ശാഖയിൽ എത്തി ഒരു ചകോരകൂജനത്തെ പുറപ്പെടുവിച്ചുകൊണ്ടു സ്വൈരസ്ഥിതി അവലംബിച്ചു. സമയം അർദ്ധരാത്രിയോടടുത്തു. ചന്ദ്രൻ ടിപ്പുവിന്റെ ഹിതം അനുസരിച്ചെന്നപോലെ അദ്ദേഹത്തിന്റെ ആരാശ്ശാർക്കു നല്ലപോലെ വഴി കാണുവാൻ ദീപസഹായം ചെയ്തു. തന്റെ ദ്രോഹകർമ്മത്തിന്റെ ഒരുക്കങ്ങൾക്കു തരം സമ്പാദിച്ച കണ്ഠീരവൻ പാശവും കൈത്തോക്കും ഏന്തി പുറപ്പെട്ടു. ആ ഗുസ്തിവിദഗ്ദ്ധനു രാജമന്ദിരാരാമത്തെ വലയം ചെയ്യുന്ന പ്രാകാരത്തിന്റെ തരണം അതിക്ഷിപ്രവും അപ്രയാസവും സാദ്ധ്യമായി. രാജമന്ദിരരക്ഷികൾ കുഞ്ചൈക്കുട്ടിപ്പിള്ളയുടെ ആജ്ഞ അനുസരിച്ചു കണ്ണുകൾ ചിമ്മിച്ചുകളഞ്ഞതിനാൽ കണ്ഠീരവൻ അകത്തെ പ്രാകാരത്തെയും പ്രതിബന്ധം ഒന്നും കൂടാതെ ഒരു കുതികൊണ്ടു കടന്നു, രണ്ടാമത്തെ കുതിപ്പിൽ അശ്വത്ഥമൂലത്തിൽ എത്തി. അങ്ങോട്ടും ഇങ്ങോട്ടും നോക്കി, തന്റെയോ ടിപ്പുവിന്റെയോ ഭാഗ്യത്താൽ രാജപരിചാരകന്മാർ നിദ്രാധീനന്മാരായിത്തീർന്നിരിക്കുന്നെന്നു സന്തോഷിച്ചു. അരക്കച്ചയെ മുറുക്കിയും ആയുധങ്ങളെ അരയിൽ ഉറപ്പായിത്തിരുകിയും പാശത്തെ സ്കന്ധത്തിൽ ആക്കിക്കൊണ്ടും കണ്ഠീരവൻ കരടിയെപ്പോലെ മേല്പോട്ടു കയറി. ഈ വൃക്ഷത്തിന്റെ ഒരു പീനശാഖ രാജസൗധത്തിന്റെ രണ്ടാം നിലയിലെ ഒരു ജാലകത്തിൽനിന്ന് ഒരു ദണ്ഡ് അകലത്തോളവും എത്തുംവണ്ണം നീണ്ടും മന്ദിരകൂടത്തിന്റെ മുകൾഭാഗത്തോളവും പൊങ്ങിച്ചാഞ്ഞും നിലകൊണ്ടിരുന്നു. കണ്ഠീരവൻ ആ കൊമ്പിൽകൂടി വടക്കോട്ടു നീങ്ങി, പാശത്തെ അതിന്മേൽ ദൃഢമായി ബന്ധിച്ചു. ഓരോ കോണുകളിൽ അശ്രദ്ധ നടിച്ചു പതുങ്ങിനിന്നിരുന്ന പരിജനങ്ങൾ ആശ്ചര്യപരതന്ത്രന്മാരായി, അവരുടെ ശ്വാസോച്ച്വാസങ്ങളെയും ബന്ധിച്ചു. ഈ പാശംവഴി രണ്ടുമൂന്നു കോൽ കീഴ്പോട്ടുതാണ്, കണ്ഠീരവൻ കമ്പക്കൂത്താടിയുടെ ഊഞ്ഞോലാട്ടം തുടങ്ങി. തെക്കോട്ടും വടക്കോട്ടും ദ്രുതതരമായി ആഞ്ഞുതുടങ്ങിയപ്പോൾ തുറന്നുകിടന്നിരുന്ന ജനൽപ്പടിയിൽ ആ ഗുസ്തിക്കാരന്റെ ദേഹം തടയുമാറായി. ഏകഹസ്തത്തെ ജാലകത്തിന്റെ നേർക്കു നീട്ടിക്കൊണ്ട്, ആ മഹാഭ്യാസി ആയം പെരുക്കിയും ദൃഢപ്പെടുത്തിയും ആഞ്ഞു തുടങ്ങി. ജാലകത്തിന്റെ നടുപ്പടിയിന്മേൽ പിടികിട്ടി എന്നുള്ള സന്തുഷ്ടിയോടെ ആ ഊഞ്ഞോലാട്ടത്തെ നിയന്ത്രണം ചെയ്തു തന്റെ ശരീരത്തെ പാശത്തിൽനിന്നു മുക്തമാക്കി ജന്നൽപ്പടിയിന്മേൽ സ്ഥാപിപ്പാൻ മുതിർന്നും ശ്വാസനിയമനം ചെയ്തുകൊണ്ട് ആഞ്ഞപ്പോൾ, ശരീരം ഒന്നു വട്ടംകറങ്ങി. ഉത്തരക്ഷണം ആ ശരീരത്തെ വഹിച്ചുകൊണ്ടു പാശം ഋജുസ്ഥിതിയിൽ ലംബമായി നിലകൊണ്ടു.
തന്റെ പ്രയത്നം ഈ പ്രക്രമഘട്ടത്തിൽ പ്രതിബന്ധിക്കപ്പെട്ടപ്പോൾ പാർശസഹായം അപേക്ഷിച്ചുള്ള സാഹസത്തിൽ യമപാശംതന്നെ താൻ സന്ദർശിക്കുന്നു എന്ന് കണ്ഠീരവൻ തീർച്ചയാക്കി. പാശമാർഗത്തൂടെത്തന്നെ താഴത്തു ചാടിക്കൊള്ളണമെന്ന ഹിന്ദുസ്ഥാനിയിൽ ഒരു ആജ്ഞ അശരീരിവാക്കെന്നപോലെ വൃക്ഷമൂർദ്ധാവിൽനിന്നു പുറപ്പെട്ടു.