താൾ:Ramarajabahadoor.djvu/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


മെരട്ടുകൾ ആ മൊന്തപ്പഴത്താൻ നിന്റെ നായരൊണ്ടല്ലോ, അവന്റടുത്ത് ഒക്കും. എഴുതൂട് ഒരോലനുറുക്ക്. ആ കുലംകെടുത്ത ദ്രോഹിയെ ഇങ്ങുവരുത്തി പിഴ ഏല്പിക്ക്. നെനക്കും മോളുപെണ്ണിനും അപ്പോമുതൽ കാര്യങ്ങളിതോ എന്ന് അന്ന് പെരിഞ്ചക്കോടനോടു കേട്ടോ."

പെരിഞ്ചക്കോടന്റെ നേർക്കുള്ള നോക്കുപോലും അവസാനിപ്പിച്ചിട്ട് മീനാക്ഷിഅമ്മ ഗൗണ്ഡനായ 'മാമനാ'രോടു തന്നെ അപമാനിക്കുന്നതായ ആ അസഭ്യഭാഷണത്തെ അദ്ദേഹവും കേട്ടുകൊണ്ടിരിക്കുന്നതിനെക്കുറിച്ചു വ്യസനിച്ചു തമിഴിൽ പറഞ്ഞു. ഗൗണ്ഡൻ കോപിഷ്ഠനായി ഉത്ഥാനം ചെയ്തു പെരിഞ്ചക്കോടന്റെ അപമര്യാദയെ ശാസിച്ചു. ചില പരമാർത്ഥങ്ങൾ വെളിപ്പെടുത്താൻ താൻ തയ്യാറാണെന്നും അവ പ്രസിദ്ധമാകുമ്പോൾ ചിലർ കഴുകിന്മേൽ ആരോഹണം ചെയ്യും എന്നും വാദിച്ചു പെരിഞ്ചക്കോടൻ ശത്രുനില അവലംബിച്ചു. ഗൗണ്ഡവേഷത്തിന്റെ ഖണ്ഡത്തിൽനിന്ന് ചില ഉഗ്രധ്വനികളും മദ്ധ്യത്തിലെ വസ്ത്രബന്ധത്തിൽനിന്നു ദിവാൻജി ഏന്തിയതുപോലുള്ള ഒരു അയഃഖണ്ഡവും പുറത്തായി. ആയുധത്തെയും, കണ്ഠധ്വനികൾ കേട്ടു ഗൃഹാങ്കണത്തിൽ പ്രവേശിച്ച ഗൗണ്ഡന്റെ അനുചരന്മാരെയും കണ്ടപ്പോൾ പെരിഞ്ചക്കോടൻ മറ്റു ചില ആലോചനകളോടെ മുറ്റത്തു ചാടി, "എന്നാൽ ഇനി കണ്ടിട്ട്" എന്നു മാത്രം പറഞ്ഞുകൊണ്ടു അതിവേഗത്തിൽ പാഞ്ഞു, ഗൗണ്ഡന്റെ നവസങ്കേതത്തിനടുത്തു ഗൂഢമായി പാർപ്പിച്ചിരുന്ന തന്റെ അനുചരസംഘത്തോടു ചെന്നുചേർന്നു. ഗൗണ്ഡൻ ആ രാത്രിയിൽ നിദ്രാഭംഗം ഉണ്ടാക്കിയതിന് മീനാക്ഷിഅമ്മയോടു ക്ഷമാപ്രാർത്ഥനകൾ ചെയ്തും അന്നു പ്രകടിപ്പിക്കപ്പെട്ട സ്ഥിരധീരതയ്ക്കു ഭർത്താവോടു ചേർന്നുള്ള ചിരകാലദാമ്പത്യം ഫലമാകട്ടെ എന്ന് ആശിസ്സു നല്കിയും എന്തോ ചിത്താവേശത്താൽ ആ മഹതിയുടെ ഹസ്തങ്ങൾ ഗ്രഹിച്ചു കണ്ണുനീർ വർഷിച്ചും ചരമശ്വാസം എന്നപോലെ ദീർഘമായി ഒന്നു നിശ്വസിച്ചു പരിസരത്തെ നേത്രങ്ങളാൽ ഭുക്തി കഴിക്കുംവണ്ണം ഒരു അപ്രമേയോല്ത്കണ്ഠയോടെ ചുറ്റി നോക്കിയും ഏതാനും വിനാഴികനേരം നിശ്ചേഷ്ടം നിന്നിട്ടു 'ഹമ്മാ!' എന്നുള്ള ആക്രോശത്തോടെ ത്രുടിതഗാത്രനായി പെരിഞ്ചക്കോടന്റെ ദ്രുതഗതിയിൽത്തന്നെ അവിടെനിന്നു പാഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/183&oldid=168020" എന്ന താളിൽനിന്ന് ശേഖരിച്ചത്