താൾ:Ramarajabahadoor.djvu/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭർത്താവോടു സംഘടന ഉണ്ടായ കന്യകാദശയെക്കുറിച്ചുള്ള സ്മരണകൾ ഉണർന്ന് മീനാക്ഷിഅമ്മ കണ്ണുനീർ ഒഴുക്കിത്തുടങ്ങി. ഈ ക്ഷീണപ്രകടനം കാണ്മാൻ നില്ക്കാതെ ത്രിവിക്രമൻതന്നെ ഭൃത്യരെ വിളിച്ചു; ദിവാൻജിയെ സല്ക്കരിപ്പാൻ വേണ്ടതൊരുക്കിയിട്ട് അദ്ദേഹത്തെ എതിരേല്പാൻ ആനക്കൊട്ടിലിൽ കാത്തുനിന്നു. നാഴിക രണ്ടുമൂന്നു കഴിഞ്ഞു. മീനാക്ഷിഅമ്മ മഹാരാജാവു തിരുമനസ്സിലെ ദാസപ്രദാനനെ സല്ക്കരിക്കുന്നതിനു തന്റെ സ്ഥാനത്തിന് ഉചിതമായുള്ള വേഷംതന്നെ ധരിച്ചു നിലകൊള്ളുന്നു. സ്വഭർത്താവിന്റെ പരമാർത്ഥസ്നേഹിതനും ഉപകാരിയും തല്ക്കാലം മേധാവിയുമായുള്ള മഹാപുരുഷനെ പ്രാകൃതമായ ഒരു വേഷത്തിൽ സല്ക്കരിക്കുന്നതു ഭർത്തൃദ്രോഹമാകുമെന്നു പ്രമാണിച്ച് ആ മഹതി ശുഭ്രവസ്ത്രങ്ങളും സാമാന്യമായ ചില ആഭരണങ്ങളും ധരിച്ചുകൊണ്ടതായിരുന്നു. താൻ മുമ്പിൽ കണ്ടിട്ടുള്ള സൗന്ദര്യപ്രഭയും ധാടിയും അത്യധികമായി ക്ഷയിച്ചുകാണുന്ന ഗൃഹനായികയോടു സഹതപിക്കയോ മനസ്താപകാരണങ്ങളെ ആരായുകയോ ചെയ്‌വാൻ അവരാൽ സൽകൃതനാകുന്ന പുരുഷോത്തംസം ചിന്തിക്കുകപോലും ചെയ്യുന്നില്ല. മീനാക്ഷിഅമ്മ പ്രൗഢയായ പ്രഭുപത്നിയായും കേശവപിള്ള ദാന്തശീലാഗ്രേസരനായ ഒരു ജ്യേഷ്ഠസഹോദരനായും ആ സന്ദർശനത്തിൽ അഭിമുഖരായി നിന്നു സംഭാഷണംചെയ്തതിന് ഉണ്ണിത്താൻ സാക്ഷി ആയിരുന്നുവെങ്കിൽ ആ ദമ്പതികളുടെ സ്ഥിതികൾ എന്തു ഭാഗ്യരാശിയിലോട്ടു സംക്രമിക്കുമായിരുന്നു! ദൈവഗതികൾ ലോകാഭിലാഷത്തെ അനുസരിച്ചു സർവ്വദാ നിർവ്വഹിതമാകുന്നില്ല. സാവിത്രിയുടെ വിവാഹക്കാര്യത്തെക്കുറിച്ചുപോലും ദിവൻജിയിൽനിന്ന് ഒരു അന്വേഷണവും ഉണ്ടാകുന്നില്ല. സ്വസ്വാമിയുടെ വാർത്താവഹന്റെ നിലയിൽ കേശവപിള്ള ഗണിതഗ്രന്ഥങ്ങളുടെ നിരാർദ്രതയോടെ ആസനസ്ഥനാവാൻ മീനാക്ഷിഅമ്മയാൽ അപേക്ഷിക്കപ്പെട്ടിട്ടും ആ ക്ഷണങ്ങളെ കേട്ടു എന്നുപോലും നടിക്കാതെ ഇങ്ങനെ ധരിപ്പിച്ചു:

"തിരുമനസ്സുകൊണ്ടു കല്പിച്ച് ഒരു കാര്യം ഇവിടെ വന്നു പറവാൻ."

മീനാക്ഷിഅമ്മ മിണ്ടാതെ ദത്തകർണ്ണയായി നിന്നിട്ട്, "ഊണു കഴിഞ്ഞിട്ടേ പോകാവൂ" എന്നുകൂടി ക്ഷണിക്ക മാത്രം ചെയ്തു.

ദിവാൻജി: "ആവാം. മന്ത്രക്കൂടത്ത് ഒരു നീരാഴി തോണ്ടുന്നു. കല്പനപ്രകാരം ആണ്."

മീനാക്ഷിഅമ്മ: "കല്പന നടക്കട്ടെ."

ദിവാൻജി: "ഭൂമി നിങ്ങളുടെ വകയാണ്. ചന്ത്രക്കാരൻ അപഹരിച്ചെടുത്ത്, ഉണ്ണിത്താന് അടങ്ങിയിട്ടുണ്ടെങ്കിലും പണ്ടാരവക കണക്കുകളിൽ നിങ്ങളുടെ പേരിൽത്തന്നെ കിടക്കുന്നു. എന്തുകൊണ്ടോ കണ്ടുകെട്ടിൽ ഉൾപ്പെട്ടില്ല."

മീനാക്ഷിഅമ്മ: "എന്നാൽ ഇന്നു പണ്ടാരവകയ്ക്ക് ആവശ്യം ഉണ്ടെങ്കിൽ കണ്ടുകെട്ടിക്കൊള്ളാമല്ലോ."

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/154&oldid=167988" എന്ന താളിൽനിന്ന് ശേഖരിച്ചത്