താൾ:Ramarajabahadoor.djvu/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗൃഹിണീകൃത്യത്തെ സ്മരിപ്പിച്ചപ്പോൾ, ക്ഷമാപരമായി ആ മഹതി തല്ക്കാലസംഭവത്തെക്കുറിച്ചു സൂക്ഷ്മാവലോകനം ചെയ്തു. കേവലം ചപലനെന്നും വിടുഭാഷണക്കാരനെന്നും ഗണിക്കപ്പെട്ടിരുന്ന ആൾ വിഷവാഹിയായുള്ള ഒരു ഫണത്തെ അന്തഃപ്രദേശത്തു വഹിക്കുന്നുവെന്ന് ഈ പരിശോധനാശ്രമത്തിന്റെ ഫലമായി ഗ്രഹിച്ചു, അവർ നമ്രമുഖീത്വം അവലംബിച്ചു, സംഭാഷണത്തെ അവസാനിപ്പിക്കാൻമാത്രം യത്നിച്ചു. ആശാനോ ശ്വേതകേതുവിൽനിന്നു ശാപരൂപത്തിലുണ്ടായ പരിഷ്കാരത്തിനുമുമ്പുള്ള പാതിവ്രത്യപ്രതിഷ്ഠയുടെ ആരാധകനായിരുന്നു. എന്നു മാത്രമല്ല, കുലക്ഷയവും ഭാഗ്യവൈപരീത്യവും യാചകത്വവും അജ്ഞതയും സംയോജിക്കയാൽ അയാളുടെ ബുദ്ധിക്കു പരമപാവനത എന്നുള്ള ആദർശം ഗ്രന്ഥകാരന്മാരുടെയും ലോകകൗശലജ്ഞന്മാരുടെയും കപോലകല്പിതമായുള്ള മിഥ്യാപ്രമാണമാണെന്നു തോന്നിയിരുന്നു. രാജ്യത്തിൽ ഉപസാർവഭൗമത്വം വഹിക്കുന്ന കേശവപിള്ള, സാഹിത്യപഠനത്താൽ മൃദുശിരസ്കനായിട്ടുള്ള തന്റെ ഗുരുനാഥൻ, ബഹുധാ സ്വാതന്ത്ര്യശീലയായുള്ള ഒരു തിലോത്തമ-ഈ വർഗ്ഗത്രയത്തിന്റെ മൈത്രീസമ്മേളനത്തിൽ മഹേന്ദ്രനെ തോല്പിച്ചുള്ള ഉർവശിപുരൂരവം സംഭാവ്യമാണെന്നു തർക്കശാസ്ത്രജ്ഞനായ ഗുരുനാഥന്റെ കാറേറ്റിട്ടുള്ള നമ്മുടെ ഗ്രന്ഥവൈരി തീർച്ചയാക്കിയുമിരുന്നു. ഉദ്യോഗദാനാധികാരികളുടെ വിക്രിയാരഹസ്യങ്ങൾ തസ്കരിക്കുന്ന ചതുരന്മാർക്കു തദ്വാരാ അമൂല്യമായുള്ള ഒരു മൂലധനം കരസ്ഥമാകുമെന്നുള്ള പ്രമാണവും ആ സരസ്വതീത്യക്തന്റെ നാഗരികാധ്യയനത്തിൽ അയാളുടെ ബുദ്ധിയെ പ്രശോഭിപ്പിച്ചിരുന്നു. ഈവിധമായ പദ്ധതികളിൽ അഭ്യസ്തനായ കൊച്ചാശാൻ സ്വഗുരുനാഥന്റെ സന്നിധാനത്തിൽ പല ഗൃഹവാർത്തകളും പുരവാർത്തകളും കിംവദന്തികളും കാഴ്ചവെച്ചു. എന്നാൽ, അവിടുന്നു കേവലം അചേതനബിംബത്തിന്റെ പ്രത്യാദരം പ്രകടിപ്പിക്കാൻ മാത്രമേ പ്രസാദിച്ചുള്ളു. മീനാക്ഷിഅമ്മയുടെ മാനസസരസ്സിൽ ആ വിദഗ്ദ്ധദാസൻ ചാതുര്യത്തോടെ വലവീശീട്ടും വല്ല പങ്കശകലമെങ്കിലും കരസ്ഥമാക്കുക അയാൾക്കു ദുഷ്കരമായിരുന്നതേയുള്ളൂ. തൽക്കാലത്തെ പരാജയത്തിലും നെടുവടിയുടെ സംഘട്ടനം ഏല്ക്കുന്തോറും പല്ലിളിച്ചുകാട്ടി കുരയ്ക്കുകമാത്രം ചെയ്തു നില്ക്കുന്ന ശ്വാനനെപ്പോലെ ആശാൻ മണ്ടിക്കളയാതെ, അയാൾ സൂക്ഷ്മത്തിൽ കണ്ടതായും കാരണമറിയാത്തതായുള്ള ഒരു പരമാർത്ഥത്തെ പൊട്ടിച്ചു. "ഒന്നു വിട്ടുപോയി കുഞ്ഞമ്മേ! എഴുന്നള്ളത്തും മറ്റും അങ്ങനെ കടന്നുപോകുമ്പോൾ, ഗുരുനാഥന്റെ മുഖം കരണ്ട് കരുവാളിച്ചിരുന്നു. ദിവാന്ന്യേമാന്റെ നേർക്ക് ഒന്നു കടാക്ഷിക്കപോലും ചെയ്തില്ല. എന്തോ, എന്തോ, എന്തെങ്കിലുമാകട്ടെ. 'നായ്ക്കു പരുത്തിക്കടയിൽ കാര്യമെന്ത്?'

മീനാക്ഷിഅമ്മയുടെ അന്തരാഗ്നി പ്രവൃദ്ധോഷ്മാവോടെ ഉജ്ജ്വലിച്ചു. സർവ്വ സാക്ഷിയെ സംബോധനംചെയ്തു 'ഭഗവാനെ' എന്ന് ഒന്ന് ആക്രോശിച്ചുപോയി. തന്റെ ഗുരുപത്നിയുടെ മനസ്സിന്റെ സമനില ഭിന്ന

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/20&oldid=168039" എന്ന താളിൽനിന്ന് ശേഖരിച്ചത്