താൾ:Ramarajabahadoor.djvu/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ദിവാൻജി: "അപ്പോൾ നിന്നെ ആരും ഓടിപ്പാൻ സംഗതിവന്നില്ല? അവിടെ നടന്ന കഥകളും ഒന്നും നീ അറിഞ്ഞിട്ടില്ല? അതുകൊണ്ടു അക്കാര്യത്തെപ്പറ്റി നിന്നോടു വല്ലതും ചോദിച്ചിട്ട് ആവശ്യവും ഉണ്ടെന്നു തോന്നുന്നില്ല. (പൊടുന്നനെ) ആട്ടെ. നീ ഉണ്ണിത്താന്റെ ചോറല്ലേ ഉണ്ടു വളരുന്നത്?

കൊടന്തയാശാൻ: "പൊന്നെജമാനെ, അതിനു വേണ്ട ഭക്തിയും ഉചിതവും തന്നെ ഇവനെ രക്ഷിക്കുന്നത്. അതുകൊണ്ടുള്ള ആശാന്റെ കൃപയല്ലാതെ ഇവന് എന്തൊരു ആലംബം, പൊന്നെജമാന്റെ കൃപാമഹിമയും അല്ലാണ്ട്."

ദിവാൻജി: "ആട്ടെ എന്നാൽ നിന്റെ ആ ഭക്തിയും എന്റെ കൃപയ്ക്കും ചേർന്നുള്ള നിന്റെ നേരു കാണട്ടെ. പൊന്നുതിരുമേനിയാകട്ടെ, ഞാനാകട്ടെ, നിന്റെ ആശാനാകട്ടെ, കണ്ടിട്ടില്ലാത്ത ഒരാളോടു നിനക്ക് അടുത്തു പരിചയം കിട്ടിയിട്ടുണ്ട്. എനിക്ക് അയാളെ ഒന്നു കാണുവാൻ ആഗ്രഹമുണ്ട്. നീതന്നെ തരമുണ്ടാക്കിത്തരണം. അതിനു തയ്യാറാണോ?"

കൊടന്തയാശാൻ: "പൊന്നെജമാനേ! ഇങ്ങനെ ഉത്തരവായി ചോദിക്കരുത്. കല്പനകൾ ശിരസാ വഹിക്കുന്നതുകൊണ്ടാണ് ഇവന്റെ കുടുബം പുലരുന്നത്. പണ്ടുപണ്ടേതന്നെ-"

ദിവാൻജി: "പണ്ടത്തെ അവസ്ഥകൾ ഞാൻ കേട്ടിട്ടുണ്ട്. തിരുവുള്ളത്തിൽ പ്രസാദിച്ചാൽ നിനക്കു നല്ല സ്ഥിതിയിൽ ആകാം. അതുകൊണ്ടു സത്യംപറഞ്ഞ്, പറയുന്നതിൻവണ്ണം നടക്ക്. ഞാൻ ആവശ്യപ്പെടുന്നവൻ നല്ല പ്രശ്നകാരിയാണെന്നു കേട്ടിട്ടുണ്ട്. ആ പെൺകുട്ടിയെവിടെ? യുദ്ധം ജയിക്കുമോ? ഇതു രണ്ടും അവനോടു ചോദിച്ചറിയണമെന്ന് നമുക്കാഗ്രഹമുണ്ട്."

കൊടന്തയാശാൻ കണ്ണുതുറിച്ച്, ചുണ്ടു വിടുർത്തി, പല്ലുകടിച്ച്, കൈ തിരുമ്മി മുട്ടുകൾ വിറപ്പിച്ചുതുടങ്ങി.

"നന്തിയത്തുമഠവും സന്നിധാനവും നന്തിയത്തെ കാട്ടിൻപുറവും മാത്രം - അഗതി -" ആശാന്റെ ശ്വാസഗതി വേഗത്തിലും ദൂരത്തു കേൾക്കുമാറുള്ള ഊക്കത്തിലും ആയിത്തീർന്നു.

ദിവാൻജി: "സന്നിധാനത്തോടുള്ള ചാർച്ചയെ വിട്ടേക്ക്. നിന്റെ ഗുരുനാഥൻ അറിഞ്ഞുതന്നെയാണോ നിന്റെ വ്യാപാരങ്ങളെല്ലാം? അദ്ദേഹത്തിന്റെ തലകൂടി നീ പോകിക്കരുത്. അവനെ വരുത്തിത്തരികയോ എവിടെയുണ്ടെന്നു സൂക്ഷ്മം പറകയോ ചെയ്താൽ എല്ലാത്തിനും മാപ്പുകിട്ടും. അല്ലെങ്കിൽ നിന്റെ കൂരത്തറ കുളം; കൂടെപ്പുറപ്പു തുറയിൽ; നിന്റെ ഈ ദ്രോഹക്കൂട് കഴുകിലും."

ആശാൻ നിലത്തു വീഴുമെന്നുള്ള നിലയിൽ മലമ്പനിക്കാരൻ ആയിയെങ്കിലും, "പൊന്നുടയതേ! അഗതി - രാജ്യം ഭരിക്കുന്ന അവിടത്തെ അരുളപ്പാടെല്ലാം ഈ അശുവിന് എന്തോ ഏതോ?"

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/220&oldid=168062" എന്ന താളിൽനിന്ന് ശേഖരിച്ചത്