താൾ:Ramarajabahadoor.djvu/199

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വലിച്ചുനീട്ടുന്നതല്ലേ ആ കയറുപോലെ കാണുന്നത്? ഇവനു കാഴ്ച കുറഞ്ഞുപോയി. സൂക്ഷിച്ചുനോക്കൂ. വാതിൽ അധികം തുറക്കരുത്" എന്നു പറഞ്ഞു. ത്രിവിക്രമന് കുഞ്ചൈക്കുട്ടിപ്പിള്ളയുടെ അന്തർഗ്ഗതം മനസ്സിലാവുകയാൽ, രഥവീഥിയുടെ തെക്കേ ഭാഗത്തുള്ള ബ്രാഹ്മണാഗാരത്തിലോട്ടു കണ്ണുകൾ സങ്കോചിപ്പിച്ചു നോക്കിത്തുടങ്ങി. ആ മഠത്തിൽ ഒരു കങ്കിൽ മാത്രമായി എരിയുന്ന ദീപത്തിന്റെ അടുത്തിരുന്നു പാശം മുറുക്കുന്ന പണിയിൽ ദത്തമുഖനായുള്ള ഒരു വിഗ്രഹം കണ്ടു. മുക്കുടുമയെ നീക്കി പുറംകുടുമ ആക്കിയിട്ടുണ്ടെങ്കിലും മീശകളെ പോക്കി മുഖക്രൗര്യത്തെ ക്ഷയിപ്പിച്ചിട്ടുണ്ടെങ്കിലും ആ കണ്ണുകളുടെ രൂക്ഷതയും ശരീരത്തിന്റെ വരാഹതയും അന്ധകാരത്തോട് ഏറ്റവും അടുത്തുള്ള ആ അല്പപ്രഭയ്ക്കിടയിലും ത്രിവിക്രമന്റെ ദൃഷ്ടികളെ സവിശേഷം ആകർഷിച്ചു. "അമ്മാവാ! ആരെന്നറിഞ്ഞോ ഇത്? കണ്ഠീരവൻ."

കുഞ്ചൈക്കുട്ടിപ്പിള്ള: "എന്താ? ഗാണ്ഡീവധരനോ? അതൊന്നും എനിക്കു രൂപമില്ല. അവിടൊരു പീടികയിൽനിന്നു ചണമ്പുനാർ വാങ്ങുന്ന ഒരു പൂണുനൂൽക്കാരനെ ഞാൻ കണ്ടു. ചാരത്വം എന്ന വർഗ്ഗസംബന്ധംകൊണ്ടു ഞാൻ അയാളെ തുടർന്ന് ഈ കൊപ്പത്തിൽ ആക്കിയിരിക്കുകയാണ്."

ത്രിവിക്രമൻ: "പിന്നെയും വന്നിരിക്കുന്നതു ചാകാൻതന്നെ. ആൾ അതുതന്നെയോ എന്ന് അഴകൻപിള്ളയും നോക്കട്ടെ." ആ വിക്രമനും ജാലകം തുറന്നുള്ള ചെറുവിടവിൽക്കൂടി കുറച്ചുനേരം നോക്കിയിട്ടു ചില ആശ്ചര്യോൽഘോഷങ്ങൾക്കു വട്ടംകൂട്ടി. ആ ഫൽഗുനന്റെ ദ്രോണാചാര്യർ കടന്നു വക്ത്രത്തെ അമർത്തിപ്പിടിച്ചിട്ട്, "ശബ്ദം തീരെ അരുത്. നാം സൂക്ഷിക്കുന്നു എന്നുള്ളതു പുറത്തു വന്നുകൂടാ. ദിവാൻജിയജമാനനു ശകുനം എന്തെന്നറിവാൻ വലിയ ആഗ്രഹമുണ്ട്. ശ്രീപത്മനാഭന്റെ കൃപകൊണ്ട് അതിതാ കിട്ടുന്നു. മിണ്ടാതിരിക്കൂ" എന്നു തടുത്തു. കുഞ്ചൈക്കുട്ടിപ്പിള്ളയുടെ ദിവ്യമായ പ്രതീതിവിശേഷത്താൽ കണ്ഠീരവന്റെ ചടങ്ങുകൾ എല്ലാം കാലേകൂട്ടിത്തന്നെ അദ്ദേഹം നിർണ്ണയിച്ചിരുന്നു.

ക്ഷണത്തിൽ അദ്ദേഹം ആ മുറിയിലുണ്ടായിരുന്ന ഒരു ഖഡ്ഗവും ധരിച്ചു വടക്കുഭാഗത്തുള്ള തോപ്പിൽ ചാടി. മറ്റുള്ളവർക്കു നിയോഗം ഒന്നും വേണ്ടിയിരുന്നില്ല. അവരും ആ സംഹാരസന്നദ്ധനെ തുടർന്നു. "പ്രഥമനില്ല കുഞ്ഞുങ്ങളേ! പച്ചമാംസസദ്യയ്ക്കേ തരംകിട്ടുന്നുള്ളു. അതും നിങ്ങൾക്കു ഗോപി! ശ്രീമൽകാളിക്കു നിറഞ്ഞിട്ടു പ്രസാദം ശേഷിക്കുന്നെങ്കിൽ നിങ്ങൾക്ക്" എന്നും മറ്റും ചിലതു പറയുന്നതിനിടയിൽ കുഞ്ചൈക്കുട്ടിപ്പിള്ള മഹാരാജാവിന്റെ പള്ളിയറയുടെ പൂർവ്വഭാഗത്തുള്ള ആൽത്തറയിൽ എത്തി. കുമാരൻതമ്പിയെ പള്ളിയറവാതുക്കലും അഴകൻപിള്ളയെ കോണിച്ചുവട്ടിലും വിക്രമനെ മുമ്പിൽ അഴകൻപിള്ള തരണംചെയ്തു വാതുക്കലും പ്രതിഷ്ഠിച്ചു. സൂക്ഷ്മദർശിയായുള്ള കുഞ്ചൈക്കുട്ടിപ്പിള്ള രാജമന്ദിരത്തിലെ കാവൽക്കാരോട് ഉദാസീനരായിരിക്കുവാൻ ആംഗ്യങ്ങളാൽ ആജ്ഞാപിച്ചിട്ട് അതിലഘുകർമ്മമായി അശ്വത്ഥത്തിന്റെ ഒരു അഗ്ര

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/199&oldid=168037" എന്ന താളിൽനിന്ന് ശേഖരിച്ചത്