താൾ:Ramarajabahadoor.djvu/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


എത്തി ഗൃഹനായികയുടെ ആജ്ഞകൾ കാത്തുനിന്നു. തെക്കുള്ള കുന്നിൽ പാളയം അടിച്ചിരിക്കുന്ന 'നവകോടിനാരായണൻചെട്ടിയാർ' ചിലമ്പിനഴിയത്തുകാരുടെ കണ്ണുകളിൽ മണ്ണിട്ടു വല്ല കണ്ണാടിച്ചില്ലും വിറ്റ് ഒന്നുരണ്ടു 'ജാളിക' ഇന്നു പുറത്താക്കും എന്നു ചിന്തിച്ചു ഗ്രാമവാസികൾ ഗോപുരദ്വാരത്തുള്ള ആനക്കൊട്ടിലിൽ സഞ്ചയിച്ചു.

ഗൗണ്ഡന്റെ കണ്ണുകൾ അന്തഃക്ഷീണത്തിന്റെ ലക്ഷ്യമായി അടഞ്ഞുപോയിരുന്നു. എന്നാൽ, തന്റെ ശരീരം സ്പർശിക്കുന്നതായ വസ്തുവിനെയും പരിസരത്തെയും ഒന്നുകൂടി കാണ്മാനായി ഇമകളെ വിടുർത്തി ഒന്നു ചുറ്റിനോക്കിയപ്പോൾ, പ്രകൃതിയുടെ സാമാന്യഗതിക്കു വിപരീതമായുള്ള ആ സൃഷ്ടിയെ കാണ്മാൻ സഞ്ചയിച്ചിരുന്ന ബുദ്ധിയിൽ ചിന്തകൾ തള്ളിക്കയറി ആ അജിതപരാക്രമനെയും ക്ഷീണനാക്കി. പൂർവ്വസ്മരണകളുടെ ദ്രുതതരപ്രവാഹം ആ ഗിരികൂടകായനിലെ സന്ധാനാവസ്ഥയെയും ഭഞ്ജിച്ചു. "ഝലം, ഝലം" എന്ന് ആഞ്ഞും പിരിഞ്ഞും അവശതയെ അടക്കാൻ ശക്തനല്ലാതെ പുളഞ്ഞുംകൊണ്ടിരുന്ന വൃദ്ധന്റെ ഉത്തമാംഗത്തിൽനിന്ന് ഒരപേക്ഷ പുറപ്പെട്ടപ്പോൾ, മീനാക്ഷിഅമ്മ തന്നെ പോയി, കനകപ്രകാശം ഇയലുന്ന ഒരു കിണ്ടിയിൽ വെറും പാത്രം എന്നു തോന്നിക്കുന്ന നിർമ്മലജലം കൊണ്ടുവന്നു, അസ്വാധീനഭാവം ഒന്നും കാണിക്കാതെ വൃദ്ധനു കൊടുത്തു. വൃദ്ധൻ വിറകൊള്ളുന്ന കൈകളാൽ അതു വാങ്ങി അടുത്തു വയ്ക്കുക മാത്രം ചെയ്തു. ആ ഭവനം ആ 'മങ്കയാളുടേ'തുതന്നെയോ എന്നു ചോദിച്ചപ്പോൾ, അല്ല, തന്റെ ഭർത്താവിന്റേതാണെന്നും അദ്ദേഹത്തിന്റെ കാരണവരായ ഭാഗ്യവാൻ, ഒരു വിക്രമസിംഹൻ, കാര്യനിർവാവഹണങ്ങളിൽ അതിവിദഗ്ദ്ധൻ, സ്വകുടുംബത്തെക്കുറിച്ച് അത്യഭിമാനി എന്നിങ്ങനെ ആ ദേശം ഭരിച്ചിരുന്ന പ്രമാണിയാൽ പണിചെയ്യപ്പെട്ടതാണെന്നും മീനാക്ഷിഅമ്മ ധരിപ്പിച്ചു. വൃദ്ധന്റെ ഭുജങ്ങൾ ഒരു ഉന്മാദപ്രഹർഷത്താൽ ത്രസിച്ചു. ഗൃഹനായികയുടെ നാവിൽനിന്നു ദ്രാവിഡവാണിയുടെ സമുൽഗളനം ഉണ്ടായതു തന്റെ അവധൂതവേഷാവലംബനത്തിനു മുമ്പിലെ ഏകച്ഛത്രാധിപാവസ്ഥയിലോട്ട് അയാളുടെ സ്മൃതികളെ പ്രത്യാനയിച്ചു. എന്നാൽ ഗൃഹനിർമ്മാതാവിനെക്കുറിച്ചുള്ള പ്രശംസകൾ ആ വികാരഗതിയെ അവസാനിപ്പിച്ചു. മീനാക്ഷിഅമ്മയുടെ ആദരവാചങ്ങൾക്കു പാത്രമായ ആ ധീമാനെ, "അപ്പടിയാ! അപ്പടിയാ!" എന്നുള്ള സമ്മതസ്വനങ്ങൾകൊണ്ടു വൃദ്ധനും അഭിനന്ദിച്ചു. പല ദേശങ്ങളിലെ വിശേഷാവസ്ഥകളും പറഞ്ഞ് ഗൗണ്ഡൻ ആ മഹതിയെ വിനോദിപ്പിച്ചു. മീനാക്ഷിഅമ്മ ആകട്ടെ, അപരിജ്ഞേയമായുള്ള ഒരു കൃപാശക്തിയുടെ സാന്നിദ്ധ്യത്തെ ആത്മേന്ദ്രിയത്തിന്റെ സ്പർശനശക്തിമാർഗ്ഗേണ ഗ്രഹിച്ചു തന്റെ ചിത്തകമലത്തിനുണ്ടാകുന്ന ജീവസ്ഫുരണത്തെ ചിന്തിച്ച് ആശ്ചര്യപ്പെട്ടു. ബാല്യാവസ്ഥയെ പുനരവലംബിച്ചതുപോലെ വർത്തമാനാവസ്ഥകൾ മറന്ന് ആ മഹതിയും ശൈശവകാലാനുഭവങ്ങൾ വർണ്ണിച്ചു. താൻ ശത്രുപക്ഷത്തിന്റെ ശക്തിയെ പ്രവൃദ്ധമാക്കാൻ പ്രയോഗിച്ചുപോയ ഒരു ലേഖനത്തെക്കു

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/145&oldid=167978" എന്ന താളിൽനിന്ന് ശേഖരിച്ചത്