താൾ:Ramarajabahadoor.djvu/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ത്തിൽ കിട്ടിയ അറിവ്, ഹരിപഞ്ചാനനകൃത്രിമങ്ങളെക്കാളും അപ്പോഴത്തെ യുദ്ധകാര്യങ്ങളെക്കാളും കടുതായുള്ള മർമ്മശൂലമായി അദ്ദേഹത്തിന്റെ പൗരുഷകളേബരത്തെ സർവ്വാംഗം ക്ഷതപ്പെടുത്തി.

"....മുന്നറിവായി ഒരു ലക്ഷ്യവും കിട്ടിയില്ല. സംശയിപ്പാൻ ഒരു സംഗതിയും ഉണ്ടായിരുന്നുമില്ല. തമ്പുരാൻവേഷക്കാരൻ തിരിഞ്ഞുനില്ക്കാതെ ടിപ്പുപ്പാളയത്തിലേക്കുതന്നെ നടന്നു എന്നു പാമ്പാടി കടത്തിയ ചേരുമാനക്കാരനിൽനിന്നും അറിഞ്ഞു. ആ കട്ടിയക്കാരൻ കൊടന്തയെ പലരും സംശയിക്കുന്നു. അവൻ പക്ഷേ, പല പ്രതാപങ്ങൾ നടിക്കുകയും ചെയ്തേക്കാം. ഈ വാർത്തമാനം വെളിയിൽ ആയപ്പോൾത്തന്നെ അവന്റെ പൊടി ഈ ദിക്കിലെങ്ങും കാണാതായി. സംഭവിച്ചിരിക്കുന്നതു വലിയ അപമാനംതന്നെ. ആ കുഞ്ഞ് എളുപ്പത്തിൽ വല്ല അകപ്പാടിലും ചാടിപ്പോകുന്നതല്ല. ഒന്നുരണ്ടു പേരെ തോല്പിക്കാനുള്ള ശക്തിയും വശവും ഉണ്ടെന്നാണ് ആശ്രിതന്റെ അറിവ്. ഏങ്ങനെ ആരുകൊണ്ടുപോയി എന്ന് ഒരു തുൽപും കിട്ടുന്നില്ല. കരക്കാർ സ്നേഹത്തോടെ എല്ലായിടത്തേക്കും ആളുകളെ അയച്ചിരിക്കുന്നു. കുഞ്ഞിന്റെ ശിഷ്യത്തിക്ക് ഉടനെ ചിലമ്പിനേത്തേക്കു പോകണമെന്നു ശഠിക്കയാൽ, അവളെ അടുത്ത ദിവസം കാലത്ത് അയച്ചിരിക്കുന്നു. ഇങ്ങനെയെല്ലാമാണ് അവസ്ഥകൾ. എങ്കിലും യജമാനന്റെ ഭാഗ്യവിശേഷംകൊണ്ട് ഒരു വിശേഷച്ചുവടു കണ്ടിരിക്കുന്നതായി വെട്ടിക്കവല മുന്നിലക്കാരൻ കണ്ടശ്ശാര് തെര്യപ്പെടുത്തിയിരിക്കുന്നു. അയാളെയും ആറേഴു നായന്മാരെയും ആ അടയാളം പിടിച്ച് അള കണ്ടുപിടിപ്പാൻ വിട്ടിരിക്കുന്നു. എന്തെങ്കിലും അറിഞ്ഞാൽ നേരിട്ടു യജമാനനെക്കണ്ടു വസ്തുത ബോധിപ്പിക്കാനും ശട്ടം കെട്ടിയിട്ടുണ്ട്. ആശ്രിതന്റെ ഉപേക്ഷകൊണ്ടു സംഭവിച്ചു എന്നു സംശയിക്കാതെ രക്ഷിപ്പാറാകണം"

സാവിത്രിയുടെ ഹരണവൃത്താന്തം അടങ്ങിയ ഈ ലേഖനത്തെ ചീന്തിപ്പൊളിച്ചു പറത്തിയിട്ടു ദിവാൻജി അല്പനേരം കൈകെട്ടി പാദനഖങ്ങളെ മാത്രം നോക്കി നിലകൊണ്ടു. അദ്ദേഹത്തിന്റെ നേത്രങ്ങളുടെ ദൂരലക്ഷ്യമായുള്ള അല്പനേരത്തെ സിംഹനോട്ടം പരമാർത്ഥത്തിന്റെ ദ്രുതഗ്രഹണത്തിൽ അദ്ദേഹത്തെ എത്തിക്കുകയാൽ, സ്വാജ്ഞാവിലംഘിയായ ധൂർത്തന്റെ ദിർദ്ദാക്ഷിണ്യധ്വംസനത്തിന് അദ്ദേഹം ഉദ്യുക്തനായി. എന്നാൽ അദ്ദേഹം നിന്നിരുന്ന ശാലയുടെ ദ്വാരദേശത്തോട്ടു നോക്കിയപ്പോൾ, താൻ അറിഞ്ഞുള്ള വാസ്തവങ്ങളെ ഉണ്ണിത്താനെ ധരിപ്പിച്ചിട്ടു സേനാഡംബരദർശനത്തിൽ കൗതൂഹലവാനായി, വിഭവശാലാദ്ധ്യക്ഷന്റെ അന്തേവാസിപ്രധാനനും പ്രിയവത്സനും എന്നുള്ള സ്വയംവൃതപിടിപാടുകളെ പ്രമാണിച്ചു സ്വൈരസഞ്ചാരം ചെയ്തുകൊണ്ടിരുന്ന കൊടന്തയാശാനെക്കണ്ടു. ദ്വാസ്ഥനായി സേവിച്ചുനിന്നിരുന്ന വേൽക്കാരൻ അഴകൻപിള്ളയെ കൈനൊടിച്ചു വരുത്തി ഒന്നു മൂളിയപ്പോൾ, കൊടന്ത ശൂലാന്തത്തിന്റെ ഇന്ദ്രജാലപ്രയോഗത്താൽ എന്നപോലെ മന്ത്രിസമക്ഷം ഗോളാകൃതിയിൽ സംപ്രവിഷ്ടനായി. ആഗന്തുകമെന്നവണ്ണം

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/218&oldid=168059" എന്ന താളിൽനിന്ന് ശേഖരിച്ചത്