Jump to content

താൾ:Ramarajabahadoor.djvu/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിൽ, ചിലമ്പിനേത്ത് കേശവനുണ്ണിത്താൻ അദ്ദേഹത്തിന്റെ അച്ഛന്റെ ആവിർഭാവംതന്നെയോ എന്നുള്ള സംശയത്തെ ദിവാൻജിയിൽപ്പോലും ഉദ്ഭൂതമാക്കി. പ്രതിജ്ഞാനിർവഹണത്തിൽ ശിഥിലവീര്യനായ അർജ്ജുനനെ ഭർത്സിപ്പാൻ എത്തിയ നഷ്ടപുത്രന്റെ ബ്രഹ്മരൗദ്രതയോടെ നില്കുന്ന ഉണ്ണിത്താനോടു കുശലവാദം സമുചിതമല്ലെന്നു ഗ്രഹിച്ചു ദിവാൻജി മൗനം അവലംബിച്ചു. ഉണ്ണിത്താൻ കോപാന്ധനെന്ന നിലയിൽ കാര്യകാരണബന്ധങ്ങളെയും താർക്കികപദ്ധതികളെയും വിസ്മരിച്ച് ഇങ്ങനെ പ്രലപനം തുടങ്ങി:

"വർത്തമാനം എല്ലാം കേട്ടു മനസ്സു കുളിർത്തില്ലേ? എന്താ, ഇപ്പോഴെങ്കിലും പരമാർത്ഥം വെളിപ്പെട്ടുവോ? രഹസ്യങ്ങൾ പൊതിഞ്ഞുപൊതിഞ്ഞുവെച്ചാലും കാലാന്തരം സത്യത്തെ വെളിപ്പെടുത്തും. നല്ലവണ്ണം ഓർക്കണം. കഴക്കൂട്ടത്തു കുടുംബത്തിലാകട്ടെ, നന്തിയത്തുകാരുടെ എടത്തിലാകട്ടെ, ഈ ചാടിക്കടന്നു പൊയ്ക്കളയുന്ന വിദ്യ അഭ്യസിച്ചിട്ടില്ല. പിന്നെ ഇത് ഏതു കളരിയിലെ അടവാണെന്നു ഞാൻ പറയണമോ?"

സാവിത്രിയുടെ ജനയിതാവ് ദിവാൻജിതന്നെയാണെന്ന് ഉണ്ണിത്താൻ ഉപഗൂഹനംചെയ്തിരുന്ന രഹസ്യത്തെ ആ സന്ദർഭത്തിലെ അമർഷംകൊണ്ടു പ്രലപിച്ചുപോകുന്നു എന്ന് അദ്ദേഹത്തിനു മനസ്സിലായി. അപ്പോഴത്തെ വിവേകശൂന്യതയിൽ കാര്യവാദം ഉണ്ണിത്താനെ ഒന്നുകൂടി കോപിഷ്ഠനും ഭ്രാന്തചിത്തനും ആക്കുമെന്നു ഭയപ്പെട്ട് ദിവാൻജി നിശ്ശബ്ദനായി നിന്നു. ആ നിലയുടെ ഗാംഭീര്യം ഒഴിയാൻനോക്കിയ ആപത്തിനുതന്നെ പെരുവഴിയുണ്ടാക്കി. ഉണ്ണിത്താന്റെ അടുത്തപോലുള്ള പ്രലപനത്തിലെ ശബ്ദം ഒന്നുകൂടി ഉച്ചത്തിലായി.

"അതേതേ! മിണ്ടാതെ നിന്നു തോല്പിക്കാമെന്ന് ഒരു മിടുക്കുതോന്നുന്നുണ്ടായിരിക്കാം. ഒന്നുമറിയാത്ത ഞാൻ വിഴുപ്പു ചുമക്കണം. ഈ പുഴയിൽ ചാടിക്കളയുകയല്ലാതെ ഇവന് അപമാനത്തിൽനിന്നു രക്ഷ എന്ത്? ഈ തല ഞാൻ എവിടെക്കൊണ്ടൊളിക്കും? കുലഭ്രംശം വരുത്തിയ ആ പെണ്ണിന്റെ അച്ഛനെന്നു പേർകൊണ്ട ഞാൻ തിരുമുമ്പിൽത്തന്നെ എങ്ങനെ ചെല്ലും? ഇവിടുത്തെ പരിചയം കിട്ടിയത് ഇവന്റെ ദുരിതംകൊണ്ട്. ജഗദീശാ! അവിടുന്നുതന്നെ രക്ഷിക്കണം. ഞാൻ എന്തു ചെയ്യുന്നു? എങ്ങോട്ടു പോകുന്നു?"

ദിവാൻജി: "അങ്ങ് ഉടൻതന്നെ ഇവിടെനിന്നു തിരിച്ചു മകളെ വീണ്ടുകിട്ടാൻ വേണ്ട അന്വേഷണങ്ങൾ നടത്തണം. ഭാര്യയെ കണ്ടു സമാധാനപ്പെടുത്തുക. ദുസ്സംശയങ്ങൾക്ക്-"

ഉണ്ണിത്താൻ: "ദുസ്സംശയങ്ങൾക്കോ? അവനോന്റെ പല്ലിടകുത്തി നാറ്റാൻ ഞാൻ തയ്യാറല്ല. ഏയ്! അക്കഥ എന്തെങ്കിലും ആകട്ടെ. ഞാൻ കൈയൊഴിഞ്ഞ കാര്യമാണത്. ഞാൻ തർക്കിക്കുന്നില്ല. അങ്ങേസ്ഥിതിയോ? ആ പീഠത്തിൽ ഇരിക്കുമ്പോൾ എന്തും പറയാം, പ്രവർത്തിക്കാം. വിക്രമാദിത്യന്റെ സിംഹാസനമെന്നു കേട്ടിട്ടില്ലേ? അതിൽ കയറുമ്പോൾ ചില മഹത്ത്വങ്ങൾ തോന്നും."

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/222&oldid=168064" എന്ന താളിൽനിന്ന് ശേഖരിച്ചത്