ഭർത്താവിനോ പുത്രിക്കോ വല്ലതും ദുരാപത്തു സംഭവിച്ചുപോയോ എന്നുള്ള ആധിയോടെ ആ മഹതിതന്നെ എഴുന്നേറ്റു തളത്തിലെ വാതിൽ തുറക്കുന്നു.
ഗോപുരദ്വാരത്തിൽ എത്തി പ്രൗഢയായ ഗൃഹനായിക "ആര്?" എന്നു ചോദ്യംചെയ്തു. താഡനശബ്ദങ്ങളെയും അപേക്ഷാഘോഷങ്ങളെയും അവസാനിപ്പിക്കുന്നു. "നാൻതാനാമ്മെ, ഗൗണ്ഡൻ. കവലപ്പെടാതിങ്കൾ" എന്ന വാക്കുകളിൽ ഒരു സാക്ഷാത്വം സ്ഫുരിച്ചുപോയതിനാൽ മീനാക്ഷിഅമ്മ വിറകൊണ്ടുനിന്നു. തന്റെ ഉദീകരണത്തിനു പ്രത്യുക്തി ഒന്നും ഉണ്ടാകാത്തതിനാൽ താൻ സ്വീകരിച്ചിട്ടുള്ള സ്വരവിശേഷം പൂർവ്വോച്ചാരണത്തിൽ വിസ്മൃതമായി എന്നു സ്മരിച്ച വൃദ്ധൻ ക്ഷീണചിത്തനായി. അതിനാൽ അനന്തരക്രിയയിൽ കപടദ്ധ്വനിയെ അല്പം കൂടി വികൃതമാക്കി, "എന്നതായീ! അവസരമാന വാർത്തൈ ശൊല്ലിവിട്ടുപോഹട്ടും" എന്നു പ്രാർത്ഥിച്ചു. ഭർത്താവിനും പുത്രിക്കും മറ്റു ബന്ധുക്കൾക്കും ആപത്തൊന്നും ഇല്ലെന്നു ഗ്രഹിച്ച മീനാക്ഷിഅമ്മ വൃദ്ധനിൽനിന്ന് എന്ത് ആപത്തുണ്ടാകാം എന്നു നല്ലതുപോലെ ആലോചിച്ചു. ആദ്യസംഘടനയിൽ തന്റെ മനസ്സിൽ അങ്കുരിച്ചതായ ആദരാദിവികാരങ്ങളെ സ്മരിച്ച ആ സാധ്വി വീതശങ്കയായി കവാടബന്ധങ്ങളെ നീക്കിയിട്ടു വഴിമാറിനിന്നു. ഗൃഹാങ്കണത്തിലോട്ടു പ്രവേശിച്ചത് ഗൗണ്ഡനും ആകാശച്ഛേദിയായ ഒരു ഭീമകായനും ആയിരുന്നു. നിലാവെളിച്ചത്തിനിടയിൽ കാണാമായിരുന്ന വൃദ്ധന്റെ അംഗവിക്ഷേപങ്ങളാൽ മുൻപിൽ നടക്കുന്നതിനു നിയുക്തയായപ്പോൾ, മീനാക്ഷിഅമ്മ മുൻതളത്തിലേക്കു കടന്ന് ആഗതദ്വന്ദ്വത്തെ ക്ഷണിച്ചു, തെളുതെളെ പ്രകാശിക്കുന്ന പടിയിന്മേൽ ആസനസ്ഥർ ആക്കി. ഗൗണ്ഡൻ പെരിഞ്ചക്കോടനായ സഹഗാമിയോട് അല്പം തെക്കുവശത്തോട്ടു നീങ്ങി നില്ക്കണം എന്ന് അപേക്ഷിക്കയാൽ അയാൾ അതിന്മണ്ണം അനുഷ്ഠിച്ചിട്ട് വൃദ്ധനും ഗൃഹനായികയും തമ്മിൽ സംസാരിച്ച് ആ യാത്രാകാര്യം നിവർത്തിതമാകുന്നതിന് അവസരം കൊടുത്തു. മീനാക്ഷിഅമ്മ ഭർത്താവു മടങ്ങി എത്തിയിട്ടില്ലെന്നു ധരിപ്പിച്ച് അപ്പോഴെങ്കിലും മോതിരം എടുത്തുകൊള്ളണം എന്നു ഗൗണ്ഡനോട് അപേക്ഷിച്ചു. "ഗൗണ്ഡനാർ അത്ര പോക്കിരിയോ?" എന്നു ഘോഷിച്ച് അയാൾ ആ മഹതിയുടെ അഭിപ്രായത്തെ ഭർത്സിച്ചുകളഞ്ഞു. അനന്തരം താൻ മഹാശക്തിമാന്മാരായ രാജാക്കന്മാരുടെ ബന്ധു ആണെന്നും എത്രയോ കുടുംബങ്ങൾക്കു നേരിട്ടിട്ടുള്ള ആപത്തുകളെയും ദുഃഖങ്ങളെയും നീക്കി മനസ്സന്തോഷം സമ്പാദിച്ചിട്ടുള്ള ഒരു ലോകപാലൻ ആണെന്നും ആ ഭവനത്തിൽ എന്തോ പിശുനതകൾ വ്യാപരിച്ചു, ദമ്പതിമാരെ ഛിദ്രിപ്പിച്ചിരിക്കുന്നതായി സംശയിക്കുന്നു എന്നും, അതിന് ഛിദ്രകാരനായ ദിവാൻജിയെ അരവിനാഴികനേരം ആ ഭവനത്തിൽവച്ചു തനിക്കു കാണ്മാൻ അവസരം ഉണ്ടാക്കിക്കൊടുത്താൽ ആ മഹതിയെ വ്യസനിപ്പിക്കുന്ന ദുർഘടാവസ്ഥയ്ക്ക് ഉടനെ പരിഹാരം ഉണ്ടാക്കിക്കൊടുപ്പാൻ താൻ ശക്തനാണെന്നു ധരിപ്പിച്ചു. അതിനു താൻ എന്താണു