താൾ:Ramarajabahadoor.djvu/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്കാരും നിശ്ചയിച്ചു. അതായത് രാജസിംഹനെ ഒന്നു ചെണ്ടകൊട്ടിച്ചുവിടുവാൻ സരസനായ താലൂക്കുസാമ്രാട്ട് തന്റെ വാസനാപ്രേരണയാൽ ചെലവും ബുദ്ധിമുട്ടും ചിന്തിക്കാതെ ഒന്നു മുതിർന്നു. വിവാഹകർമ്മത്തിന്റെ നിവർത്തനത്തിൽ സാമാന്യേന ആഗ്രഹോഷ്ണം ക്ലേശിപ്പിക്കുന്നതു സ്ത്രീഗൃഹക്കാരെ ആണല്ലൊ. ഈ ലോകതത്ത്വം ഗ്രഹിച്ചിരുന്ന അജിതസിംഹൻ തന്റെ പാർപ്പിടത്തിനു മുമ്പിൽ ഒരു മഞ്ചലും മഞ്ചൽസംഘക്കാരെയും കണ്ടപ്പോൾ "ഉണ്ണിത്താന്റെ ആൾക്കാരല്ലേ?" എന്ന് അരുളിച്ചെയ്‌വാൻ കനിഞ്ഞു. "അടിയൻ" എന്നുണ്ടായ മറുപടി കേട്ടു സൂര്യവംശത്തിനു ചേർന്നുള്ള ഭാസ്കരോഷ്മാവോടെ ഒന്നു പരിസരവീക്ഷണം ചെയ്തപ്പോൾ കുപ്പായക്കാരായ പുരമ്പുകാരും രണ്ടുമൂന്നു മുന്നിലപ്പുള്ളിക്കാരുംകൂടി ഉണ്ടെന്നു കണ്ടു. "ഉണ്ണിസ്താൻ വഹതിരു നല്ലോണം തയച്ചുള്ള വർഗ്ഗത്തില്" എന്ന് അഭിപ്രായപ്പെട്ടുകൊണ്ടു വേഗത്തിൽ പള്ളിനീരാട്ടും അമൃതേത്തും കഴിച്ചു ഘോഷയാത്ര ആരംഭിച്ചു. ഇട്ടുണ്ണികാര്യക്കാരെ അനുകരിച്ചു കണ്ണുകളിൽ നീലാഞ്ജനവും പല്ലവാംഗികളുടെ കോമളാധരങ്ങളെയും ലജ്ജിപ്പിക്കുമാറു ശോണപ്രഭമായ രേഖകളാൽ വിരാജമാനമായുള്ള പരിവട്ടങ്ങളും ചാർത്തി കേശമീശകളെ കോതിഒതുക്കി ചെംകുങ്കുമക്കുറികൾകൊണ്ടു ലലാടസ്കന്ധവക്ഷസ്സുകളെ ആഗ്നേയമാക്കി നാല് അകമ്പടിക്കാർ വാളുകളേന്തി മുന്നകമ്പടിയായി നടന്നും ഒരു മുന്നിലക്കാരൻ വഴികാട്ടിയും ശേഷം പരിജനങ്ങൾ പിന്നകമ്പടി സേവിച്ചും അജിതസിംഹരാജാവു പൂണുനൂലും മിനുക്കി ശസ്ത്രക്രിയയ്ക്കടങ്ങിയവനെന്നപോലെ മഞ്ചലിൽ മലർന്നുകിടന്നപ്പോൾ, മഞ്ചൽക്കാർ 'അന്ദേഹേ ആദേഹേ' എന്നുള്ള വിളികളോടെ നടയൻകുതിരകളുടെ രീതിയിൽ ചുവടുവച്ചു പാഞ്ഞുതുടങ്ങി. പരിസരദേശങ്ങളിലുള്ള അനാഗരികന്മാർ ഈ ഇദംപ്രഥമമായി കിട്ടുന്ന ഘോഷയാത്രാസന്ദർശനത്തിനു പാഞ്ഞെത്തി. കന്നുകാലികൾ തല ഉയർത്തി, വാലുകൾ പൊക്കി പുറംകാലുകൾ മേല്പോട്ടെറിഞ്ഞു മഞ്ചൽപ്പാട്ടിന്റെ താളം ഒപ്പിച്ചു വിരണ്ടു മണ്ടി. ഇളംതളിരുകളുടെ ഭുക്തികൊണ്ട് ഉന്മത്തരായിത്തീർന്നിട്ടുള്ള ചില ഋഷഭക്കുട്ടന്മാർ മുന്നോട്ടു നീങ്ങാതെ കണ്ണുകൾ തുറിച്ചു, കൊമ്പു താഴ്ത്തി അജിതസിംഹനെ അഭിവാദ്യം ചെയ്തു. തങ്ങളുടെ വിശ്രമത്തിന്റെ ഭഞ്ജകനായുള്ള ആ ധൂർത്തന്റെ നേർക്കു മറ്റു ചിലർ മസ്തകസ്ഥങ്ങൾ ആയ ആയുധയുഗ്മങ്ങൾ ചൂണ്ടി ചില അടവുകൾ പ്രയോഗിപ്പാൻ പാഞ്ഞടുത്തു. അജിതസിംഹൻ പാർശ്വവർത്തിയായി ഓടുന്ന മുതല്പേരോടു വിവാഹഗൃഹത്തിലേക്ക് എത്ര ദൂരം ഉണ്ടെന്ന് അറിവാൻ "അങ്ങട്ടക്ക് ഇനി നായിക" എന്ന പ്രശ്നാംശത്തെ മൊഴിഞ്ഞപ്പോൾ "നായിക" പദത്തെ അവഗ്രഹണംചെയ്ത് ഭടപ്രധാനി സാവിത്രിക്കുട്ടിയെക്കുറിച്ചുള്ള എന്തോ അന്വേഷണമാണെന്നു ചിന്തിച്ച് "എഴുന്നള്ളത്തോടുകൂടിത്തന്നെ പോന്നേക്കും" എന്ന് ഉണർത്തിച്ചു. ബബ്‌ലേശ്വരൻ കുഴങ്ങി, കഥയെന്താണെന്നു മഞ്ചൽത്തടിയോടുതന്നെ ചോദിച്ചു. തന്റെ പ്രശ്നത്തിന്റെ സങ്കോചിപ്പുകൊണ്ടു ഭാവം സൂക്ഷ്മമായി

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/157&oldid=167991" എന്ന താളിൽനിന്ന് ശേഖരിച്ചത്