താൾ:Ramarajabahadoor.djvu/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഞ്ചൊല്ലുകളും വാക്കൊന്നിന് അഭിനയം രണ്ടും ചേർത്തു സംഭാഷണം ചെയ്യുന്ന ആശാൻ സാമാന്യജനങ്ങളോടുള്ള വ്യാപാരങ്ങളിൽ മേഘനാദപ്രാസംഗികനും അധികാരസ്ഥന്മാരുടെ പെരുമുമ്പുകളിൽ ദാസദാസവിധേയനുമായി വർത്തിക്കേണ്ട സഭ വെല്ലും വിദ്യയെ വഴിപോലെ അഭ്യസിച്ചിരുന്നു. സർവ്വത്ര പരമാർത്ഥവാദിയും സമാധാനപ്രിയനും ഭഗവദ്ചൈതന്യത്തിൽ വിശ്വാസിയും ആയി കൊടന്തക്കൊച്ചാശാൻ സമുദായത്തിൽ വ്യാപരിച്ചുവന്നതിനാൽ സത്യവും സമാധാനവും ഈശ്വരനും അയാളുടെ കാൽച്ചുവടു സന്ധിക്കുന്നിടങ്ങളിൽനിന്നു നാലാം ചുവടിനപ്പുറം നിലകൊണ്ടു വന്നു.

യുദ്ധമെന്നു കേട്ടപ്പോൾ, പടവെട്ടാനോ ചുമടുചുമക്കാനോ തന്നെ അധികൃതന്മാർ പിടികൂടുകയില്ലെന്ന് ആശാനു ധൈര്യമുണ്ടായിരുന്നു. എങ്കിലും ശത്രുവിനു വിജയമുണ്ടായാൽ കുടുമയും ഉണ്ടാക്കാൻ നിശ്ചയിച്ചിരിക്കുന്ന കുണ്ഡലങ്ങളും പൊയ്പോകുമെന്ന പേടികൊണ്ട് അയാൾ അന്ധാളിച്ചിരുന്നു. എന്നാൽ എട്ടുപത്തു ദിവസത്തിനുമുമ്പ് അപ്രതീക്ഷിതമായിക്കിട്ടിയ ഒരു ബന്ധുസമ്പത്ത് അയാളുടെ കായികാഭരണങ്ങളെ സംബന്ധിച്ചിടത്തോളമുള്ള ആയുർഭയങ്ങൾ നീക്കി ആശാനെ പൂർവ്വാധികം വീരനാക്കി. താൻ രഹസ്യമായി ആകാംക്ഷിക്കുന്ന പരിഗ്രഹസമ്പാദ്യംകൂടി കിട്ടാനുള്ള പടികളെ എല്ലായ്പോഴും മനസ്സിന്റെ പുരോഭാഗത്തു കണ്ടു, കവിതാനിർമ്മാണത്തിലേക്കും അയാൾ നാരാചമുനയെ ക്ലേശിപ്പിച്ചുതുടങ്ങിയിരിക്കുന്നു. ഈ അവസ്ഥകളാൽ തന്റെ ഗുരുപത്നിയോടു തുല്യബന്ധുവിന്റെ നിലയിൽ ഒന്നു ഗുണദോഷിപ്പാനും ശാസിപ്പാനും പരീക്ഷിപ്പാനുംതന്നെ മുതിർന്നു, "എന്തോന്നു കുഞ്ഞമ്മേ, പല്ലുതേച്ചു വല്ലതും കഴിക്കരുതേ? ഹൊന്നും പേടിക്കേണ്ട. ആ ബൗദ്ധൻ ഇങ്ങോട്ടു നീങ്ങുന്ന കഥ-" എന്നു തുടങ്ങീട്ട് ആശാൻ കണ്ണിറുക്കി അതു സംഭവിക്കുന്നതല്ലെന്നു വിശദമാക്കി. മീനാക്ഷിഅമ്മ, "വന്നില്ലല്ലോ, ഇത്ര താമസിക്കുന്നതെന്ത്?" എന്നു ഭർത്താവിനെക്കുറിച്ചു ചോദ്യം ചെയ്തു.

ആ വിഷയവും ആശാന്റെ പുറപ്പാടും തമ്മിൽ സംബന്ധമില്ലാതിരുന്നതിനാൽ അയാൾ സ്വഹിതം അനുസരിച്ചുള്ള അഭിപ്രായങ്ങളുടെ കഥനത്തെത്തുടർന്ന്, "ഇന്നത്തെ എഴുന്നള്ളത്ത് എന്തു പൊടിപൂരമായി! ദിവ്യാന്ന്യേമാന്റെ പഷ്ണപ്രവേശം അതിലും കേമം. അദ്ദേഹം എന്തായാലും ഭാഗ്യവാരാർനിധി അല്ലയോ? 'മനസ്സുപോലെ മംഗല്യം' കുഞ്ഞമ്മെ! ഇവൻ കൂർക്കമന്തി. എന്നിട്ടും കണ്ടയുടനെ മേനാവു നിറുത്തിച്ചു. (ശൃംഗാരാർത്ഥത്തിലുള്ള പുഞ്ചിരിയോടെ) "ഇവിടത്തെ സുഖക്കേട് എന്തു സ്ഥിതിയിൽ ഇരിക്കുന്നുവെന്ന് എത്ര കൃപയോടെ ചോദിച്ചു! 'മനോരമ്യം രമ്യം' എന്നല്ലേ വാക്യം?"

ഈവിധമുള്ള സൂചന പുത്തരിയായി കേട്ടപ്പോൾ മീനാക്ഷിഅമ്മയുടെ കുടുംബസിദ്ധമായുള്ള ഉഗ്രത രാജസവീര്യശീഘ്രതയോടെ ഉണർന്ന് അവരെക്കൊണ്ട് അവരുടെ ക്ഷീണങ്ങളെ വിസ്മരിപ്പിച്ചു. എന്നാൽ സഹധർമ്മമായുള്ള ശാന്തത അനുക്ഷണം സാമവാദംചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/19&oldid=168027" എന്ന താളിൽനിന്ന് ശേഖരിച്ചത്