Jump to content

താൾ:Ramarajabahadoor.djvu/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദിവാൻജി: "അങ്ങനെയല്ല കല്പന. പ്രമാണം ഇല്ലെങ്കിലും വാക്കാൽ എങ്കിലും ഉടമസ്ഥയോടു ദാനം വാങ്ങിയിട്ട് അവിടെ കണ്ടുകിട്ടിയിരിക്കുന്ന നിധി സർക്കാരിലേക്ക് ഇപ്പോഴത്തെ ആവശ്യത്തിന് അടക്കണമെന്നാണു കല്പിച്ചിരിക്കുന്നത്."

മീനാക്ഷിഅമ്മ: "സാവിത്രിയുടെ അച്ഛന്റെ സമ്മതം വാങ്ങി ഞാൻ തരേണ്ടതാണ്."

ദിവാൻജി: "അതിനു താമസിച്ചാൽ ഇപ്പോഴത്തെ ആവശ്യത്തിന് ഉപയോഗപ്പെടൂല്ല."

മീനാക്ഷിഅമ്മ: "രാമവർമ്മത്തെ വീടും വസ്തുക്കളുംകൂടി വേണമെങ്കിൽ എടുത്തുകൊള്ളാം. കല്പിച്ചു യുദ്ധത്തിൽ ജയിച്ചു ദീർഘായുസ്സോടെ ഞങ്ങളെ രക്ഷിക്കട്ടെ. തിരുമനസ്സിലെ ആവശ്യത്തിന് സാവിത്രിയുടെ അച്ഛൻ തർക്കം പറകയില്ല. അവിടെ എന്തുണ്ടോ അതുകൊണ്ടുപോകുന്നതിനു സംശയം വേണ്ട. എന്നു മാത്രം അല്ല, അതു ശ്രീപത്മനാഭന് അടങ്ങി ഞങ്ങളുടെ ദുരിതത്തിനു ശാന്തിയും വരട്ടെ."

ദിവാൻജി: "നിങ്ങളുടെ പരദേവത ആരാണ്?"

മീനാക്ഷിഅമ്മ: "ചാമുണ്ഡീദേവി. കാവ് അല്പം തെക്കുപടിഞ്ഞാറു മാറിയാണ്. എല്ലാം നശിച്ചുപോയി."

ദിവാൻജി: "ചില ഹോമങ്ങളും ക്രിയകളും തെക്കേപ്പറമ്പിൽ ഇന്നു നടക്കുന്നുണ്ട്. അതിന്റെ കോലാഹലങ്ങൾ കേട്ടു ഭയപ്പെടരുത്. തന്ത്രിയായി നില്ക്കുന്നത് കുഞ്ചൈക്കുട്ടിപ്പിള്ള കാര്യക്കാരാണ്."

ദിവാൻജിയുടെ ഉള്ളിൽ ഗൗണ്ഡന്റെ പരമാർത്ഥത്തെക്കുറിച്ച് ഒന്നു സൂചിപ്പിക്കുവാൻ മോഹം ഉണ്ടായി എങ്കിലും അദ്ദേഹത്തിന്റെ അടുത്ത പ്രസ്താവന ഇങ്ങനെയായിരുന്നു.

"ഞാനല്ല ഉണ്ണിത്താനദ്ദേഹത്തെ ബുദ്ധിമുട്ടിപ്പാൻ വടക്കോട്ട് അയച്ചത്."

മീനാക്ഷിഅമ്മ: "ബുദ്ധിമുട്ടല്ല. എല്ലാവരും ഒന്നുപോലെ പ്രയത്നപ്പെടേണ്ട കാര്യമാണ്. ആ അധികപ്രസംഗി അവിടെ വന്ന് എന്തോ സങ്കടം പറഞ്ഞു. അതുകൊണ്ട് ആ ഏർപ്പാടുണ്ടായി എന്ന് എനിക്കറിയാം."

ദിവാൻജി: "അതേ, അതേ. കുട്ടികളാണല്ലോ. ഇഷ്ടമുള്ളവർക്കുവേണ്ടി ചാടിപ്പുറപ്പെട്ടുപോകും."

തന്റെ പ്രേമോദയദിശയിൽ താൻ അനുഷ്ഠിച്ച ഒരു ക്രിയയെ സൂചിപ്പിച്ച് ഇങ്ങനെയുള്ള ഒരു പ്രസ്താവന ഉണ്ടായപ്പോൾ മീനാക്ഷിഅമ്മ ഊണിനു വട്ടംകൂട്ടാൻ തിടുക്കപ്പെടുന്ന ഭാവം പ്രകടിപ്പിച്ചു. അതിനിടയിൽ, "അദ്ദേഹം ഇതെല്ലാം അറിയുമ്പോൾ എത്ര വ്യസനിക്കും എന്നുള്ളതു കൂടി ഇവിടുന്നു വിചാരിക്കേണ്ടതായിരുന്നു. മറ്റുള്ളവരുടെ കാര്യത്തിൽ അങ്ങനെ ഒരാൾ തോൽക്കാനും വ്യസനിപ്പാനും ഇല്ലായിരുന്നു" എന്നുള്ള സ്വാഭിപ്രായത്തെക്കൂടി പറഞ്ഞുതീർത്തു.

ദിവാൻജി: "കുറച്ചു വ്യസനിച്ചിട്ടുണ്ടാകുന്ന സന്തോഷത്തിനു രുചിയും രസവും കൂടും."

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/155&oldid=167989" എന്ന താളിൽനിന്ന് ശേഖരിച്ചത്