താൾ:Ramarajabahadoor.djvu/201

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


കണ്ഠീരവൻ ഒരു അനുസരണീയനേതാവിന്റെ ആജ്ഞാപ്രഭാവത്തെ ആ നിയോഗവാക്കുകളിൽ ശ്രവിച്ചു താഴത്തു ചാടി. ത്രിവിക്രമകുമാരൻ തെക്കു പടിഞ്ഞാറുനിന്നു മുന്നോട്ടു നീങ്ങിയതു കണ്ടപ്പോൾ കണ്ഠീരവൻ ദംഷ്ട്രങ്ങളെ കീറിച്ചു തന്റെ പൂർവ്വയുദ്ധത്തിലെ പ്രതിയോഗിയെ സല്ക്കരിച്ചു. അത്ഭുതമേ! രാജവീക്ഷണങ്ങളുടെ ദിവ്യചാതുരി അവർണ്ണനീയം! തന്റെ ശരീരത്തെ എടുത്തു പന്താടിയ അന്തകനും ഇതാ തന്നെ ബന്ധനവാസത്തിലേക്കു സല്ക്കരിപ്പാൻ എന്നപോലെ അടുക്കുന്നു! രാജമന്ദിരത്തിനകത്തുനിന്നു ഖഡ്ഗധാരിയായുള്ള ഒരു തൃതീയപാത്രവും രംഗപ്രവേശംചെയ്യുന്നു! കണ്ഠീരവന്റെ ഖഡ്ഗം ഉറയിൽനിന്നു പുറത്തായി. അഴകുശ്ശാർ, വിക്രമൻ, കുമാരൻതമ്പി എന്നിവർ ഇതു കണ്ടു പുറകോട്ടു വാങ്ങിയതേ ഉള്ളു. അവരുടെ ഭീരുതയെ അപഹസിച്ച് കണ്ഠീരവൻ ഒന്നു പൊട്ടിച്ചിരിച്ചു. സമീപത്തുണ്ടായ ശബ്ദങ്ങൾ കേട്ടു സ്വസൗധത്തിന്റെ ജാലകത്തിൽ എത്തിയ രാജർഷി ഒരു ഭാഗത്തോട്ടു നീങ്ങി, അനന്തരക്രിയകളുടെ സാക്ഷിയായി മാത്രം നിലകൊണ്ടു. രാജഭടന്മാർ ആരുംതന്നെ അവരവരുടെ സ്ഥാനങ്ങൾ വിട്ട് ആ മുറ്റവെളിയിലോട്ടു പ്രവേശിപ്പാൻ നമ്മുടെ മാന്ത്രികരുദ്രനെ പേടിച്ചു ധൈര്യപ്പെട്ടില്ല. കണ്ഠീരവൻ ആദ്യമായി കുമാരൻതമ്പിയെ ലക്ഷ്യമാക്കി ഖഡ്ഗം വീശി മുന്നോട്ട് അടുത്തു. പാശത്തിന്റെ സഹായത്താൽ നിലത്തെത്തിയിരുന്ന ഒരു കാഷായവസ്ത്രക്കുത്തിയുടുപ്പുകാരൻ തന്റെ കേശമീശകളെ സിംഹസടകൾ എന്നപോലെ ജൃംഭിപ്പിച്ചും, ഖഡ്ഗധാരയെ ചന്ദ്രപ്രകാശത്തിൽ ത്രസിപ്പിച്ചു തിളങ്ങിച്ചും കണ്ഠീരവന്റെ മുമ്പിൽ കടന്നു. ഖഡ്ഗങ്ങൾ രണ്ടും തമ്മിൽ ഇടഞ്ഞു. തീപ്പൊരികൾ ആകാശവീഥിയെ പ്രകാശിപ്പിച്ചു. യോദ്ധാക്കൾ രണ്ടും അംബരദേശത്തോട്ടുതന്നെ ഉയർന്നു. ജടായുദ്വന്ദ്വത്തിന്റെ പക്ഷപുടപ്രതാപം എന്നപോലെ മുഴങ്ങിത്തുടങ്ങിയ ഖഡ്ഗസംഘട്ടനങ്ങൾ കാണികളായ യുദ്ധചതുരന്മാരെയും സ്തബ്ധവൃത്തികൾ ആക്കി. വസ്ത്രശകലങ്ങൾ, മാംസഖണ്ഡങ്ങൾ എന്നിവ ദേഹത്തിൽനിന്നു വിച്ഛേദിക്കപ്പെട്ടു നിലത്തു പതിച്ചു. ഓങ്ങിയും താങ്ങിയും ചാഞ്ഞും ചെരിഞ്ഞും നിവർന്നും ജീവേഷ്ടിക്കു തക്കം നോക്കുന്ന ആ മായാവികളിൽ ഒരുവന്റെ ദേഹത്തിൽനിന്നു രക്തപ്രവാഹം ആരംഭിച്ചു. പോരാളികളുടെ പാദങ്ങൾ ചുകന്നു. രാമശരത്തിന്റെ പ്രയോഗവേഗത്തിൽ തെരുതെരെ ഉണ്ടാകുന്ന ലോഹസംഘട്ടനങ്ങൾ അഗ്നികണങ്ങളെ വർഷിക്കതന്നെ ചെയ്തു. കോപതാപശബ്ദങ്ങൾ ഒന്നും ആ പ്രതിയോഗികളിൽനിന്നു പുറപ്പെട്ടില്ല. പൂർണ്ണമുഖനായി പ്രശോഭിച്ച ചന്ദ്രന്റെ കിരണങ്ങൾ ഖഡ്ഗധാരകളിൽ പ്രതിബിംബിച്ചു ബഹുവലയാകൃതികളിൽ ആ സംഗരതലത്തിൽ പ്രകാശിച്ചു. ആ കുലിശരേഖകൾ താഴ്ന്നും ഉയർന്നും വൃത്തങ്ങൾ, ഋജുരേഖകൾ, നിരവധി കോണങ്ങൾ എന്നിവയെ പല നിരകളിലും തിളങ്ങിച്ചുകഴിയവേ, ഒരു ശരീരം ദൈർഘ്യം കുറഞ്ഞ ലോഹസ്ഥൂണംപോലെ പ്രതിയോഗിയുടെ ഖഡ്ഗത്തെയും സമാകർഷിച്ചുകൊണ്ടു ഭൂമുഖം അളന്നു. രക്തസ്നാതമായുള്ള ആ ശരീരത്തെ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/201&oldid=168041" എന്ന താളിൽനിന്ന് ശേഖരിച്ചത്