താൾ:Ramarajabahadoor.djvu/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഘർഷണംചെയ്തു രത്നപ്രകാശത്തെ തെളിയിപ്പതായ വജ്രശാണയാണെന്നു രാജശക്തിയോടു ഇടഞ്ഞ ആ സമഗ്രവീരന്മാരെ പരിഗണിക്കരുതോ? എന്തോ? പരമാർത്ഥം ഭഗവാൻ അറിയട്ടെ. മാതാമഹിയായ ഭാഗ്യവതിയുടെ ജഡസ്ഥാപനംചെയ്തുള്ള മന്ത്രക്കൂടമായ പുണ്യഭവനത്തെ ഒന്നു ദർശിപ്പാൻ നടകൊണ്ടാലോ? ഭർത്താവിന്റെ അനുമതികൂടാതെ ഗൃഹത്തിന്റെ അന്തഃപ്രദേശംവിട്ടുള്ള നിർഗ്ഗമനം അവിഹിതം. തന്നെ വിനോദിപ്പിച്ചു ശുശ്രൂഷിച്ചു, പരിലാളിച്ചു, ജീവനു തുല്യം സ്നേഹിച്ചുവളർത്തിയ ആ ഭക്തോത്തംസമായ വൃദ്ധനും ചരമാവസ്ഥയിൽ മാതാമഹിയുടെ പാദപരിസരത്തിൽത്തന്നെ പരിസേവനവാസം ചെയ്യുന്നു. ഹാ! ആ കാലത്തെ ദുരന്തം വിചാരിക്കുമ്പോൾ-

ഈ ചിന്തയിൽ എത്തിയപ്പോൾ ജഗദണ്ഡദ്ധ്വംസകനെന്നപോലുള്ള ഒരു മഹിഷസ്വരൂപൻ ദ്വാരപ്രദേശത്ത് അവതീർണ്ണനാകുന്നു. കസവിന്റെ ദീപ്തികൊണ്ട് ഏറ്റവും പ്രകാശിക്കുന്ന കുറുംകുപ്പായവും ഒരു ഉരുളിയോളം വട്ടത്തിലുള്ള പട്ടാംബരത്തലക്കെട്ടും പത്തിരുപതു മുഴം നീളമുള്ള സോമൻകൊണ്ടു ഞൊറിഞ്ഞു ധരിച്ചിട്ടുള്ള കുത്തിയുടുപ്പും മരമറുപ്പുശബ്ദംപോലെ കർണ്ണാരുന്തുദമായുള്ള ഒരു ഘർഷണധ്വനി പുറപ്പെടുവിക്കുന്ന ചെരിപ്പുകളും ജടകെട്ടിയുള്ള വട്ടത്താടി മാത്രം മുന്നിട്ടുകാണുന്ന മുഖവും രണ്ടായി മടക്കി തോളിലിട്ടിട്ടുള്ള കാശ്മീരസാൽവയും ചേർന്നുള്ള വേഷം ദ്വാരപ്രദേശത്ത് എത്തിയപ്പോൾ, കവർച്ചചെയ്‌വാൻ ഉദ്യുക്തനായവൻ ഗൃഹരക്ഷികളെക്കണ്ടു സ്തബ്ധനായിത്തീരുന്നതുപോലെ നിന്നുപോകുന്നു. പാണ്ഡ്യദേശങ്ങളിൽ പാർത്തു മുമ്പിൽ കാണുന്നതുപോലുള്ള വേഷങ്ങളോടു ധാരാളം പരിചയപ്പെട്ടിരുന്ന മീനാക്ഷിഅമ്മ ആദരത്തോടെ എഴുന്നേറ്റുനില്ക്കുന്നു. ആഗതന്റെ മുഖപിണ്ഡം ചിന്താവേഗത്താൽ ചലിച്ചിളകുന്നു. കുപ്പായത്തിന്റെ കൈയുറകളിൽനിന്നു ലംബങ്ങളായുള്ള മുഷ്ടിക്കുഴവികളും ചടുലപത്രങ്ങൾപോലെ വിറകൊള്ളുന്നു. ആ സ്ഥൂലാകാരൻ ശ്വാസോച്ഛ്വാസശൂന്യനായി ഭവനസൗധാദികളെ വിക്രയാർത്ഥം പരിശോധിക്കുന്നതുപോലെ സൂക്ഷ്മവീക്ഷണം ചെയ്യുന്നു.

ഈ ക്രിയയ്ക്കിടയിൽ അപൂർവ്വമായ വിസ്തൃതിയും ഘനവും ചേർന്നുള്ള ആ ശരീരം അന്തഃസംരംഭത്താൽ ചാഞ്ചാടിപ്പോകുന്നു. സ്മൃതിപുടസ്ഥങ്ങളായുള്ള അക്ഷികൾ എത്ര ദൂരത്തും എത്ര കാലത്തിനു മുമ്പും എന്തെന്തു കണികാമാത്രങ്ങളായ അവസ്ഥകളെയും ചില സ്ഥിതിവിശേഷങ്ങളിൽ ദർശിച്ചുപോകുമെന്ന് അനുഭവത്താലോ ആത്മശാസ്ത്രാഭ്യസനത്താലോ ഗ്രഹിക്കേണ്ടതാണ്. മീനാക്ഷിഅമ്മയ്ക്ക് അഭിമുഖമായി നീങ്ങുന്ന ആ ഭീമമുഖത്തിലെ വല്ലിക്കുടിലിൽ നിഗൂഢങ്ങളായി സ്ഥിതിചെയ്യുന്ന ദീർഘാധരങ്ങൾ മന്ദസ്മേരകർമ്മമായി മന്ദചലനം ചെയ്യുന്നു. മുറ്റത്തോട്ടു നീങ്ങിത്തുടങ്ങിയ വേഷം പുറംതിരിഞ്ഞ് ദ്വാരപ്രദേശത്തിലെ പണികളെ സസ്നേഹം വീണ്ടും കടാക്ഷിക്കുന്നു. ഗൃഹാങ്കണത്തെ തരണംചെയ്യുന്നതിനിടയിൽ സ്നേഹപ്രകർഷത്താൽ എന്ന

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/143&oldid=167976" എന്ന താളിൽനിന്ന് ശേഖരിച്ചത്