താൾ:Ramarajabahadoor.djvu/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചില അശ്രുമണികളും ഭാസ്വത്തരമായി തിളങ്ങിച്ച്, ആ ദാനങ്ങളാൽ സമ്മാനിതനായ മഹാധീമാനെ അസ്തപൗരുഷനാക്കി.

മഹാരാജാവിനാകട്ടെ, അവിടുത്തെ ഭൃത്യപ്രധാനനാകട്ടെ, വല്ലതും കല്പിക്കുന്നതിനോ ഉണർത്തിക്കുന്നതിനോ നാവുകൾ സ്വാധീനങ്ങൾ ആകുന്നില്ല. "കേശവാ!" "അടിയൻ!" എന്നീ രണ്ടു പദങ്ങൾകൊണ്ട്, ആജ്ഞാദാനവും അംഗീകരണബോധനവും സമാപിക്കപ്പെടുന്നു. കരുണാവൃദ്ധനായ രാജർഷിയുടെ തരളാംഗ്യങ്ങൾ നിരർഗ്ഗളഭക്തനായ ഭൃത്യനെ സർവ്വാംഗം തളർത്തി, അവിടുത്തെ തൃപ്പാദങ്ങളിൽ പ്രണാമവാനാക്കി വീഴ്ത്തുന്നു. രാജഹസ്തങ്ങൾ ത്രസിച്ചു, പൈത്രമായ വാത്സല്യപൗഷ്കല്യത്തോടെ ഭൃത്യനെ എഴുന്നേല്പിക്കുന്നു. പ്രജാഹൃദയവേദിയിൽ ചിരഞ്ജീവവാസത്തെ സമാർജ്ജിച്ച ആ പുണ്യാബ്ധിശശാങ്കൻ, ശ്രീപത്മനാഭന്റെ തിരുനാമമാകുന്ന ദിവ്യമന്ത്രത്തിന്റെ ഉച്ചാരണത്തോടെ തന്നാൽ പ്രതിഷ്ഠിതനായുള്ള ആ സചിവകേസരിയുടെ ശിരസ്സിൽ തൃക്കൈകൾ രണ്ടും അനുഭാവസമുത്കർഷത്തോടെ അണച്ചു, തന്റെ ഓജസ്സിനെ വിജയസിദ്ധ്യാർത്ഥം അങ്ങോട്ടു പകർന്ന്, ആശിസ്സുകൾ നല്കി വിട അരുളുന്നു.

നാലഞ്ചു നാഴിക കഴിഞ്ഞപ്പോൾ മന്ത്രിഭവനത്തിൽനിന്നു തിരുവിതാംകൂർ രാജ്യത്തിന് അതിനുമുമ്പ് ലഭ്യമായിട്ടില്ലാത്തതും പിമ്പു കാണാൻ കഴിയാത്തതും ആയ ഒരു ഘോഷയാത്രയുടെ ആരംഭം ഉണ്ടായി. മഹാരാജാവിൽ ദത്തമായുള്ള അങ്കികളും രത്നാഞ്ചിതമായുള്ള മകുടവും മണിഹാരങ്ങളും കഠാരിയും പരിചയും ഖഡ്ഗവും ധരിച്ചു, ശ്രീപത്മനാഭക്ഷേത്രവും രാജമന്ദിരവും നോക്കി തൊഴുത്, വാഹനത്തെ അഭിവാദ്യവുംചെയ്ത്, വലതുകൈയിൽ ഖഡ്ഗവും ഇടതുകൈയിൽ കടിഞ്ഞാണും അമർത്തി രാജസ്വമായുള്ള ഉച്ചൈശ്രവസ്സിന്മേൽ ആ സുമന്ത്രസേനാനി ആരോഹണം ചെയ്തപ്പോൾ, ജന്മഭൂമി എന്നുള്ള അഭിമാനത്തിന്റെ പ്രതിഷ്ഠാദേഹങ്ങളായ പൗരനിവഹം തങ്ങളുടെ രാജ്യത്തെ ബാധിച്ചിരിക്കുന്ന മഹാവിപത്തിൽനിന്ന് അതിനെയും തങ്ങളെയും രക്ഷിക്കുവാനായി മഹാരാജാജ്ഞയാൽ പുറപ്പെടുന്ന ആ സേനാനായകനും അദ്ദേഹത്താൽ നയിക്കപ്പെടുന്ന സേനയ്ക്കും പരിപൂർണ്ണ വിജയത്തെ ഹാർദ്ദമായി ആശംസിച്ചു. ഇന്ദ്രരഥവീഥിയോളം ഉയർന്ന ഈ ഘോഷം ക്ഷേത്രഗോപുരത്തിലും രാജസൗധത്തിലും നഗരചത്വരങ്ങളിലും സംഘട്ടനംചെയ്തു ദൂരസ്ഥിതജനതയിലും ഒരു അദൃശസ്പന്ദനത്തെ സംജാതമാക്കി. നഗരലക്ഷ്മിയും സവിശേഷം പ്രസാദിച്ചു നൃത്തംചെയ്തു രാജരാജ്യങ്ങളുടെ വിജയത്തിനും ശ്രേയസ്സിനും അനുഗ്രഹഹസ്തങ്ങളെ വീശി, ആകാശവീഥിയിൽ ഒരു ദിവ്യദ്യുതിയെ പ്രചരിപ്പിക്കുന്നു എന്നുള്ള ബോധപ്രമോദം ആശീർവ്വാദികളെയും യാത്രക്കാരെയും ഒരുപോലെ നിശ്ചിതവിജയന്മാരാക്കി. രാജയോഗ്യമായുള്ള വാദ്യഘോഷങ്ങളും ബഹുസഹസ്രകണ്ഠങ്ങൾ ചേർന്നുള്ള അത്യുച്ചാരവങ്ങളും, കുഞ്ചൈക്കുട്ടിപ്പിള്ളക്കാര്യക്കാരുടെ ദന്തദ്യുതിയും മാമന്റെ ശിരസ്ത്രസനങ്ങളും

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/206&oldid=168046" എന്ന താളിൽനിന്ന് ശേഖരിച്ചത്