളത്തെ ത്രസിപ്പിച്ചു. ഒരു ജ്വാലാമുഖിയുടെ പരിസരദാഹകമായുള്ള അഗ്നിപ്രവാഹം കൂടാതെ ഈ വൃത്താന്തത്തെ ത്രിവിക്രമകുമാരനെ എങ്ങനെ ധരിപ്പിക്കേണ്ടു? അടുത്തപോലുണ്ടാകുന്ന യുദ്ധസാഹസങ്ങൾക്കിടയിൽ ഭഗ്നമോഹനായുള്ള ആ യുവസേനാധിപന്റെ ക്ലാന്തമുഖം തന്നെത്തന്നെയും ക്ഷീണമനസ്കനാക്കിത്തീർക്കുകയില്ലേ എന്ന് അദ്ദേഹം വ്യാകുലപ്പെട്ട്, പല ദൗത്യങ്ങളും വഹിപ്പിച്ച് ആ കുമാരനെ തൽക്കാലം യുദ്ധരംഗത്തിൽനിന്നു ദൂരസ്ഥനാക്കിക്കളയാമെന്നു തീർച്ചയാക്കി.

ഇങ്ങനെയുള്ള അനന്തരക്രിയാനിശ്ചയങ്ങളോടെ ദിവാൻജി സ്വസ്ഥാവസ്ഥയിൽ ആസനസ്ഥനായി. ഈ ദൂരസ്ഥലത്തെ അപ്പോഴപ്പോഴത്തെ വർത്തമാനങ്ങൾ അനുക്ഷണം ലഭിക്കായികകൊണ്ടു തിരുവുള്ളത്തിൽ ഉണ്ടാകുന്ന ചാഞ്ചല്യത്തെക്കുറിച്ചു ചിന്തിച്ചുതുടങ്ങിയപ്പോൾ മുമ്പിൽനിന്നു, "ഇപ്പോൾ മനസ്സിനു സുഖമായി, ഇല്ലേ?" എന്ന് അപഹാസമൂർച്ഛയാലുള്ള ശബ്ദഭിന്നതയോടെ ഒരു ചോദ്യം പുറപ്പെട്ടു. സ്വരപരിചയംകൊണ്ട് കേശവനുണ്ണിത്താനെന്നറിഞ്ഞും ആ സന്ദർഭത്തിൽ സ്വബന്ധുവായ പരമശുദ്ധനെ വലയം ചെയ്തിരിക്കുന്ന അപമാനദുഃഖങ്ങളെ ആദരിച്ചും ദിവാൻജി എഴുന്നേറ്റു. കോപം, വ്യസനം, ലജ്ജ ഈ വികാരങ്ങൾ തിങ്ങി മുഖത്തെ കലുഷമാക്കിയിരിക്കുന്ന സ്ഥിതി

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/221&oldid=168063" എന്ന താളിൽനിന്ന് ശേഖരിച്ചത്