Jump to content

താൾ:Ramarajabahadoor.djvu/204

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭാവം ഒന്നുകൂടി വർദ്ധിച്ചു. സ്നേഹസ്വാതന്ത്ര്യത്തോടെ തന്റെ വത്സലനായ പുരുഷകേസരിയെ ഹസ്തത്താൽ ആവരണം ചെയ്തുകൊണ്ടു, കർണ്ണത്തിൽ ഒരു വസ്തുത ധരിപ്പിച്ചു. ദിവാൻജി അല്പനേരം പുളകിതശരീരനായി മിണ്ടാതെ നിന്നിട്ട്, "എന്താണ് മാമാ, ഇതിന്റെ സാരം?" എന്നു ചോദിച്ചു.

മാമൻ "എന്തോ?" എന്നു യുവകാലത്തെന്നതുപോലെ അഭിനയിച്ചു. തന്റെ ഉപകർത്രിണിയുടെ നാമത്തെ ഒന്നുകൂടി കേൾപ്പാനുണ്ടായ മോഹത്തോടെ കൃതജ്ഞതയെയോ സ്നേഹബഹുമാനങ്ങളെയോ ജലദ്രവങ്ങളാൽ കണ്ണുകളിൽ പ്രകാശിപ്പിച്ചുകൊണ്ട് "ആരു പറഞ്ഞയച്ചു?" എന്നു ദിവാൻജി വീണ്ടും ചോദിച്ചു.

മാമൻ: "അന്ത രാജരാജേശ്വരിതാൻ അപ്പാ! മാമൻ അവരുടെ കുട്ടിപ്പട്ടർ, ഈ കിഴട്ടു വാണാൽ വഴിയാക ധരിപ്പിച്ചതിന്റെ ബുദ്ധിക്കും വിലവയ്ക്കുക. എന്തു മഹത്ത്വം! ഭർത്താവായ തുംഗപ്രഭു, ഹരിയോഹരിസ്സാംബർ, ഇതു വല്ലയിളവും അറിയുന്നോ?"

ദിവാൻജി: "എന്താ ഇങ്ങനെ പറഞ്ഞയപ്പാൻ? എന്തെങ്കിലും ആകട്ടെ. മാമൻതന്നെ പോയി വസ്തുത തിരുമനസ്സറിയിച്ചു കല്പന വാങ്ങണം. അലക്ഷ്യമാക്കിക്കൂടാ."

മാമൻ: "ആ ശ്രീമതിയുടെ കല്പനയല്ലേ? മറുത്തുകൂടാ. സങ്കീർത്തനക്കാർ അവരുടെ ശ്വാനോളികൾ നിറുത്തുമ്പോൾ കൊട്ടാരത്തിലെ കല്പന മാമൻ കൊണ്ടന്നേക്കാം. മറിച്ചു കല്പിച്ചാൽ നിങ്ങൾ രണ്ടുപേരെക്കൊണ്ടും ആ ഭണ്ഡാരം-ഇങ്ങോട്ടു സ്വന്തനേട്ടംപോലെ കൊണ്ടുപോന്നില്ലേ... അതിനെ അങ്ങോട്ടു വയ്പിക്കുകയില്ലേ മാമൻ? വിടുവനാ?"

മാമൻ അവിടന്നു പുത്രനോടൊന്നിച്ചു യാത്രയായി. രണ്ടുനാഴിക കഴിഞ്ഞപ്പോൾ അനുകൂലകല്പന വഹിച്ചും ഗാനങ്ങളാൽ ആകാശത്തെ പൊടിപെടുത്തിയുംകൊണ്ടു മടങ്ങി എത്തി. താനും സമുദ്രമാർഗ്ഗമായിത്തന്നെ യുദ്ധരംഗത്തിൽ എത്തുവാൻ നിശചയിച്ചിരിക്കുന്നു എന്നു പത്തേമാരികളുടെ ഉടമസ്ഥനായ തന്റെ ബന്ധുവെ വരുത്തി പറഞ്ഞിട്ട്, ദിവാൻജി യാത്രാരംഭത്തിനുമുമ്പ് അനുഷ്ഠിക്കേണ്ടതായ ഉഷഃകർമ്മങ്ങൾക്കായി തിരിച്ചു.

ശത്രുപക്ഷത്തിലെ ഒരു സാരണതുല്യപ്രധാനന്റെ ജീവഹതി ആയുള്ള നരബലി കഴിഞ്ഞു ദിവാൻജിയുടെ യുദ്ധയാത്ര ആരംഭിക്കുന്നു എന്ന വസ്തുത മഹാരാജാവിന്റെയും ദിവാൻജിയുടെയും പാർശ്വസേവികൾ മാത്രം ഗ്രഹിച്ചു. എങ്കിലും മന്ത്രിയുടെ യാത്രാദിവസം ഉദയത്തിൽ രാജ്യത്തിന്റെ നാനാഭാഗങ്ങളിലെ പൗരപ്രധാനന്മാരായ അയ്യായിരത്തിൽപ്പരം ജനങ്ങൾ അദ്ദേഹത്തോടൊന്നിച്ച് അപ്പോൾ ആരംഭിക്കുന്ന കുരുക്ഷേത്രരംഗത്തിൽ പ്രവേശനം ചെയ്‌വാൻ, ദ്വാരകാവാസിയാൽ നിയുക്തമായുള്ള യാദവസേന എന്നപോലെതന്നെ, സഞ്ചയിച്ചു. അവർക്കു സ്വാഗതം പറഞ്ഞുകൂടിയ തലസ്ഥാനത്തെ പൗരതതിയും അവരും ഒന്നിച്ചു നഗരപ്രദക്ഷിണം തുടങ്ങിയപ്പോൾ ശ്രീരാമവർമ്മമഹാരാജാ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/204&oldid=168044" എന്ന താളിൽനിന്ന് ശേഖരിച്ചത്