Jump to content

താൾ:Ramarajabahadoor.djvu/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചെയ്യേണ്ടതെന്ന് മീനാക്ഷി ചോദിച്ചപ്പോൾ ഒരു 'കടിതം' അയച്ച് അദ്ദേഹത്തിന്റെ വടക്കോട്ടുള്ള യാത്രയിൽ അരനാഴികനേരത്തേക്കു തന്റെ ആതിഥ്യം സ്വീകരിപ്പാൻ മീനാക്ഷിഅമ്മ ക്ഷണിക്കണം എന്ന് ഗൗണ്ഡൻ ഗുണദോഷിച്ചു. ഭർത്താവിന്റെ നിയോഗംകൂടാതുള്ള ഒരു നിമന്ത്രണലേഖനം അയയ്ക്കുന്നതു സ്വധർമ്മത്തിനു വിരുദ്ധം എന്നും അങ്ങനെ ഒരു അപേക്ഷ അദ്ദേഹത്തെ ധരിപ്പിച്ചാൽ രാജ്യത്തിന്റെ ജീവനെത്തന്നെ സംബന്ധിക്കുന്ന ഒരു യാത്രയുടെ ആരംഭത്തിലുണ്ടാകുന്ന ആ താമസം ഒരു ദുശ്ശകുനമായി പരിഗണിക്കപ്പെടുകയില്ലയോ എന്നും ചിന്തിച്ച് അവർ മൗനം അവലംബിച്ചു. എന്തായാലും തന്റെ ഗൃഹകാര്യത്തിൽ, ആ രാത്രിസമയത്തു യാതൊരു ബന്ധവുമില്ലാത്ത ഒരു വിദേശീയൻ പുറപ്പെട്ട് ഇങ്ങനെ ഉള്ള ഒരു അപേക്ഷചെയ്യുന്നതു സംശയകരമായി അവർക്കു തോന്നുകയാൽ ഗൗണ്ഡൻ ഉത്തരം കിട്ടുവാൻ പുറപ്പെടുവിച്ച നാസാസ്വരങ്ങൾക്കു വീണ്ടും നിശ്ശബ്ദയായിത്തന്നെ നിലകൊണ്ടു. ഭർത്താവിന്റെ ജളതനിമിത്തം വിധിക്കപ്പെട്ടിട്ടുള്ള വൈധവ്യത്താൽ ദേഹവും മനസ്സും ക്ഷീണിച്ചിട്ടുണ്ടെങ്കിലും ആ സ്ത്രീ പരന്മാരുടെ ഗുണദോഷങ്ങൾക്കു നമ്യയാകുന്നവൾ അല്ലെന്നു ഗൗണ്ഡൻ ഗ്രഹിച്ചിരുന്നു. ആ ചിത്തസ്ഥൈര്യത്തെ സ്വകുടുംബത്തിനുതന്നെ സംപ്രാപ്തമായുള്ള ഒരു മഹിമ എന്നപോലെ അയാൾ ആന്തരാൽ അഭിനന്ദിക്കുകയും ചെയ്തു. ഗൗണ്ഡൻ പല മധുരവാദങ്ങളും നയവാദങ്ങളും പ്രയോഗിച്ചിട്ടും ജയസൂര്യന്റെ ഉദയാൽപൂർവ്വമായുള്ള അരുണജ്യോതിസ്സുപോലും കണ്ടു തുടങ്ങിയില്ല. ടിപ്പുവിൽനിന്നുള്ള സ്ഥാനലബ്ധി, സ്വപുരുഷാർത്ഥസാകല്യത്തെയും ബലികഴിച്ചു സമ്പാദിച്ചിട്ടുള്ള സന്തുഷ്ടി ഇവ രണ്ടും തമ്മിലുണ്ടായ ഒരു സംഗരത്തിൽ അനിശ്ചിതമായുള്ള ഭാവിവിജയം പരാജയം പ്രാപിച്ച് ഗൗണ്ഡൻ വിച്ഛിന്നജിഹ്വനായി സ്ഥിതിചെയ്തുപോയി.

ഈ ഘട്ടത്തിൽ പെരിഞ്ചക്കോടൻ മുന്നോട്ടു നീങ്ങി: "നോക്കീനാ പെമ്പറന്നോരേ? ഇത്തറ ഹഹങ്കാരങ്ങള് ഈ ആണുങ്ങടെ അടുത്തെടുക്കണ നിങ്ങക്ക് ഒരു നായരെ വഴിക്കുവഴിയേ കൊണ്ടുപൂവാൻ കഴിയാത്തെന്തു? ആ ധിവാനിജിയെ ശക്കരക്കൊടമായി പൂയിച്ചിട്ടല്യോ മറ്റേ തുളുനമ്പ്യാൻ അതാ കിടാന്നു ഇങ്ങിട്ടേച്ചു തൊങ്ങിയിരിക്കണത്? മൊതലാളി ചൊല്ലുണതു കേട്ടില്ലെങ്കിൽ ഞങ്ങടെ കൈയ്യിച്ചെല വിദ്യകളോണ്ട്."

മീനാക്ഷിഅമ്മ അപഹാസസരസ്വതിയുടെ അമ്പത്തൊന്ന് അക്ഷരമുനെയേറ്റു തിരിഞ്ഞ് ആ ദുർമ്മദവാദിയോട് അഭിമുഖമായി നിന്നപ്പോൾ ആ മുഖത്തു പ്രകാശിച്ച കുലഗൃധ്രതയെ സൂക്ഷ്മമാനം ചെയ്‌വാനുള്ള ബുദ്ധി പെരിഞ്ചക്കോടനുണ്ടായിരുന്നു എങ്കിൽ അയാൾ നിന്നിരുന്ന നിലത്തു താണുപോകുമായിരുന്നു.

മീനാക്ഷിഅമ്മ പ്രൗഢമൗനം അവലംബിച്ചു നില്ക്കുമ്പോൾ പെരിഞ്ചക്കോടൻ തന്റെ കോപഭർത്സനത്തെ തുടർന്നു: "നോക്ക്. നിന്റെ ഈ ഉർവ്വശിയാട്ടങ്ങൾ പെരിഞ്ചക്കോടന്റെടുത്തു കൊണ്ടരരുത്. ഇതുപോലെ പൂവമ്പഴത്തൊലി ഒള്ളവരെ പെരിഞ്ചക്കോടനും കണ്ടിട്ടൊണ്ടു. നിന്റെ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/182&oldid=168019" എന്ന താളിൽനിന്ന് ശേഖരിച്ചത്