താൾ:Ramarajabahadoor.djvu/202

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രഥമനൂട്ടിനായി ക്ഷണിച്ച മാന്ത്രികനും അദേഹത്തിന്റെ അതിഥികളും ആയി വഹിച്ചുകൊണ്ടു അക്ഷണത്തിൽ ആ രംഗത്തുനിന്നു നിഷ്ക്രാന്തന്മാരായി. രാജഭടന്മാരിൽ ചിലർ മുന്നോട്ടു നീങ്ങി, തുല്യശീഘ്രതയോടെ വിദഗ്ദ്ധമായ മാർജ്ജനകർമ്മംകൊണ്ടു രക്തപ്രസവത്തിന്റെ ലക്ഷ്യങ്ങൾ എല്ലാം നീക്കി. ബ്രഹ്മഹത്യ എന്ന അപരാധഭാരത്തെ മനസ്സിൽ വഹിച്ചുകൊണ്ടു മഹാരാജാവ് സ്വമഞ്ചത്തിൽ പതിച്ചു.

മന്ത്രാഭ്യസനംകൊണ്ടും ബൗദ്ധരാജ്യങ്ങളിലെ സഞ്ചാരങ്ങൾ നിമിത്തവും രൂക്ഷമാനസനായിത്തീർന്നിട്ടുള്ള കുഞ്ചൈക്കുട്ടിപ്പിള്ള കാര്യക്കാരെ വീട്ടിൽ ഇരുത്തിക്കളവാനും ആ തിരുവുള്ളം ചിന്തിച്ചു. നാഴിക മൂന്നുനാലു കഴിഞ്ഞു, കണ്ഠീരവരായരെ കൊന്നതിനുള്ള പരിഹാരകർമ്മങ്ങൾ മന്ത്രിയുടെ യാത്രാരംഭത്തിനു മുമ്പുതന്നെ നിർവ്വഹിക്കണമെന്നു കരുതി, മഹാരാജാവ് സ്വകുലവസിഷ്ഠരെ വരുത്തുന്നതിനു കല്പനകൾ കൊടുക്കുവാൻ തീർച്ചയാക്കി. രാജമന്ദിരത്തിലെ ഒരു പരിചാരകൻ പ്രവേശിച്ച് കുഞ്ചൈക്കുട്ടിപ്പിള്ള കാര്യക്കാരുടെ കൈയിൽ കിട്ടിയ ഒരു കടലാസ് എന്ന് അറിയിച്ചുകൊണ്ട് ഒരു ലേഖനത്തെ തിരുമുമ്പിൽ സമർപ്പിച്ചു. ഹിന്ദുസ്ഥാനിയിൽ, "സകല പ്രാബല്യങ്ങളുടെയും പ്രതിഷ്ഠാസ്ഥാനമായുള്ള സുൽത്താൻ ബഹദൂർ മഹാരാജകേസരി"യുടെ സന്നിധാനത്തിൽനിന്നു പുറപ്പെട്ടതായ ആ കല്പന വായിച്ചുതീർന്നിട്ട്, മഹാരാജാവ് ശ്രീപത്മനാഭന്റെ കൃപാധോരണിയെ സ്മരിച്ചും കുഞ്ചൈക്കുട്ടിപ്പിള്ള കാര്യക്കാരുടെ നേർക്കു തന്റെ കോപജ്യാവിന്മേൽ സന്ധാനംചെയ്തു ബാണങ്ങളെ ഉപസംഹരിച്ചും വീണ്ടും പള്ളിനിദ്രയ്ക്ക് ആരംഭിച്ചു.

യുദ്ധാങ്കണത്തിൽനിന്നു നീക്കപ്പെട്ട 'ശകുന'സാധനം ആ ദർശനലബ്ധി വാഞ്ഛിച്ച ദിവാൻജിയുടെ മുമ്പിൽ അരനാഴികയ്ക്കകം സമർപ്പിക്കപ്പെട്ടു. വഷസ്സിനെ സുരംഗീകരിച്ചു മുതുകിനെയും ഛേദിച്ചു സ്ഥിതിചെയ്യുന്ന ഖഡ്ഗത്തോടുകൂടിയ കണ്ഠീരവന്റെ ശരീരത്തെ കണ്ടപ്പോൾ ദിവാൻജി ചഞ്ചലമനസ്കനായി. ആ മല്ലന്റെ വസ്ത്രത്തിനിടയിൽനിന്നു കണ്ടുപിടിച്ചതായ ഒരു ലേഖനത്തെ മന്ത്രിയുടെ ഹസ്തത്തിൽ കുഞ്ചൈക്കുട്ടിപ്പിള്ളതന്നെ ഇട്ടുകൊടുത്തു. ദിവാൻജി തന്റെ സല്കാരശാലയിലേക്ക് നീങ്ങി അതിനെ വായിച്ചിട്ട്, "എന്ത് ആശ്ചര്യങ്ങളാണ് കുഞ്ചൈക്കുട്ടിപ്പിള്ളേ?" എന്നു ചോദിച്ചു.

കുഞ്ചൈക്കുട്ടിപ്പിള്ള: "ആശ്ചര്യമോ യജമാനേ? വഞ്ചിരാജധർമ്മവും യവനധർമ്മവും തമ്മിലുള്ള ഭേദം ആണ് ഈ കാണുന്നത്. രാജ്യങ്ങൾ അടക്കാനും ഭരിക്കാനും മോഹിക്കുന്നവർ 'രാമ കൃണ്ണ ഗോവിന്ദ' ജപിച്ചോണ്ടുനടന്നാൽ‌ കാര്യം ഊർദ്ധ്വം എന്നു ടിപ്പുവിൽനിന്നും പഠിക്കുക. വെറുതെയല്ല മൈസൂർ വ്യാഘ്രം എന്ന പേർ അദ്ദേഹത്തിനു കിട്ടിയിരിക്കുന്നത്. ഇ കണ്ഠീരവൻ ശ്രീരംഗം പട്ടണത്തിലെ പ്രസിദ്ധനായ ഒരു മൽപിടിക്കാരൻ ആണ്. ഞാൻ കണ്ടിരുന്നുവെങ്കിൽ ഇവനെ സല്ക്കരിപ്പാനും മറ്റും സമ്മതിക്ക ഇല്ലായിരുന്നു. ജാതി എന്തോ വടുകനോ വള്ളുവനോ ആണ്. അതുകൊണ്ടു മറ്റു പേടിയാൽ മനസ്സു കലങ്ങണ്ടാ! ശകുനം അത്യുത്തമം,

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/202&oldid=168042" എന്ന താളിൽനിന്ന് ശേഖരിച്ചത്