താൾ:Ramarajabahadoor.djvu/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പോലെ പാദകവചകങ്ങൾകൊണ്ട് അവിടത്തെ മണൽത്തരികളെ വീണ്ടുംവീണ്ടും തലോടുകമാത്രം ചെയ്യുന്നു. ആദരാശ്ചര്യങ്ങളോടെ മീനാക്ഷിഅമ്മ വരാന്തയിലെ വടക്കുഭാഗത്തോട്ടു നീങ്ങി നിരചാരി നിലകൊള്ളുന്നു. ആഗതനായ ഭൂതത്താൻ ആ ഗൃഹനായികയുടെ രൂപത്തെ ആപാദമസ്തകം പരിശോധിച്ചപ്പോൾ, കണ്ഠപ്രദേശം കഫനിബിഡതയാൽ അടയുകയും അധഃകോശം ശ്വാസത്തിന്റെ നിർഗ്ഗമനത്തിനായി ബലംപ്രയോഗിക്കുകയും ചെയ്തു. ആ അതികായനും അമർത്താൻ പാടില്ലാത്തതായ ചില നിരർത്ഥാക്രോശങ്ങൾ ഗളിതങ്ങളായിപ്പോയി. വികൃതാകാരനായ ഒരു വിദേശീയൻ വിശേഷതരത്തിലുള്ള വേഷം അവലംബിച്ച് ഏകാകിനിയായി താമസിക്കുന്ന തന്നെ കാണ്മാൻ പുറപ്പെട്ടു, ക്ഷീണസൂചകമായുള്ള പ്രാകൃതത്വങ്ങൾ പ്രകടിപ്പിച്ചപ്പോൾ, താൻ അനുഭവിക്കുന്ന കഷ്ടതകൾകൊണ്ടും ദുർവ്വിധിയാകുന്ന ക്രൂരശക്തി തൃപ്തിപ്പെടാതെ ഒരു നവവിപത്തിനെക്കൂടി തന്റെ ശിരസ്സിൽ നിപാതംചെയ്യിക്കുന്നുവോ എന്ന് മീനാക്ഷിഅമ്മ സംഭ്രമിച്ചുപോയി.

ആ സന്ദർഭത്തിൽ മാതാവിനെ സമാശ്വസിപ്പിക്കുന്നതിന് സാവിത്രി കൂടി ഉണ്ടായിരുന്നെങ്കിൽ നന്തിയത്തുമഠത്തെ സന്ദർശിപ്പാൻ ഉണ്ണിത്താന്റെ അസാന്നിദ്ധ്യവേളകളിൽ എത്തിക്കൊണ്ടിരുന്ന പണ്ടാരം മറ്റൊരു വേഷംകെട്ടി എത്തിയിരിക്കുകയാണ് എന്ന് ആ കന്യക ധരിപ്പിക്കുമായിരുന്നു.

സമ്പൽകേന്ദ്രമായുള്ള ചിലമ്പിനേത്തുഗൃഹം സന്ദർശിപ്പാൻ മാണിക്കഗൗണ്ഡൻ ആയ ധനാരാധകൻ പുറപ്പെട്ടത് ഒരത്ഭൂതസംഭവമായി പരിഗണിക്കേണ്ടതില്ലല്ലോ. ഇദ്ദേഹം തിരുവിതാംകൂറിലെ പല സ്ഥലങ്ങളും ഭവനങ്ങളും സന്ദർശിച്ചിരുന്നു എങ്കിലും ഈ ചിലമ്പിനേത്തുഭവനത്തെ അദ്ദേഹത്തിന്റെ പാദപാംസുക്കൾകൊണ്ടു പരിശുദ്ധമാക്കാൻ ഇതിനുമുമ്പു പുറപ്പെട്ടിട്ടില്ലായിരുന്നു. രാജകക്ഷിയോടുള്ള സുസ്ഥിരബന്ധുത്വത്തെ ചിന്തിക്കുകകൊണ്ടായിരിക്കാം ഉണ്ണിത്താന്റെ അഭിമുഖപരിചയം സമ്പാദിപ്പാനും ഇദ്ദേഹം ശ്രമിച്ചില്ല. ആന്തരമായുള്ള എന്തോ മഹാശക്തിയുടെ പ്രേരണയാലോ അനിതരസാമാന്യമായുള്ള കൗടില്യത്തിന്റെ തിരത്തള്ളലാലോ പുറപ്പെട്ടിരിക്കുന്ന ഗൗണ്ഡൻ ഭവനത്തോടടുക്കെ അംഗുലംപ്രതി ക്ഷീണപാദൻ ആകുന്നു. മീനാക്ഷിഅമ്മയെ കണ്ടതിനുമേലുള്ള യാത്ര കേവലം ഒരു നിശ്ചേഷ്ടവിഗ്രഹത്തിന്റേതായിരുന്നു. വരാന്തയോട് അടുത്തപ്പോൾ ആ ഈശ്വരവിദ്വേഷി "ദേവി!" എന്ന് ആക്രോശിച്ചു കൊണ്ട് അവിടെ പൃഷ്ഠംകുത്തി വീണുപോയി. ആദിത്യഭഗവാന്റെ തേജോമയമുഖം ആ ദർശനത്തിൽ മ്ലാനമായി. പീതാംബരഖണ്ഡങ്ങൾപോലെ അവിടവിടെ ചലിച്ചുകൊണ്ടിരുന്ന മേഘശകലങ്ങൾ സ്വരൂപിച്ചു ജയദ്രഥവധത്തിൽ സുദർശനചക്രം അനുഷ്ഠിച്ച കർമ്മത്തെ സാധിച്ചു. ആകാശം മന്ദപ്രഭമായി. വൃക്ഷലതാദികൾ തങ്ങളുടെ ഉന്മേഷനൃത്തങ്ങൾ അവസാനിപ്പിച്ചു. ഭൃത്യസംഘം ഈ അപൂർവ്വാതിഥിയെ സല്ക്കരിപ്പാൻ എന്നപോലെ മുറ്റത്തിന്റെ വടക്കുഭാഗത്തുള്ള വാതിലിൽ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/144&oldid=167977" എന്ന താളിൽനിന്ന് ശേഖരിച്ചത്