താൾ:Ramarajabahadoor.djvu/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


സൈന്യങ്ങൾ ഇന്നു രാജാജ്ഞകൾ നിർവ്വഹിക്കുന്നുവോ? അതെല്ലാം ഇന്നു കണ്ട്, നാളെ നശിക്കുന്നു. നാം ആരുടെ പ്രീതിയെയും കാംക്ഷിക്കുന്നില്ല. അതിനാൽ കൂസേണ്ട പുരുഷൻ ആരെന്നു പേർ പറയുക. നമുക്കും ബോദ്ധ്യമാകണം."

രാജദ്രോഹകമായുള്ള ഭട്ടാജിയുടെ ഈ അഹങ്കാരത്തിന് ഉചിതദണ്ഡനം നല്കാൻ തന്റെ ഖഡ്ഗത്തെക്കൂടി കൊണ്ടുപോന്നില്ലല്ലോ എന്നുള്ള വ്യസനത്തെ തിരുമലരായർ ഗോപനംകൂടാതെ അഭിനയിച്ചു. ഗൃധ്രനേത്രനായ ഭട്ടൻ രായരുടെ അന്തർവിചാരത്തെ ഗ്രഹിച്ചു ദുരാപത്തുകളുടെ അനുഭവവും ബഹുസംവത്സരത്തിലെ ദേശാന്തരസഞ്ചാരവും കൊണ്ടു ബുദ്ധിക്കു വികൃതമായ ഒരു സംസ്കൃതി വന്നിട്ടുള്ള ഭട്ടൻ വ്യാജകഥനത്തിനുതന്നെ കോപ്പിട്ടു. "ഹേ! രാജമന്ത്രിമാരിൽ തിരുമലരായർ ഒരു ദേവഗുരുവാണെന്നു കേട്ടിട്ടുണ്ട്. ഇപ്പോൾ മാത്രം അസുരഗുരുവായ വികലനേത്രൻ ആണെന്ന് അറിയുന്നു. ആരും കണ്ടിട്ടും അറിഞ്ഞിട്ടുമില്ലാത്ത ശക്തിയുടെ കൃപയാൽ നാം ഇരുനൂറു വസന്തം കണ്ടിട്ടുണ്ട്. ഇനി അത്രത്തോളമെങ്കിലും കാണാതെ അവസാനസമാധിക്കു തയ്യാറില്ല. പണ്ട് ആരുടെയോ അമ്പുകൾ പൂക്കളായില്ലേ? അതുപോലെ ഈ കഴുത്തിനു നേർക്കു വരുന്ന വാളുകൾ പൂണുനൂലുകളാകും. എന്താണു ചിരിക്കാൻ ഒരുങ്ങുന്നത്?"

ഭട്ടന്റെ നാട്യവും ഭാഷാക്രമവും ആത്മപ്രശംസകളും യോജിക്കാത്തതിനാൽ തിരുമലരായർ അവിടെനിന്നു പിരിയുന്നതിനു വട്ടംകൂട്ടി.

ഭട്ടൻ: "നില്ക്കണേ! രാമരാജാബഹദൂർ എന്നൊരു പദം നിങ്ങളുടെ വിസ്രംഭസംഭാഷണത്തിൽ ഉപയോഗിച്ചല്ലോ? ബുദ്ധിമാനായ ഹൈദർഖാൻ ആ രാജാവിനെ തോല്പിക്കാൻ ഒരു മഹായോഗിയെ നിയോഗിച്ചു. ആ യോഗീശ്വരന് സ്വാമി ഗാംഗുറാം, ഹൈദർഖാൻ തിരുമനസ്സിലെ കല്പനയനുസരിച്ച് ശൃംഗേരിമഠത്തിലേക്കു ചേർന്നുള്ള അവസ്ഥയോടെ ആ രാജ്യത്തിൽ പെരുമാറുന്നതിനുവേണ്ട ദ്രവ്യം അയച്ചുകൊണ്ടിരുന്നു."

തന്റെ മുമ്പിലിരിക്കുന്ന കുടിലവൃദ്ധൻ സ്വസ്വാമികൾ അനുഷ്ഠിച്ചിട്ടുള്ള രാജോപായങ്ങളിലെ മർമ്മരഹസ്യങ്ങൾപോലും ഗ്രഹിച്ചിരിക്കുന്നു എന്നു മനസ്സിലാവുകയാൽ തിരുമലരായർ ആശ്ചര്യഭാരത്താൽ സ്തബ്ധനായി ലോഹപ്രതിമപോലെ നിലകൊണ്ടു. ഭട്ടൻ തിരുവിതാംകൂർരാജ്യത്തിന്റെ പുരാവൃത്തവും ഭൂവിവരണവും രാജകുടുംബസ്ഥിതികളും സേനാസചിവശക്തികളും സംക്ഷേപിച്ച് ഒരു പ്രസംഗം ചെയ്ത്, താൻ നിയമേന മിതഭാഷിയാണെങ്കിലും തന്റെ മനസ്സുകൊണ്ട് ആരാധിക്കുന്ന ടിപ്പുമഹാരാജാവിന്റെ വിജയത്തെ ആഗ്രഹിച്ച് ഇത്രയും ഉപന്യസിച്ചതാണെന്നുകൂടി ധരിപ്പിച്ചു. വിശ്വാമിത്രനായ രാജർഷിക്ക് തുല്യം പ്രഭാവശക്തികൾ ധരിക്കുന്ന ഒരു ഉപദേഷ്ടാവ് തന്റെ സ്വാമിക്കു കിട്ടുന്നു എന്ന് ഒരു ആത്മോദയം ഉണ്ടായിട്ട് അതിന്റെ പ്രേരണയാൽ ഭട്ടജിയുടെ പാദങ്ങളിൽ ദണ്ഡനമസ്കാരം ചെയ്യാൻ തിരുമലരായർ മുന്നോട്ടു ചാഞ്ഞു. ശയ്യയിൽനിന്നു ചാടി താഴത്തിറങ്ങി ഭട്ടൻ ആ പ്രണാമക്രിയയെ തടുത്ത് രായരെ സഹർഷം പരിരംഭണം ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/12&oldid=167950" എന്ന താളിൽനിന്ന് ശേഖരിച്ചത്