താൾ:Ramarajabahadoor.djvu/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അന്നത്തെ ഈ സന്ദർശനാവസാനത്തിൽ യാത്രയ്ക്കായി തിരുവനന്തപുരത്തേക്കു മടങ്ങുന്നതിന് ദിവാൻജി ദ്വാരപ്രദേശത്തോട്ടു നീങ്ങിയപ്പോൾ മീനാക്ഷിഅമ്മ മുൻതളംവരെ അനുയാത്രചെയ്ത് അവിടെ നിലകൊണ്ടു. തന്റെ പുത്രിക്കു നിശ്ചയിച്ചിരിക്കുന്ന അന്നത്തെ വിവാഹം നടക്കുക ഇല്ലെന്നു ഗ്രഹിച്ച ആ മഹതിയുടെ മുമ്പിൽ പുത്രിയാൽ ഭർത്താവായും തന്നാൽ മരുമകനായും വരിക്കപ്പെട്ടിരിക്കുന്ന യുവാവ് യാത്രാനുമതിക്കായി തൊഴുതു. അതു കണ്ടപ്പോൾ മൃത്യുപാശം ചക്രവാതഭ്രമണത്തോടെ വീശുന്ന യുദ്ധരംഗത്തിലേക്കാണ് ആ മോഹനാംഗനായ യുവകുമാരൻ പോകുന്നത് എന്നും ആ യാത്രയിൽ തന്റെ പുത്രിക്കുതന്നെ ശാശ്വതവൈധവ്യം സംഭവിച്ചേക്കാമെന്നും തോന്നിയെങ്കിലും ആ മഹതി, "ജയിച്ചു വാ ത്രിവിക്രമാ! നിന്റെ അച്ഛനും പടത്തലവനമ്മാവനും എങ്ങനെ തൃപ്പാദം സേവിച്ചു എന്നതു നിനക്കു വഴികാട്ടട്ടെ. കുലത്തിനു ദുര്യശസ്സു വരുത്തരുത്. ദേവി ചാമുണ്ഡി രക്ഷിക്കട്ടെ" യുവാവു ധീരകേസരിയായി തൊഴുതു കാമിനീവരണത്തിനു മുമ്പ് വിജയലക്ഷ്മിയുടെ സംവരണം എന്നുറച്ചുകൊണ്ടു മന്ത്രിയുടെ അംഗരക്ഷകസ്ഥാനം വഹിപ്പാൻ പുറപ്പെട്ടു.

ഒരു ഇടപ്രഭുവിന്റെ ജനസ്വാധീനവും കൗബേരമായ സമ്പത്തുംകൂടി പാട്ടിൽ ആക്കികൊണ്ടു യുദ്ധരംഗത്തിൽ ഒരു പ്രധാന പാത്രമായി നടനം ചെയ്യുവാൻ ഉദ്ദേശിച്ച അജിതസിംഹൻ അകമ്പടിക്കാരോടൊന്നിച്ച് കിളിമാനൂർ എന്ന ദിക്കിൽ എത്തി ഒരു ക്ഷേത്രത്തിൽ ഊണും അടുത്തുള്ള ഗൃഹത്തിൽ പാർപ്പും ആക്കി താമസിച്ചു. ഗൗണ്ഡന്റെ മേധാവിഹസ്തത്തിൻകീഴല്ലാതുള്ള സ്വാതന്ത്ര്യവാസം ഒരു സുഖകരചികിത്സയായി അജിതസിംഹൻ പരിഗണിച്ചു.

ഈ പതിനൊന്നാം ശതവർഷത്തിന്റെ യുവദശയുടെ ആരംഭഘട്ടത്തിൽ 'ചേന്നൻവേലി' എന്നൊരു ഗൃഹനാമക്കാരൻ ഒരു താലൂക്കിന്റെ ആധിപത്യമായുള്ള കാര്യക്കാർസ്ഥാനം ആണ്ടു, മുപ്പത്താറിൽ നാടുനീങ്ങിയ തിരുമേനിയെ സേവിച്ചുപോന്നിരുന്ന വസ്തുത തിരുവിതാംകൂറിന്റെ മദ്ധ്യഭാഗങ്ങളിൽ ഇന്നും പ്രസിദ്ധമാണ്. "വേലുംകൊണ്ടു വേൽക്കാർ അകത്തും വെയിലുംകൊണ്ടു ചേന്നൻവേലി പുറത്തും" എന്നും മറ്റുമുള്ള വികടഭാഷണങ്ങൾകൊണ്ടു പ്രസിദ്ധനായിത്തീർന്ന ഇദ്ദേഹത്തെപ്പോലുള്ള തിരുവാഴിത്താന്മാർ കഴിഞ്ഞ ശതവർഷത്തിലും കാര്യക്കാർ ഉദ്യോഗം ഭരിച്ചിരുന്നു. സാവിത്രിയെ സൂക്ഷിച്ചു കൊൾവാനും കിഴക്കേ നന്തിയത്തുണ്ടാകുന്ന വിവാഹത്തെ മുടക്കുവാനും ദിവാൻജിയാൽ നിയുക്തനായ കൊട്ടാരക്കരക്കാര്യക്കാർ ചേന്നൻവേലിയെ അനുഗ്രഹിച്ചിരുന്ന സരസ്വതിയുടെ ഉപാസകൻതന്നെ ആയിരുന്നു. സാവിത്രിയുടെ സ്നാനാരംഭവേളയിൽ ആ കന്യകയെ സന്ദർശിച്ചു 'ചിത്തതാപമരുതേ' എന്ന വിഖ്യാതഗാനം പ്രയോഗിച്ചു മടങ്ങിയ രാജവേത്രധാരി ഈ കാര്യക്കാരുടെ ദൂതൻ ആയിരുന്നു. തമ്പുരാൻ അഭ്യസിച്ചിട്ടുള്ള ഗാന്ധർവ്വവിദ്യയിൽ അദ്ദേഹത്തോട് ഒന്നു മത്സരിപ്പാൻതന്നെ കാര്യ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/156&oldid=167990" എന്ന താളിൽനിന്ന് ശേഖരിച്ചത്