താൾ:Ramarajabahadoor.djvu/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


സംഘടിതമായ ആ സന്ദർശനവിപത്തിൽ കണ്ഠവിച്ഛേദംതന്നെ നിശ്ചയമാവുകയാൽ സമസ്താന്തപ്രതീക്ഷിയെന്നപോലെ 'ഇതുതാനവസനമാം പ്രണാമം' എന്ന ഭാവേന ആശാൻ ദിവാൻജിയുടെ പാദങ്ങളിൽ നമസ്കരിച്ചു മുറവിളികൂട്ടിത്തുടങ്ങി. ആ സൃഗാലത്തിന്റെ കാപട്യങ്ങളെ യഥാകാരം ഗ്രഹിച്ചിരുന്ന ദിവാൻജി നിഷ്കൃപമായ ഊർജ്ജസ്വലതയോടെ അയാളെ എഴുന്നേറ്റുനില്പാൻ നിയോഗിച്ചു. കൊടന്തയാശാൻ യന്ത്രപ്പാവപോലെ ചാടി എഴുന്നേറ്റുനിന്നു കൈകുടഞ്ഞു "അയ്യോ! പൊന്നെജമാനെ! ആശ്രിതവത്സലാ! കുടികെട്ടുപോയി. അവിടെങ്ങും കിടന്നുപൊറുക്കാൻ പാടില്ല. എല്ലാവും കൊല്ലാനും കുഴിച്ചുമൂടാനും വരുന്നേ. മാനംകെടുത്തുകളഞ്ഞു പൊന്നെജമാനേ! ഈ അഗതി ഒന്നും അറിഞ്ഞില്ല. ആ നന്തിയത്തെ കൊച്ചുണ്ണിത്താന്മാര് മഹാശപ്പന്മാര്; ആഭാസന്മാര്; വ്യാഘ്രങ്ങള്; സുന്ദോപസുന്ദന്മാര്. അവരുടെ ദമുഷ്ടങ്ങളിൽ ഒരു ഇളമാൻപേട കിട്ടി. ഉത്തരവുത്തരവു പൊന്നങ്ങുന്നേ! വർത്തമാനം കേട്ടു ആശാൻ നെഞ്ചു തകർന്നു ചാവുന്നു. കുഞ്ഞുനന്തിയത്തെ അറയിലോ അവിടുത്തെവക വല്ല കളപ്പുരയിലോ ഉണ്ട്. ഏത് ആറമ്മുളനടയിലും ഇവൻ സത്യംചെയ്യാം പൊന്നെജമാനേ!"

ഇങ്ങനെയും മറ്റും അതിദീർഘമായി പ്രസംഗിക്കാൻ കൊടന്തയാശാനെ അനുവദിച്ചുവെങ്കിലും അയാളുടെ ഓരോ വാക്കിലും ദിവാൻജിയുടെ മുഖത്തിലെ കോപദീപ്തി അധികാധികം അരുണമായി. അവനോടു പ്രയോഗിക്കുമായിരുന്ന ഉപചാരഭാഷ ശിക്ഷണീയനായ ദാസനോടെന്നപോലെ രൂപാന്തരിച്ചു. അവസാനത്തിൽ ഒരു ആജ്ഞോച്ചാരണം അദ്ദേഹത്തിന്റെ ക്ഷമാന്തത്തെ തെളിയിച്ചു. സ്വരം പരമാർത്ഥഗ്രാഹിയുടെ കോപഹാസധ്വനിയിലുമായിരുന്നു: "എടാ, മുഖത്തു നോക്കിനിന്നുത്തരം പറ. നിന്റെ ഭീരുക്കൂത്ത ഇവിടെ ആർക്കും കാണണ്ട. സാവിത്രിക്കുട്ടിയെ കിഴക്കേ നന്തിയത്തുനിന്ന് ആരെങ്കിലും എങ്ങോട്ടെങ്കിലും മാറ്റിയിട്ടുണ്ടോ?"

വിചാരണയിൽ ഉദ്യോഗരീതിപ്രഭാവം മാത്രം പ്രകടിതമാകുന്നു എന്നു കണ്ട് ഉചിതസ്വരവും വിരാമങ്ങളും പ്രയോഗിച്ച് ഉത്തരം ബോധിപ്പിപ്പാൻ ആശാൻ ധൈര്യപ്പെട്ടു. "ആ കുഞ്ഞിന്റെ - അച്ഛന്റെ - അളിയന്റെ - അനന്തിരവര്. തക്കം കണ്ടാൽ ആരു വിടും യജമാന്നെ! 'ചക്കരക്കുടത്തിൽ കയ്യിട്ടാൽ നക്കിപ്പോകാത്തവരാര്' പൊന്നെജമാനെ! പൊൽപാദംപിടിച്ച് ബോധിപ്പിക്കുന്നു. അവർതന്നെ കൊണ്ടുപോയി. ആ പട്ടാപ്പകൽക്കൊള്ളക്കാർതന്നെ കൊണ്ടുപോയി."

ദിവാൻജി: "നീ കണ്ടോ?"

കൊടന്തയാശാൻ: "കാണണോ യജമാനെ? കാണാൻ നിക്കുന്നതെങ്ങിനെ യജമാന്നെ? എളുപ്പം കണ്ട് ഇളിയിൽ കേറുന്നത് എല്ലാടത്തെയും മട്ടല്യോ? അവിടത്തെ കലാപങ്ങൾ കേട്ടുതുടങ്ങിയപ്പോൾത്തന്നെ കൊന്നുപോയി എന്നു പേടിച്ച് ഓടി രക്ഷപ്പെട്ടു പൊന്നെജമാന്നേ!"

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/219&oldid=168060" എന്ന താളിൽനിന്ന് ശേഖരിച്ചത്