Jump to content

താൾ:Ramarajabahadoor.djvu/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

റിച്ചും അജിതസിംഹനെ ആ മഹതിയുടെ പുത്രിയെ വിവാഹംചെയ്തുകൊള്ളുന്നതിന് അനുവദിച്ചു യാത്രയാക്കിയതിനെപ്പറ്റിയും വൃദ്ധൻ പശ്ചാത്തപിച്ചു. തന്റെ ദുഷ്കൃതിവലയത്തിൽ ആ ഗൃഹത്തെയും അവിടത്തെ ദമ്പതിമാരെയും ബദ്ധരാക്കിക്കൂടെന്നും തന്റെ മഹാഘങ്ങൾ ആ സ്വേച്ഛാബലിയാൽ എങ്കിലും പരിഹരിക്കപ്പെടട്ടേ എന്നും ചിന്തിച്ചു സൂക്ഷ്മത്തിൽ യശഃപ്രാർത്ഥിയായുള്ള വൃദ്ധൻ ദാഹംതീർക്കാതെ എഴുന്നേറ്റു. വസ്ത്രങ്ങൾക്കിടയിൽ തിരുകിയിരുന്നതും തന്റെ സാമർത്ഥ്യത്താൽ ദിവാൻജിക്കുമാത്രം വിറ്റ മോതിരത്തോടു കിടനില്ക്കുന്നതുമായ ഒരു വജ്രമോതിരത്തെ എടുത്ത് മീനാക്ഷിഅമ്മയുടെ മുമ്പിൽ വച്ചു. ആഗതൻ കഴക്കൂട്ടത്ത് എത്തിയിരിക്കുന്ന വ്യാപാരസംഘത്തിന്റെ തലവനാണെന്ന് ഇതിനിടയിൽത്തന്നെ മീനാക്ഷിഅമ്മ ഊഹിച്ചിരുന്നു. അംഗുലീയത്തിലെ വജ്രങ്ങൾ സ്ഫുരിപ്പിച്ച വിവിധ ദ്യുതികൾ കണ്ട് അതിന്റെ വിലയെ സൂക്ഷ്മമായി നിർണ്ണയപ്പെടുത്തിയ മീനാക്ഷിഅമ്മ അത്ര വിലയേറിയ ഒരു സാധനം ഭർത്താവിന്റെ അനുമതികൂടാതെ വാങ്ങിച്ചുകൂടെന്നു വാദിച്ചു. ആ അനുമതിലബ്ധിക്കുശേഷം വില തന്നാൽ മതിയെന്നും അദ്ദേഹം നിശ്ചയിക്കുന്ന വില സ്വീകരിച്ചുകൊള്ളാമെന്നും പറഞ്ഞു മോതിരത്തെ പടിയിൽ വച്ചിട്ടു വൃദ്ധൻ നടകൊണ്ടുകളഞ്ഞു. കഷ്ടമേ! ഇതും മൂർച്ഛിച്ചിരിക്കുന്ന ഗൃഹച്ഛിദ്രത്തെ ദാമ്പത്യഖണ്ഡനമായിത്തീർക്കുന്നതിനുള്ള ഒരു വജ്രായുധമായി പരിണമിക്കും എന്ന വസ്തുത ആ മഹതി ഗ്രഹിക്കുന്നില്ല.

ഒരു നവമിചന്ദ്രന്റെ ശൃംഗങ്ങൾ കഴക്കൂട്ടം ഗ്രാമത്തിന്റെ പശ്ചിമപരിധിയായുള്ള നാളികേരതരുശിഖരങ്ങളുടെ ഇടയിൽ മറയുന്നു. കിഴക്കുതെക്കുള്ള ചെറുകുന്നിലെ കാട്ടിനിടയിൽ കാണുന്ന പല കൂടാരങ്ങളും അതുകൾക്കകത്തെ അതിയായ ദീപപ്രസരവും ഗൗണ്ഡവ്യാപാരത്തിന്റെ പ്രവർത്തനോന്മേഷത്തെ ദ്യോതിപ്പിക്കുന്നു. ശൂലധരന്മാർ അകത്തുള്ള സമ്പത്തുക്കളെ സംരക്ഷിച്ചു റോന്തുചുറ്റി ഉന്മേഷഗാനങ്ങളും പാടി സഞ്ചരിക്കുന്നു. തിരുവനന്തപുരത്തെ പാർപ്പിനിടയിൽ ഈ പരിജനസംഘത്തെ നിശബ്ദന്മാരാക്കിയിരുന്ന ഉഗ്രനിബന്ധനകൾ ശ്ലഥങ്ങൾ ആയിരിക്കുന്നു. ഹിന്ദുസ്ഥാനിഗാനങ്ങൾ സമീപദേശങ്ങളിലെ ഭവനങ്ങളിൽ പ്രതിധ്വനിച്ചു ഗൗണ്ഡപ്രതാപത്തെ ഉച്ചൈസ്തരം കീർത്തിക്കുന്നു. വിക്രമരാശികളുടെ സങ്കേതമായിരുന്ന ആ സ്ഥലത്തെ പരിപാലനം ചെയ്ത് ഒരു സർവ്വംഭക്ഷകന്റെ തൃഷ്ണാഗ്നിയിൽ ആഹൂതയായ ചാമുണ്ഡിയും ഗൗണ്ഡന്റെ സമാഗമത്തിൽ പുനരവതീർണ്ണയായി, ഒരു ഇന്ദ്രഖഡ്ഗനിപാതംകൊണ്ടു വിശ്വയന്ത്രഭ്രമണത്തിന്റെ ഋജുഗതിയെക്കുറിച്ചു അഭ്യസ്ഥരാക്കുവാൻ തന്റെ ദ്വിസഹസ്രഹസ്തങ്ങളും കൊട്ടി ലോകത്തെ ഉണർത്തുന്നു. ഈ അദൃശ്യപ്രവർത്തനത്തെയും സമീപസ്ഥമായുള്ള സംഹാരശക്തിയുടെ ത്രിനേത്രത്വത്തെയും ചിന്തിക്കാതെ ഗൗണ്ഡൻ പാളയത്തിൽനിന്നു ലഘുവായുള്ള ഒരു മുണ്ടും കുപ്പായവും മാത്രം ധരിച്ച്, ചെറിയ ഒരു തോക്കും തിരുകി, ദൈർഘ്യം കുറഞ്ഞതായ ഒരു വടിവാളും ഊന്നി, നഗ്നശിര

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/146&oldid=167979" എന്ന താളിൽനിന്ന് ശേഖരിച്ചത്