താൾ:Ramarajabahadoor.djvu/205

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിന്റെ അമരാരാധിതപുരി ഒന്നു പാടേ ഇളകി. ദിവാൻജി പ്രാതഃസ്നാനാദികളും സമാപിച്ചു, ഭസ്മലേപനത്താൽ ഭാസ്വത്തായ ലലാടവക്ഷസ്കന്ധങ്ങളോടെ, രാജദത്തമായുള്ള മുദ്രാഖഡ്ഗധാരിയായി ശ്രീപത്മനാഭക്ഷേത്രപ്രാകാരത്തെ തരണംചെയ്തപ്പോൾ ലക്ഷദീപസംഘമെന്നപോലെ മുമ്പറഞ്ഞ ജനബാഹുല്യം ശീവേലിമണ്ഡപങ്ങളിലും മുറ്റവെളികളിലും നിറഞ്ഞു, ക്ഷേത്രവളപ്പിനകത്തായപ്പോൾ ഖഡ്ഗത്തെ അനുചരങ്കൽ ഏൽപിപ്പിച്ചിട്ടു ദിവാൻജി കിഴക്കെ ശീവേലിമണ്ഡപത്തിന്റെ മദ്ധ്യത്തിൽ ഗരുഡവിഗ്രഹാങ്കിതമായ സ്വർണ്ണധ്വജത്തിന് അഭിമുഖനായി മുകുളീകൃതപാണിയായി നിലകൊണ്ടു, സ്വഹൃദയത്തെ പ്രതിഷ്ഠാവേദിയിലോട്ടു സമാരാധിച്ച സമയം വിജയാനുഗ്രഹത്തിനുള്ള പ്രാർത്ഥന ബഹുസഹസ്രം കണ്ഠങ്ങളിൽനിന്നു വിഷ്ണുപദത്തിലേക്ക് ഉയർന്നു. മന്ത്രിയാൽ നീതമാകുന്ന രാജസൈന്യത്തിന്റെ വിജയാപ്തിക്കായുണ്ടായ വിശേഷാൽ പൂജകളിലെ ശംഖനാദങ്ങൾ പാഞ്ചജന്യത്രയത്തിന്റെ ഉഗ്രോങ്കാരധ്വനിയിൽ മുഴങ്ങി രാജമന്ദിരവാസിയായ മഹാരാജേന്ദ്രനെയും രോമാഞ്ചകവചിതനാക്കി. ഒറ്റക്കല്ലുമണ്ഡപത്തിൽ പ്രവേശിച്ച് അവിടത്തെ സജീവപ്രതിഷ്ഠയുടെ സാന്നിദ്ധ്യത്തിൽ ധ്യാനസ്ഥനായി നിലകൊണ്ടു, ആ രാജയോഗാഭ്യസ്തൻ ബഹിരിന്ദ്രിയങ്ങളെ ഹനിച്ചു, സുഷുമ്നാന്തസ്ഥമായ പുരുഷാത്മാവെ പ്രവർത്തനം ചെയ്യിച്ചപ്പോൾ ആ ബ്രഹ്മവിദ്യാപ്രയോഗം സാക്ഷാൽ പരംപുരുഷശക്തിയെ സ്വാത്മവേദിയിലേക്കു സ്വസ്വാമികാര്യാർത്ഥം ആവാഹിച്ചു. കത്തിജ്വലിക്കുന്ന കർപ്പൂരദീപശിഖയിന്മേൽ കൈയണച്ച് അതിന്റെ ആതപശക്തിക്കു സുപ്രജ്ഞമല്ലാതെ നില്ക്കുന്ന തൃപ്പാദാർപ്പിതമായുള്ള ആ ദേഹിയുടെ ആവാസക്ഷേത്രം, അതു വഹിക്കുന്ന ജീവദേഹികളെ ആ പുണ്യസങ്കേതത്തിനു വിഘാതം ഉണ്ടാകാതിരിപ്പാൻ ബലിചെയ്തുകൊള്ളുന്നു എന്നു കനകധൂപക്കുറ്റിയെയും അതിൽ കത്തിജ്വലിക്കുന്ന ശിഖയെയും കനകാഗ്നികളായും, പുരോഭാഗത്തുള്ള രത്നോജ്വലപ്രതിഷ്ഠയെ സർവസാക്ഷിയായും സങ്കല്പിച്ചു പ്രതിജ്ഞചെയ്തു. മഹാരാജാവിന്റെ ആജ്ഞാകരപ്രധാനന് ഉചിതമായുള്ള വിധത്തിൽ നല്കപ്പെട്ട പ്രസാദവും വാങ്ങിക്കൊണ്ടു. ആ ദിവ്യസങ്കേതത്തിലെ മറ്റു സന്നിധാനങ്ങളിലും തൊഴുതു പ്രദക്ഷിണങ്ങളും വെച്ചു, ബഹുജനപരിവൃതനായി അദ്ദേഹം രാജമന്ദിരത്തിൽ എത്തി.

ഉദയത്തിനു മുമ്പുതന്നെ കോവിലിലെഴുന്നുള്ളത്തുകഴിച്ചു പള്ളിയറയിൽ എഴുന്നള്ളി വിജയപ്രാർത്ഥനകൾക്കു മാത്രം ദത്തമായ ഹൃദയത്തോടെ നിന്നിരുന്ന നിസ്സീമമഹിമാവാനായ സ്വാമിയുടെയും അവിടുത്തെ രക്ഷാകേന്ദ്രത്തിലെ ശാർങ്ഗശക്തിയെത്തന്നെ ആവാഹിച്ചുകൊണ്ടുപോന്ന ഭൃത്യോത്തമന്റെയും അന്നത്തെ സന്ദർശനം സുപരീക്ഷിതമായുള്ള ഒരു നാരായണനരബന്ധത്തിന്റെ അചഞ്ചലപ്രശാന്തമായുള്ള സമുദ്യോതനം ആയിരുന്നു. മഹാരാജാവിന്റെ തൃക്കൈകളാൽ സ്വമന്ത്രിപ്രധാനനായ ഭക്താഢ്യനു നല്കപ്പെട്ട അങ്കികൾ, ഉഷ്ണീഷം എന്നിത്യാദികൾ അവയെ അലങ്കരിച്ചിരുന്ന കനകമണികൾക്കിടയിൽ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/205&oldid=168045" എന്ന താളിൽനിന്ന് ശേഖരിച്ചത്