Jump to content

താൾ:Ramarajabahadoor.djvu/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒരു 'സുഭഗനഹം' നടിക്കുന്ന വാമനമൂർത്തി വ്യാജവിനയത്തിന്റെ പരുങ്ങലോടും പല യന്ത്രച്ചരടുകളും സ്വഹസ്തത്തിലെന്നുള്ള അഹങ്കാരത്തിന്റെ ഗുപ്തമായ മുഖപ്രസാദത്തോടും ആ രംഗത്തിലെത്തി. മീനാക്ഷിഅമ്മ ഗൃഹനായകൻ മടങ്ങി എത്തിയോ എന്നു പ്രശ്നം ചെയ്യുന്ന നാട്യത്തിൽ അയാളുടെ നേർക്കു തിരിഞ്ഞുനോക്കി.

പ്ലാമണ്ണിൽ ആശാന്മാർ ഒരു രാജകീയപടക്കളരിയിലെ വലിയത്താന്മാരായിരുന്നു. രാമയ്യൻദളവയുടെ നാമം ധരിച്ച ഒരു ഓലച്ചീന്ത് ആ കുടുംബത്തിന്റെ സ്ഥാനങ്ങളും സ്വത്തുക്കളും മറ്റൊരു കുടുംബത്തിനു സമ്മാനിക്കയാൽ പ്ലാമണ്ണുകാർ തെക്കോട്ടു നീങ്ങി തങ്ങളുടെ ചാർച്ചക്കാരായ നന്തിയത്തുകാരുടെ തണലോടു ചേർന്നു പാർപ്പാക്കി ജാതിശ്രേഷ്ഠതയെ പുരസ്കരിച്ചു, പെണ്ണുങ്ങളോടു ചേർത്തു നൂൽക്കാരായ ഭർത്താക്കന്മാരെ ഊട്ടി വീട്ടിൽ അഷ്ടിക്കും ഉടുതുണിക്കും മുട്ടിയപ്പോൾ ആണുങ്ങൾ വില്ലും കുന്തവും വാരിയിൽ ചൊരുകീട്ടു കാട്ടുകൃഷിയും കച്ചവടവും തുടങ്ങി. നന്തിയത്തു യജമാനന്റെ മകൻ സംസ്കൃതം പഠിച്ചു രാജപാദസേവകനായപ്പോൾ, പ്ലാമണ്ണിലെ കാരണവരായ നീലമ്പിആശാന് സ്വകുടുംബത്തെ പൂർവ്വസ്ഥിതിയിൽ ഉയർത്തുന്നതിനുള്ള മാർഗ്ഗം തെളിഞ്ഞു കാണപ്പെട്ടു. ഒരു സാംബശാസ്ത്രിയെ ഗുരുവായി വരിപ്പാൻ വേണ്ട മുതലില്ലാതിരുന്നതിനാൽ കാടു തെളിപ്പാനും കടയിലിരിപ്പാനും കൊള്ളാത്ത കൊടന്തക്കിടാവ് കേശവൻകുഞ്ഞ് ഉണ്ണിത്താന്റെ അടുത്തു ചെന്ന് നാലക്ഷരം പഠിക്കട്ടെ എന്നു വലിയാശാന്റെ കല്പനയുണ്ടായി. കൊടന്തക്കൊച്ചാശാൻ നന്തിയത്തുമഠത്തിൽ എത്തി ഗുരുകുലവാസം ഒരു സുമൂഹൂർത്തത്തിൽ ആരംഭിച്ചു. എന്നാൽ, കൊച്ചാശാന്റെ മേൽനിലയും മണ്ണായിരുന്നതിനാൽ ഗ്രന്ഥവിഷയങ്ങൾ അങ്ങോട്ടു പ്രവേശിപ്പാൻ ബ്രഹ്മസാഹസങ്ങൾ ചെയ്തു ചിരകാലംകൊണ്ടു ക്ഷീണിച്ചു. പഠിപ്പുകാര്യം എങ്ങനെയായാലും കൊച്ചാശാന്റെ ഊണും ഉടുപ്പും കെടപ്പും അയാളുടെ ആശായ്മയ്ക്കു ചേർന്നുള്ള അന്തസ്സിൽ കഴിഞ്ഞ്, കേശവനുണ്ണിത്താന്റെ ശിഷ്യൻ അഥവാ താക്കോൽക്കാരൻ എന്നുള്ള സ്ഥാനത്തെ വഹിച്ച്, അയാൾ തിരുവനന്തപുരത്തെ യുവരസികസംഘത്തിൽ ഗണനീയമായ ഒരു പ്രാധാന്യം സമ്പാദിച്ചു.

കൊച്ചാശാൻ അക്കാലത്തെ ഉദ്ദണ്ഡകായന്മാർക്കു ചെപ്പിലടച്ചു കൊണ്ടു നടക്കാവുന്ന ഹ്രസ്വനും കൃശഗാത്രനുമായുള്ള ഒരു ഓമനക്കുഴമ്പൻ ആയിരുന്നു. എല്ലായ്പോഴും ഇഴിഞ്ഞുപോകുമാറു മുലചുറ്റി വസ്ത്രം ധരിക്കുന്നതും ചതുഷ്കോണമുഖത്തിലെ പുരികങ്ങൾ ക്ഷൗരത്താൽ രേഖാമാത്രങ്ങളാക്കപ്പെട്ടുള്ളതും അതിലോലങ്ങളായ അധരങ്ങൾകൊണ്ടു സർവ്വാപഹാസം നടിക്കുന്നതും ഏതാണ്ടോ ഒരുവക പ്രമാണിത്വത്തിന്റെ ചിഹ്നങ്ങളായിരുന്നു. ഇരുപത്തഞ്ചാം വയസ്സായുള്ള ആ ചെറുപ്പത്തിൽത്തന്നെ ആശാന്റെ മൂർദ്ധാവിൽനിന്ന് ഉല്പന്നമായുള്ള ദീർഘലാംഗുലം പൊന്നുകെട്ടിപ്പോയിരിക്കുന്നതു ഗുരുനാഥന്റെ വയ്പെണ്ണ ലോഭം കൂടാതെ ഉപയോഗിക്കുന്നതുകൊണ്ടാണ്. കിട്ടുന്ന പഴ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/18&oldid=168016" എന്ന താളിൽനിന്ന് ശേഖരിച്ചത്