താൾ:Ramarajabahadoor.djvu/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആ ഭവനക്കല്ലറകൾക്കുള്ളിൽത്തന്നെ ഇന്നും ശോഭിക്കുന്നു. ചിലമ്പിനഴിയത്തെ ഭൂലക്ഷ്മി ചന്ത്രക്കാരന്റെ സമാരാധനകാലത്തെന്നതുപോലെതന്നെ ഫലം നല്കി അനന്തരഭജനക്കാരനെയും അനുഗ്രഹിക്കുന്നു. സ്വയം സ്വീകൃതയായ ഭാര്യയുടെ സംഗതിയിൽ തിതിക്ഷുവീര്യത്തെ ഉണ്ണിത്താൻ പ്രകടിപ്പിച്ചു. എങ്കിലും സമ്പൽലക്ഷ്മിയെ നിരുദാസീനമായും ഗാഢമായ സ്നേഹത്തോടും പരിലാളിച്ചുവന്നു. എങ്കിലും ഗൃഹനായകന്റെ സാന്നിദ്ധ്യമോ വേണ്ടുവോളം പരിചാരികന്മാരുടെ സഞ്ചാരമോ കൂടാതെ കഴിയുന്ന ആ ഭവനത്തിൽ ജ്യേഷ്ഠാപാദങ്ങളുടെ സ്പർശം സംഭവിച്ചതുപോലുള്ള ഒരു വൈലക്ഷണ്യം കാണുന്നു.

പുത്രിയെ തന്നിൽനിന്നും വേർപെടുത്തിയ നിഷ്കരുണത്വത്തെക്കുറിച്ചു സദാ ഓർത്തു ക്ഷണംപ്രതി പെരുകിവരുന്ന ആധിയോടെ മീനാക്ഷിഅമ്മ ശയ്യോപകരണങ്ങൾ ഒന്നും കൂടാതെ ചിലമ്പിനേത്തു ഭവനത്തിന്റെ മുൻതളപ്പടിയിൽ കിടന്നു കണ്ണുനീർ തുടയ്ക്കുന്നു. കൃപാർദ്രമനസ്കതയും ഭൂതദയാസമ്പത്തുംകൊണ്ടു സാക്ഷാൽ ശ്രീനാരായണനോടുതന്നെ സമാനഭാവൻ എന്നുള്ള ആദരത്തെ തന്നിൽനിന്നു വശീകരിച്ച ഭർത്താവ് ദുസ്സംശയങ്ങൾക്ക് അധീനനായതിന്റെ ശേഷവും തന്നോടുള്ള സഹവാസത്തെ അവസാനിപ്പിച്ചു ലോകപരിഹാസത്തിനു തന്നെ പാത്രീഭവിപ്പിക്കാൻ ഒരുമ്പെട്ടില്ല. സ്ത്രീകൾക്ക് അത്യാവശ്യം പുരുഷരക്ഷ ഉണ്ടായിരിക്കേണ്ടതായ ഈ യുദ്ധകാലത്ത് തന്നെയും തന്റെ സന്താനവല്ലിയെയും വേർപെടുത്തി ദൂരസ്ഥകളാക്കാൻ ആ ധാർമ്മികനെ പ്രേരിപ്പിച്ച തന്റെ ദുർവ്വിധിപാകം ജീവനാളത്തെത്തന്നെ വിച്ഛേദിച്ചുതുടങ്ങിയിരിക്കുന്നു. സാവിത്രി അച്ഛന്റെ കൃപാഹീനതയെയും ശാഠ്യത്തെയും ഭർത്സിച്ചുവരുകയും ആജ്ഞയെ അനാദരിപ്പാൻ സന്നദ്ധയായിരിക്കുകയും ചെയ്യുന്നു എങ്കിലും ഈ സാധ്വി തന്റെ ഭർത്താവ് എന്തോ ദുഷ്കാലവൈപരീത്യത്താൽ പരിഭൂതനാകുന്നു എന്നു സമാധാനപ്പെട്ടു, തന്റെ ജീവാത്മാവിനെ ഭർത്തൃപാർഷ്ണികളെ അനുഗമിപ്പിച്ചു ജഡമാത്രമായി ഭർത്തൃഗൃഹത്തിലെ ബന്ധനത്തിനു വഴങ്ങി പാർക്കുന്നു. പരിചിതങ്ങളായ അനുഭവങ്ങൾക്ക് ആസക്തയാകാതെ സ്തബ്ധവൃത്തിയായും ഭാവനാവൈഭവങ്ങൾ മന്ദീഭവിച്ചും കേവലം ഉപവാസാനുഷ്ഠകിയായിത്തീർന്നിരിക്കുന്ന ആ മഹതി ദക്ഷിണഭാഗത്തുള്ള തന്റെ കുടുംബഗൃഹമായ മന്ത്രക്കൂടത്തുവച്ചു ഭർത്തൃസ്വീകാരത്തിനു മുമ്പ് അനുഷ്ഠിച്ച അജ്ഞാതവാസത്തെയും അക്കാലത്തു തന്റെ കാമുകൻ പ്രകടിപ്പിച്ച രസികചാപല്യങ്ങളെയും സ്മരിച്ചും കിഴക്കേ ദ്വാരപ്രദേശത്തിലോട്ടു സദാ സ്വിരവീക്ഷണയായി ഭർത്താവിന്റെയും പുത്രിയുടെയും പ്രത്യാഗമനത്തെ പ്രാർത്ഥിച്ചും സമയം പോക്കുന്നു.

ആ മഹാഭവനത്തിന്റെ പടിയിന്മേൽ ഒരു ശിശു എന്നപോലെ ചുരുണ്ടുകിടക്കുന്ന മലിനവസ്ത്രക്കാരി ഈ മുഹൂർത്തത്തിലും സ്വകുടുംബദുഷ്കൃതികളുടെ പാപഫലത്തെ താൻ അനുഭവിക്കുന്നു എന്നു ചിന്തിച്ചുപോകുന്നു. ദുഷ്കൃതികളോ? രാജശക്തിയാകുന്ന ശിലാഖണ്ഡത്തെ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/142&oldid=167975" എന്ന താളിൽനിന്ന് ശേഖരിച്ചത്