താൾ:Ramarajabahadoor.djvu/198

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിലെ മറ്റു പ്രദേശങ്ങൾപോലെ തന്റെ കുതിരപ്പടയ്ക്കും പീരങ്കിപ്പടവുകൾക്കും സുസ്തരമല്ലെന്ന് അദ്ദേഹം അറിഞ്ഞു. അതുകൊണ്ടു പാണ്ടിരാജ്യം വഴിക്കു തിരുവിതാംകൂറിന്റെ തെക്കെ അതിർത്തിമുതൽ ആക്രമിക്കുന്നതിനു തന്റെ സൈന്യങ്ങളെ ഇടയ്ക്കുള്ള രാജ്യങ്ങളിൽക്കൂടി യാത്രചെയ്യിക്കുവാൻ അനുവദിക്കണമെന്ന് ഓരോ നാടുവാഴികളോടും മറ്റും അപേക്ഷിച്ചതിൽ ഇംഗ്ലീഷുകാരുടെ രക്ഷയെ അവലംബിച്ചിരുന്ന ആ പ്രമാണികൾ നിഷേധാർത്ഥത്തിൽ തല ആട്ടിക്കളഞ്ഞു. ഈ സ്ഥിതിയിൽ തന്റെ തന്ത്രവലകളിൽ കുടുങ്ങിത്തീർന്നിട്ടുള്ള പെരുമ്പടപ്പിനെ സേനാപന്ഥാവാക്കി, തിരുവിതാംകൂറിന്റെ ഉത്തരപ്രാകാരങ്ങളെ നിരോധിപ്പാൻ ടിപ്പുസുൽത്താൻ ഭേരീകാഹളങ്ങൾ മുഴക്കി. എന്നാൽ പുഴകളും കായലുകളും തരണം ചെയ്യുന്നതിൽ നേരിട്ടേക്കാവുന്ന വിഷമങ്ങളെയും ജീവനഷ്ടങ്ങളെയും പേടിച്ച്, ഉപദേഷ്ടാക്കളാൽ പര്യാപ്തമാകുന്ന വിജയങ്ങളും എന്തെന്തെന്നു ഗ്രഹിച്ചു പ്രവർത്തിപ്പാനായി, മുന്നോട്ടുള്ള നീക്കത്തെ സാവധാനഗതിയിലാക്കി. ഈ മാന്ദ്യാവലംബനത്തിന്റെ രഹസ്യോദ്ദേശ്യം വഞ്ചിക്ഷേത്ര ഘടനയുടെ ആണിക്കല്ലായുള്ള മഹാരാജാവ് എന്നുള്ള പ്രതിഷ്ഠ ധ്വംസിക്കപ്പെട്ടാൽ ആ മന്ദിരത്തിന്റെ നിഷ്പ്രാപത നഷ്ടപ്രായമായിത്തീരും എന്നുള്ള വിശ്വാസം ആയിരുന്നു. ആ രണ്ടുപേരിൽ മഹാരാജാവ് അല്ലെങ്കിൽ മന്ത്രി, ധ്വംസിക്കപ്പെട്ടാൽ ജനതയുടെ നിരോധനവും മന്ത്രിനിധനം സാധിച്ചാൽ സേനാനിരയുടെ സന്ധാനതാശക്തിയും അവസാനിക്കുന്നതാണെന്നും രണ്ടുംകൂടി സാധിച്ചാൽ ആന്ദോളാരൂഢനായി തലസ്ഥാനത്തെ രാജമന്ദിരത്തിലേക്കു സ്വൈരമായുള്ള ഒരു പള്ളിയാത്ര ചെയ്തുകൊണ്ടാൽ മാത്രം മതിയെന്നും ആ രാജദുർമ്മോഹി ആശിച്ചിരുന്നു. ഗൗണ്ഡൻ, അജിതസിംഹൻ, കണ്ഠീരവരായർ എന്നിവരുടെ പ്രണിധീത്വം മുഖ്യമായി ഈ കർമ്മങ്ങളുടെ നിർവ്വഹണത്തിനായിരുന്നു എന്നുള്ള വസ്തുത നാം ഗ്രഹിച്ചിട്ടുള്ളതാണല്ലോ.

തെക്കേത്തെരുവോടു ചേർന്ന് ഇക്കാലത്തു നിൽക്കുന്ന ദേവീക്ഷേത്രത്തിന്റെ വടക്കരുകോട് അടുത്തു കിഴക്കുവശത്തായി രാജമന്ദിരംവകയായുള്ള ചില മുറികൾ ഇന്നും കാണ്മാനുണ്ട്. ഇവയിലൊന്ന് കുഞ്ചൈക്കുട്ടിപ്പിള്ളയുടെ ഇഷ്ടംപോലുള്ള സമയങ്ങളിലെ പാർപ്പിനായി അനുവദിക്കപ്പെട്ടിരുന്നു. തന്റെ അതിഥികൾ മൂന്നുപേരെയും ഈ മുറിക്കകത്തു പ്രവേശിപ്പിച്ചിട്ട് ആ സല്ക്കാരകൻ അവരോടു കായതോഷകമായുള്ള പ്രഥമന്റെ മധുരഭുക്തിക്കു പകരം ആത്മമോക്ഷദമായുള്ള ഭഗവന്നാമങ്ങളെ യഥേഷ്ടം ജപിച്ചുകൊള്ളുവാൻ ആജ്ഞാപിച്ചു. ഭീമസേനന്റെ പ്രസിദ്ധമായുള്ള വൃകോദരത്വത്തെ പ്രകടിപ്പിച്ചു ത്രിവിക്രമൻ വല്ല പലഹാരമെങ്കിലും കിട്ടണം എന്നു ശഠിച്ചുതുടങ്ങി. കാര്യക്കാർ മുറിയുടെ തെക്കോട്ടുള്ള വാതൽ അല്പം തുറന്നു, "ഇതേ, ആ തെക്കു കാണുന്ന മഠത്തിലെ ബ്രാഹ്മണി നല്ല പൂരി, ജിലേബി എന്നീ വകകൾ ഉണ്ടാക്കുന്നവരാണ്. അങ്ങോട്ടു നോക്കൂ. ശബ്ദം ഉണ്ടാക്കരുത്. പോളിക്കുള്ള മാവ്

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/198&oldid=168036" എന്ന താളിൽനിന്ന് ശേഖരിച്ചത്